ജോര്‍ജ്ജ് കള്ളിവയലില്‍
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂരത്തേക്കാള്‍ എത്രയോ വലിയ മാനങ്ങളുള്ള രാഷ്ട്രീയ പൂരമാണ് ഇന്ത്യന്‍ തെരഞ്ഞെടുപ്പ്. മൊത്തം 96.9 കോടി വോട്ടര്‍മാരും 10.5 ലക്ഷം പോളിംഗ് ബൂത്തുകളുമുള്ള ഇന്ത്യയിലെ തെരഞ്ഞെടുപ്പിനു സമാനമായി ലോകത്ത് മറ്റൊന്നില്ല.
2,400 രാഷ്ട്രീയ പാര്‍ട്ടികളാണു മല്‍സരരംഗത്ത്. ആറ് ആഴ്ച (44 ദിവസം) നീളുന്ന ഏഴു ഘട്ടങ്ങളുള്ള വോട്ടെടുപ്പിന്റെ ആദ്യഘട്ടത്തില്‍ തരക്കേടില്ലാത്ത പോളിംഗ് ശതമാനമാണു രേഖപ്പെടുത്തിയത്. കലാപം കെട്ടടങ്ങാത്ത മണിപ്പുരിലെ പോളിംഗ് ബൂത്തില്‍ ഇന്നലെയും വെടിവയ്പ് ഉണ്ടായി എന്നതു ഞെട്ടിക്കുന്നതായി.
കന്യാകുമാരി മുതല്‍ ജമ്മു കാഷ്മീരിലെ ഉധംപുര്‍ വരെയുള്ള 17 സംസ്ഥാനങ്ങളിലെയും നാലു കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പാണു പൂര്‍ത്തിയായത്.
543 അംഗ പാര്‍ലമെന്റിലെ ഏതാണ്ട് അഞ്ചിലൊന്നു സീറ്റുകളിലാണു ജനം വിധിയെഴുതിയത്. തമിഴ്നാടിന്റെ ബലത്തില്‍ ഇന്ത്യാ സഖ്യം 102ല്‍ 52 സീറ്റുകളിലും ബിജെപി സഖ്യം 48 സീറ്റുകളിലുമാണ് 2019ല്‍ ജയിച്ചത്. ഇതില്‍ കോണ്‍ഗ്രസിന് 14, സഖ്യകക്ഷികള്‍ക്ക് 31 സീറ്റുകളും ബിജെപിക്ക് 35, സഖ്യകക്ഷികള്‍ക്ക് ഏഴ് എന്നിങ്ങനെയായിരുന്നു നില.
വര്‍ഗീയതയുടെ വെല്ലുവിളി
കര്‍ശന പെരുമാറ്റച്ചട്ടം നിലവിലിരിക്കേയാണ് അയോധ്യയിലെ രാമക്ഷേത്രത്തിലെ ശ്രീരാമവിഗ്രഹത്തിന്റെ ഫോട്ടോ വച്ച് ബിജെപിയുടെ ഔദ്യോഗിക എക്സില്‍ (പഴയ ട്വിറ്റര്‍) ട്വീറ്റ് വന്നത്. ‘ഒരു വോട്ടിന്റെ ശക്തി’ എന്ന കുറിപ്പോടെയാണു മതത്തെ കൃത്യമായി ഉപയോഗിച്ച് വോട്ട് അഭ്യര്‍ഥിച്ചത്. അതും ആദ്യ ഘട്ടം വോട്ടെടുപ്പിന്റെ തലേന്ന്.
പക്ഷേ വോട്ടെടുപ്പു കഴിയുംവരെ തെരഞ്ഞെടുപ്പു കമ്മീഷന് നടപടിയെടുത്തില്ല. കണ്ണാടികളും സാങ്കേതിക വിദ്യയും ഉപയോഗിച്ച് രാമനവമി ദിനത്തില്‍ ശ്രീരാമ വിഗ്രഹത്തില്‍ സൂര്യതിലകം ചാര്‍ത്തിയ ഫോട്ടോയെ പ്രണമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തിന്റെ ലക്ഷ്യവും വോട്ടു തന്നെയെന്നതില്‍ ഇലക്ഷന് കമ്മീഷനു പോലും സംശയമുണ്ടാകില്ല.
വോട്ടു നേടാന്‍ മതത്തെയോ വര്‍ഗീയ വികാരങ്ങളെയോ ഉപയോഗിക്കരുതെന്നാണു നിയമം. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 123 (3) വകുപ്പനുസരിച്ച് മതത്തിന്റെ അടിസ്ഥാനത്തില്‍ വോട്ടു തേടുന്നത് അഴിമതിയാണ്. പൂജാരിമാര്‍ക്കു പകരം മോദി നേരിട്ടു രാമക്ഷേത്ര പ്രതിഷ്ഠ നടത്തിയതു വോട്ടുകളുടെ ധ്രൂവീകരണം ലക്ഷ്യമിട്ടായിരുന്നു. അതാകട്ടെ പണി പൂര്‍ത്തിയാകുന്നതിനു മുമ്പ്.
ഒളിഞ്ഞും തെളിഞ്ഞും ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതകളെ താലോലിക്കുന്ന ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യത്തെ വല്ലാത്ത അപകടത്തിലേക്കാണു വലിച്ചിഴച്ചത്. ഇക്കാര്യത്തില്‍ ഏതെങ്കിലും ഒന്നോ രണ്ടോ പാര്‍ട്ടികളെ മാത്രം കുറ്റപ്പെടുത്താനാകില്ല.
ഹാട്രിക് സ്വപ്ന കളികള്‍
നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഹാട്രിക് വിജയം നേടാന്‍ ബിജെപി പയറ്റാവുന്ന അടവുകളെല്ലാം പുറത്തെടുത്തിട്ടുണ്ട്. കേന്ദ്രസര്‍ക്കാരും കോര്‍പറേറ്റ് കുത്തകകളും മുതല്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളും പ്രധാന മാധ്യമങ്ങളും വരെയെല്ലാം മോദിക്കു തുണയാണ്.
തികച്ചും നിഷ്പക്ഷമാകേണ്ട കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ ചില നടപടികളെങ്കിലും പക്ഷപാതപരമാണെന്നു പ്രതിപക്ഷം ആരോപിക്കുന്നതു പാടെ തള്ളാനാകില്ല. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ അടക്കം പ്രതിപക്ഷ നേതാക്കളെ അറസ്റ്റു ചെയ്തു ജയിലില്‍ അടച്ചതിന്റെ അനൗചിത്യം പോലും കമ്മീഷനു പ്രശ്നമല്ല.
പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടിയിലും സുപ്രീംകോടതിയുടെ ഇടപെടല്‍ വേണ്ടിവന്നു. തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കല് നില്ക്കുമ്പോള് പഴയ കേസുകളില്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, സിപിഎം, സിപിഐ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ വേട്ടയാടുന്നതു ജനാധിപത്യത്തെ തകര്‍ക്കുകയാണെന്ന് ആദ്യം തോന്നേണ്ടിയിരുന്നത് ഇലക്ഷന് കമ്മീഷനായിരുന്നു.
പത്തനംതിട്ടയിലെ സ്ഥാനാര്‍ഥി ഡോ. തോമസ് ഐസക്കിനെ ചോദ്യം ചെയ്യുന്നതു വോട്ടെടുപ്പിനു ശേഷം മതിയെന്നു കേരള ഹൈക്കോടതി ഉത്തരവിട്ടതെങ്കിലും മാതൃകയാക്കാമായിരുന്നു. പ്രതിപക്ഷ നേതാക്കളെ തുറുങ്കിലടച്ചും സാമ്പത്തികമായി തകര്‍ത്തും ഏകപക്ഷീയ ജയം നേടിയാല്‍ അതു ജനാധിപത്യമല്ല. രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയതും മറക്കരുതല്ലോ.
വേട്ടയാടലുകള്‍ കാണാതെ!
ഭരണ, പ്രതിപക്ഷങ്ങള്‍ ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ലെവല്‍ പ്ലെയിംഗ് ഫീല്‍ഡ് ഉറപ്പാകുന്നുണ്ടോയെന്നതാണു ചോദ്യം. കേസുകളില്‍ പെടുത്തി പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നതിന്റെ സമയം പ്രധാനമാണ്. അഴിമതിക്കേസുകളില്‍ ഉള്‍പ്പെട്ടവര്‍ കാലുമാറി ബിജെപി പക്ഷത്തെത്തിയാല്‍ കേസുമില്ല, അറസ്റ്റുമില്ലെന്നതു ജനത്തിനു ബോധ്യമായിക്കഴിഞ്ഞു.
അഴിമതിക്കാരെ വെള്ളപൂശുന്ന വാഷിംഗ് മെഷീനും അഴിമതിക്കാരുടെ ഡംപിംഗ് ഗ്രൗണ്ടും ആണു ബിജെപിയെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന നിരവധി സംഭവങ്ങളുണ്ട്. നോട്ട് അസാധുവാക്കല്‍ മുതല്‍ ഇലക്ടറല്‍ ബോണ്ട് വരെയുള്ളവയും അഴിമതിക്കുള്ള മറയായതു ജനാധിപത്യത്തെ അപകടത്തിലാക്കും.
മൂന്നാം തവണ മോദി അധികാരത്തിലേറിയാലും ഇന്ത്യാ സഖ്യം അധികാരം പിടിച്ചാലും ഇന്ത്യയെന്ന രാഷ്ട്രത്തിന് ഏറ്റവും നിര്‍ണായകമായ തെരഞ്ഞെടുപ്പിനാണ് കേരള ജനത വെള്ളിയാഴ്ച പോളിംഗ് ബൂത്തുകളിലേക്കു പോകുന്നത്.
അധികാരം പിടിക്കുമെന്ന് ആവര്‍ത്തിക്കുമെങ്കിലും മോദിക്കും രാഹുലിനും ഇക്കാര്യത്തില്‍ സംശയങ്ങളും ആശങ്കകളും ഏറെയുണ്ട്. ഭരണം കൈവിടാതിരിക്കാനുള്ള മോദിയുടെ തത്രപ്പാടുകള്‍ ചിലപ്പോഴെങ്കിലും പരിധിവിടുന്നുണ്ട്. ആരെ കൂട്ടുപിടിച്ചായാലും മോദിയെ താഴെയിറക്കി ഭരണം തിരികെ പിടിക്കാനാണു കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വെപ്രാളം.
ജനാധിപത്യം വഴിത്തിരിവില്‍
ഇന്ത്യന്‍ ജനാധിപത്യം വഴിത്തിരിവിലാണ്. അധികാരം പിടിച്ചവര്‍ക്ക് അതു കാലങ്ങളോളം നിലനിര്‍ത്തണം. പുറത്തുനില്‍ക്കുന്നവര്‍ക്ക് എങ്ങിനെയും അധികാരക്കസേരയിലെത്തണം. ഇതിനിടയില്‍ സാധാരണക്കാരും കര്‍ഷകരും തൊഴിലാളികളും അടക്കമുള്ളവര്‍ ദുരിതക്കയത്തില്‍ തുടരുന്നതാണ് ഇപ്പോഴത്തെ ജനാധിപത്യത്തിന്റെ ദുരന്തം.
ചെകുത്താനും കടലിനും ഇടയിലാണു ബഹുഭൂരിപക്ഷം ജനങ്ങളും. വിലക്കയറ്റവും തൊഴിലില്ലായ്മയും കാര്‍ഷിക പ്രതിസന്ധിയും മുതല്‍ വര്‍ഗീയവും ജാതീയവും പ്രാദേശികവുമായ ഭിന്നിപ്പുകളുടെ വരെ ഇരകള്‍ സാധാരണക്കാരും ദരിദ്രരുമാണ്.
കേരളം അടക്കമുള്ള 13 സംസ്ഥാനങ്ങളിലെ 89 സീറ്റുകളിലേക്ക് അടുത്ത വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ്. രണ്ടാം ഘട്ടത്തില്‍ ശക്തമായ പോരാട്ടം നടക്കുന്ന കേരളത്തിലെ 20 സീറ്റുകളിലും കര്‍ണാടകയിലെ 14 സീറ്റിലും കോണ്‍ഗ്രസിന് പ്രതീക്ഷിക്കാന്‍ ഏറെയുണ്ട്.
യുഡിഎഫും എല്‍ഡിഎഫും ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായതിനാല്‍ ഇരുപക്ഷത്തും ആരു ജയിച്ചാലും കാര്യമായ വ്യത്യാസമില്ല. കേരളത്തില്‍നിന്ന് ആദ്യമായൊരു ലോക്സഭാ സീറ്റ് തരപ്പെടുത്താനുള്ള ബിജെപിയുടെ മോഹം ഇക്കുറിയും ഫലം കാണുമോയെന്ന് അവര്‍ക്കു പോലും ഉറപ്പുമില്ല.
ബഹുസ്വരതയും സ്വാതന്ത്ര്യവും
ഇന്ത്യയുടെ ഏറ്റവും വലിയ കരുത്തായ ബഹുസ്വരത നിലനിര്‍ത്താനാകണം ഓരോ വോട്ടും ചെയ്യേണ്ടത്. ഭരണഘടനയെ സംരക്ഷിക്കുകയും ശരിയായ ജനാധിപത്യം നിലനിര്‍ത്തുകയും മതനിരപേക്ഷത ഉറപ്പാക്കുകയും വേണം. അതിലേറെ വ്യക്തിസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും അടക്കമുള്ള സ്വാതന്ത്ര്യം പ്രധാനമാണ്.
എന്തു ഭക്ഷണം കഴിക്കണം, എന്തു വസ്ത്രം ധരിക്കണം, ഏതു മതത്തില്‍ വിശ്വസിക്കണം, വിശ്വസിക്കാതിരിക്കണം എന്നതില്‍ അപരനോ സര്‍ക്കാരുകളോ മത-ജാതി- വര്‍ഗീയ ഗ്രുപ്പുകളോ ഇടപെടാന്‍ അനുവദിച്ചുകൂടാ.
പൗരാവകാശങ്ങളും അവസരങ്ങളും സ്ത്രീക്കും പുരുഷനും ഒരുപോലെ ലഭ്യമാകുന്ന സ്ഥിതി ഇപ്പോഴുമില്ല. സ്ത്രീകളോടു മാത്രമല്ല, കുട്ടികളോടും പൊറുക്കാനാകാത്ത അനീതികളും അക്രമങ്ങളും തുടര്‍ക്കഥകളാണ്. ദ
ളിതര്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍, പിന്നാക്ക വിഭാഗങ്ങള്‍ എന്നിവരോടുള്ള അക്രമങ്ങളും വിവേചനങ്ങളും അധിക്ഷേപങ്ങളും അവസാനിപ്പിക്കാന്‍ കൂടിയാകണം വോട്ടവകാശം. സമാധാനവും സുരക്ഷയും പരമപ്രധാനമാണ്. രാജ്യത്തിന്റെയും സമൂഹങ്ങളുടെയും വ്യക്തികളുടെയും സുരക്ഷയും സമാധാനവും ഉറപ്പുവരുത്താന്‍ വിവേചനങ്ങളും ഏകപക്ഷീയ നടപടികളും പാടില്ല.
ജയിക്കണം, നമ്മുടെ ഇന്ത്യ
വ്യക്തികളും കുടുംബങ്ങളുമല്ല, മറിച്ചു രാജ്യമാണു പ്രധാനം. ഒരു വ്യക്തിയിലോ കുടുംബത്തിലോ അധികാരം കേന്ദ്രീകരിച്ചാല്‍ ഏകാധിപത്യമാകും വരുക. ഇന്ത്യയെന്ന മഹത്തായ സംസ്കാരവും ആശയവും കവരാന്‍ ആരെയും അനുവദിച്ചു കൂടാ.
ഒന്നോ, രണ്ടോ വ്യക്തികളിലേക്കോ ഒരു കുടുംബത്തിലേക്കോ ഒരു സംഘടനയിലേക്കോ ഒരു മതത്തിലേക്കോ അധികാരം കേന്ദ്രീകരിക്കുന്നതു വിനാശകരമാണ്. എല്ലാം ഒരു പോലെ ആപത്താണ്. ഏകാധിപതികളും മതരാഷ്ട്രങ്ങളും മുന്നറിയിപ്പായി മുന്നിലുണ്ട്.
പലവിധ പ്രലോഭനങ്ങളും ജാതി മത ചിന്തകളും തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളും ഉണ്ടാകും. അതിനെല്ലാം മുകളിലായി രാജ്യനന്മയും പൊതുനന്മയും മനസിലാക്കാന്‍ കഴിയണം. രാഷ്ട്രീയ പാര്‍ട്ടികളെയും നേതാക്കളെയും സ്ഥാനാര്‍ഥികളെയും വ്യക്തമായി വിലയിരുത്തുക.
തമ്മില്‍ ഭേദം തൊമ്മനെന്ന തത്വമെങ്കിലും വിസ്മരിക്കരുത്. രാജ്യത്തിന്റെയും സാധാരണക്കാരുടെയും അവസ്ഥയില്‍ നിരാശരാവുകയല്ല വേണ്ടത്. വിലപ്പെട്ട വോട്ട് പാഴാക്കരുത്. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ മാത്രം ലഭിക്കുന്ന പൗരന്റെ ഏറ്റവും വലിയ അവകാശം വിവേകപൂര്‍വം ഉപയോഗിക്കുക.
മണിപ്പുരിലെ ‘നീതി’ വേണ്ട
എല്ലാ പൗരന്മാര്ക്കും തുല്യനീതിയും തുല്യാവസരവും ലഭ്യമാകുന്ന ജനാധിപത്യ ഭരണക്രമം ഉണ്ടാകേണ്ടിയിരിക്കുന്നു. ഏതാനും കോര്‍പറേറ്റ് ഭീമന്മാരുടെ പക്കല്‍ പണം കുന്നുകൂടുന്നതല്ല സാമ്പത്തിക വളര്‍ച്ച.
25 കോടിയിലേറെ പേര് ദാരിദ്ര്യരേഖയ്ക്കു താഴെ ഇപ്പോഴും കഴിയുമ്പോഴാണു കുത്തകകള്‍ക്കു കൊള്ളയടിക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കുന്നത്. വികസനവും വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ അടക്കം സാമൂഹ്യ മുന്നേറ്റങ്ങളും എല്ലാവര്ക്കും ലഭ്യമാക്കാതെ രാജ്യം വിജയിച്ചതോ വികസിച്ചതോ ആകില്ല.
സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്ന മുദ്രാവാക്യം പറഞ്ഞുകൊണ്ട് മണിപ്പുരില്‍ ഒരു നീതിയും യുപിയില്‍ മറ്റൊരു നീതിയും അംഗീകരിക്കാനാകില്ല. മതപരവും ജാതീയവും പ്രാദേശികവുമായ വിവേചനങ്ങളും അതിക്രമങ്ങളും പൊറുപ്പിക്കരുത്.
അഴിമതിക്കും കള്ളപ്പണത്തിനുമെതിരേ കുരിശുയുദ്ധം പ്രഖ്യാപിച്ച് അഴിമതി നടത്തുകയും കള്ളപ്പണം വെളുപ്പിക്കുകയും ചെയ്യുന്നതും സമ്മതിക്കരുത്. പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മിലുള്ള അന്തരം തിരിച്ചറിയാന്‍ ഓരോ വോട്ടറും ശ്രമിക്കണം. കബളിപ്പിക്കലും വഞ്ചനയും വിവേചനവും അനീതിയും അക്രമവും നടത്തിയിട്ട് തെരഞ്ഞെടുപ്പു കാലത്തു സുഖിപ്പിക്കലുമായെത്തുന്ന രാഷ്ട്രീയക്കാരെ തിരിച്ചറിയുക.