ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
ഓരോ ജയവും തോൽവിയും ഒരുപോലെ പാഠമാണെന്നു രാഷ്ട്രീയ നേതാക്കൾക്കറിയാം. ജയിച്ചാലും തോറ്റാലും അതിലൊരു സൂചന ഉണ്ടാകും. അടുത്ത തവണ എങ്ങനെ പ്രവർത്തിക്കണമെന്നതിനുള്ള സന്ദേശമാണത്. തെരഞ്ഞെടുപ്പു തോൽവികളിൽനിന്ന് എങ്ങനെ പാഠം പഠിച്ച് വിജയത്തിലെത്താമെന്നു ബിജെപിയും കോണ്‍ഗ്രസും അടക്കമുള്ള പാർട്ടികൾ പലതവണ തെളിയിച്ചിട്ടുണ്ട്.
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലുങ്കാന, മിസോറം നിയമസഭാ തെരഞ്ഞെടുപ്പുഫലം നാളെ അറിയാം. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സെമിഫൈനലായാണ് അഞ്ചു സംസ്ഥാനങ്ങളിലെ ജനവിധിയെ കാണുന്നത്. എക്സിറ്റ് പോളുകൾ പതിവുപോലെ സമ്മിശ്രമായ പ്രവചനങ്ങളാണു നടത്തിയിട്ടുള്ളത്. എക്സിറ്റ് പോളുകളുടെ കാര്യത്തിൽ കൃത്യതയ്ക്ക് ഗ്യാരന്റി ഇല്ലെന്നതാണ് അനുഭവം. ചിലരുടെ ചില പ്രവചനങ്ങൾ ഫലിച്ചേക്കാം. ചിലതൊക്കെ തെറ്റിയ ചരിത്രവുമുണ്ട്.
വോട്ടെണ്ണലും പാർലമെന്റും
അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുഫലം നാളെ പുറത്തുവരുന്നതിന്റെ ആകാംക്ഷയിലാണ് നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും അടക്കമുള്ള നേതാക്കളെല്ലാം. മൂന്നാഴ്ചത്തെ പാർലമെന്റിന്റെ ശീതകാല സമ്മേളനം തിങ്കളാഴ്ചയാണു തുടങ്ങുന്നത്. പ്രതിപക്ഷ ‘ഇന്ത്യ’ സഖ്യത്തിന്റെ രൂപീകരണത്തിനു ശേഷം നരേന്ദ്ര മോദി സർക്കാരിനെതിരേ കൂടുതൽ ശക്തമായി ആഞ്ഞടിക്കാൻ കോണ്‍ഗ്രസിനും ഇതര പാർട്ടികൾക്കും കഴിയുമോയെന്നറിയാൻ നാളത്തെ ഫലങ്ങൾ വരെ നേതാക്കൾ കാത്തിരിക്കും. രാഹുൽ ഗാന്ധി തന്നെയാകും ലോക്സഭയിൽ പ്രതിപക്ഷത്തെ ശ്രദ്ധാകേന്ദ്രം. രാജ്യസഭയിൽ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആണ് പ്രതിപക്ഷത്തിന്റെ വജ്രായുധം.
മണിപ്പുർ കലാപം, വിലക്കയറ്റം, തൊഴിലില്ലായ്മ, കാർഷിക പ്രശ്നങ്ങൾ തുടങ്ങി ജാതി സെൻസസ് വരെ ഉയർത്തി ഇക്കുറിയും സമ്മേളനത്തിന്റെ ആദ്യ ആഴ്ചയിലെങ്കിലും പ്രതിപക്ഷം സഭാ നടപടികൾ തടസപ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല. പുതിയ പാർലമെന്റ് മന്ദിരവുമായി എംപിമാരും മന്ത്രിമാരും ഇണങ്ങിവരുന്നതേയുള്ളൂ. എങ്കിലും പ്രതിഷേധ പരിപാടികൾക്ക് അവധി കൊടുക്കാവുന്ന സ്ഥിതിയല്ല.
ക്രിസ്മസിനു മുന്‍പായി 22 വരെ നടക്കുന്ന ശീതകാല സമ്മേളനത്തിൽ 18 ബില്ലുകളാണ് കേന്ദ്രസർക്കാർ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ക്രിമിനൽ നിയമങ്ങൾക്കു പകരമായുള്ള മൂന്നു ബില്ലുകൾ മുതൽ പാക്കിസ്ഥാൻ അധിനിവേശത്തിൽനിന്നു കുടിയിറക്കപ്പെട്ടവർക്കും കാഷ്മീരി കുടിയേറ്റക്കാർക്കും പ്രാതിനിധ്യം നൽകുന്നതിനായി ജമ്മു കാഷ്മീർ നിയമസഭയുടെ അംഗബലം 107ൽനിന്ന് 114 ആയി ഉയർത്തുന്നതിനുള്ള ബില്ലും, കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ പാസാക്കിയ വനിതാ സംവരണ നിയമത്തിലെ വ്യവസ്ഥകൾ ജമ്മു കാഷ്മീരിലേക്കും പുതുച്ചേരിയിലേക്കും നീട്ടുന്നതിനുള്ള ബില്ലുകളും സമ്മേളനത്തിലെത്തും.
ഭാവി നിർണയിക്കുന്ന സൂചന
ഭാരതമെന്നു മാത്രമാക്കാൻ ശ്രമിക്കുന്ന ഇന്ത്യയുടെ ഭാവി നിശ്ചയിക്കുന്ന നിർണായക തെരഞ്ഞെടുപ്പാകും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പെന്നതിൽ സംശയമില്ല. ഒപ്പം, ഭരണഘടനയും മതേതര മൂല്യങ്ങളും സംരക്ഷിക്കപ്പെടുമോയെന്നതിന്റെ വിധിയെഴുത്തുകൂടിയാകും ഇനിയുള്ളത്. ഡൽഹിയിലെ സിംഹാസനത്തിലേക്കുള്ള വഴി നിയമസഭാ തെരഞ്ഞെടുപ്പിലൂടെയാണ്. കർണാടക മുതൽ തെലുങ്കാന വരെ അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം പതിവിലേറെ വീറും വാശിയും പ്രകടമായതു സ്വാഭാവികം. അതിരുവിട്ട വാഗ്ദാനങ്ങളും വാക്പോരുകളുമെല്ലാം ഇതിന്റെ സൂചനയാണ്. പൊതുതെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പുള്ള ഓരോ വിജയവും തോൽവിയും അണികളിലും പ്രവർത്തകരിലും ആവേശം ഉണർത്തുകയോ തളർത്തുകയോ ചെയ്യും. പൊതുജനങ്ങളുടെ മനസിലും ചലനങ്ങളുണ്ടാക്കും.
എൻഡിഎയിലെ പ്രബല സഖ്യകക്ഷികൾ പലതും മുന്നണി വിട്ടതിനാൽ ബിജെപിക്ക് ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റുവിഭജനം അത്രവലിയ പ്രശ്നമായേക്കില്ല. എന്നാൽ, പ്രതിപക്ഷത്തെ ഇന്ത്യ ബ്ലോക്കിന്റെ സ്ഥിതി അതല്ല. കോണ്‍ഗ്രസിന്റെ സഖ്യത്തിലെ ഇതര പാർട്ടികളുടെയും വിലപേശൽ ശക്തി ജനവിധിയെ ആശ്രയിച്ചായിരിക്കും. കേരളത്തിൽ എൽഡിഎഫും യുഡിഎഫും പരസ്പരം മത്സരിക്കുന്നതിനാൽ കോണ്‍ഗ്രസിനും സിപിഎമ്മിനും ഇക്കാര്യത്തിൽ ആശ്വാസമുണ്ട്.
ഇന്ത്യ സഖ്യത്തിനു വെല്ലുവിളി
ഇന്ത്യ സഖ്യത്തിന്റെ രൂപീകരണത്തിനു ശേഷം നടന്ന അഞ്ചു സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പരീക്ഷണം പാളി. എന്നാൽ, പൊതുതെരഞ്ഞെടുപ്പിൽ അതാകില്ല സ്ഥിതി. തെലുങ്കാനയിൽ ബിആർഎസും കോണ്‍ഗ്രസും ഏറ്റുമുട്ടിയതിനാൽ സഖ്യത്തിനു പ്രസക്തിയില്ല. മറ്റു സംസ്ഥാനങ്ങളിൽ ബിജെപിക്കെതിരേ പോരാടാൻ കോണ്‍ഗ്രസിനു തന്നെ കഴിയുമെന്ന ചിന്തയുമുണ്ടായി.
തമിഴ്നാട്ടിലും കർണാടകയിലും തെലുങ്കാനയിലും ആന്ധ്രപ്രദേശിലും അടക്കം ദക്ഷിണേന്ത്യയിൽ സീറ്റുവിഭജനം ഇന്ത്യ സഖ്യത്തിനു കീറാമുട്ടിയാകാൻ ഇടയില്ല. എന്നാൽ യുപി, ബിഹാർ, മഹാരാഷ്ട്ര, പശ്ചിമബംഗാൾ തുടങ്ങി വലിയ പല സംസ്ഥാനങ്ങളിൽ സ്ഥിതി അതാകില്ല. വിലപേശലിൽ ആരുമാരും തീരെ വിട്ടുകൊടുക്കാൻ തയാറല്ല. അഞ്ചിൽ രണ്ടോ മൂന്നോ സംസ്ഥാനങ്ങളിൽ അധികാരത്തിലെത്തിയാൽ കോണ്‍ഗ്രസിനു നേട്ടമാണ്. മൂന്നു സംസ്ഥാനത്തിൽ ഭരണം പിടിച്ചാൽ കോണ്‍ഗ്രസിന്റെ വിലപേശൽ ശക്തി കൂടും.
രാഹുൽ ഗാന്ധി വീണ്ടുമൊരിക്കൽകൂടി വയനാട്ടിൽ മത്സരിക്കുമോയെന്നതിനു കോണ്‍ഗ്രസ് ദേശീയ നേതൃത്വം വ്യക്തമായ ഉത്തരം നൽകിയിട്ടില്ല. വയനാട്ടിൽ മത്സരിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ പറഞ്ഞപ്പോൾ, അക്കാര്യത്തിൽ തീരുമാനമെടുക്കാൻ സമയമായില്ലെന്നാണു സംഘടനാ ചുമതലയുള്ള പ്രബലൻ കെ.സി. വേണുഗോപാൽ പറഞ്ഞത്. നാലു ദിവസത്തെ കേരള സന്ദർശനത്തിലൂടെ വാർത്തയിൽ നിറഞ്ഞ രാഹുൽ കേരളത്തിൽനിന്നു വീണ്ടും ജനവിധി തേടാൻ സാധ്യതയുണ്ടെന്നാണു കോണ്‍ഗ്രസ് നേതാക്കൾ നൽകിയ സൂചന.
കരുത്തേകിയത് കർണാടക
കർണാടക തെരഞ്ഞെടുപ്പാണു കോണ്‍ഗ്രസിന്റെ തന്ത്രങ്ങളിൽ വലിയ മാറ്റങ്ങൾക്കു നാന്ദിയായത്. ഹിമാചൽ പ്രദേശിലെ ജയവും പ്രതീക്ഷയായി. അതേ രീതി ഇത്തവണ അഞ്ചു സംസ്ഥാനങ്ങളിൽ പരീക്ഷിക്കാൻ ശ്രമിച്ചെങ്കിലും തെലുങ്കാനയിലാകും കൂടുതൽ കാണാനായത്. തെലുങ്കാന രൂപീകരിച്ചതു മുതൽ തകർന്നടിഞ്ഞ നിലയിലായിരുന്നു കോണ്‍ഗ്രസിന്റെ നില. 2018ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്കും പിന്നിലായി. പക്ഷേ ഒത്തുപിടിച്ചാൽ മലയും പോരുമെന്ന കാര്യം മനസിലാക്കിയാണ് ഇക്കുറി പോരിനിറങ്ങിയത്.
അച്ചടക്കവും ചിട്ടയായ പ്രവർത്തനങ്ങളും ഉണ്ടായാൽ മാത്രമേ തിരിച്ചുവരവ് സാധ്യമാകൂ എന്ന തോന്നൽ കോണ്‍ഗ്രസുകാരിൽ ഉണർത്താനായിട്ടുണ്ട്; എത്രകാലം എന്നതേ ചോദ്യമുള്ളൂ. തെരഞ്ഞെടുപ്പുകൾ ജയിക്കുക പ്രധാനമാണ്. സർവശക്തിയും സമാഹരിച്ചു ജയത്തിനായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത നേതാക്കൾക്കെല്ലാം ബോധ്യപ്പെട്ടിട്ടുണ്ട്.
ഓരോ സംസ്ഥാനത്തും ശക്തമായ നേതാവിന്റെ അനിവാര്യതയും പ്രകടമായി. നേതൃതലത്തിലെ തർക്കങ്ങളും ഗ്രൂപ്പുകളികളും താത്കാലികമായെങ്കിലും പരിഹരിക്കാൻ നടത്തിയ ശ്രമങ്ങൾ മുഖ്യമാണ്. താഴേത്തട്ടു മുതലുള്ള പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസവും ആവേശവും പകർന്നു സജീവമാക്കുന്നതിലും ശ്രദ്ധയുണ്ടായതിൽ കെ.സി. വേണുഗോപാൽ മുതൽ സംസ്ഥാന നേതാക്കൾക്കു വരെ അഭിമാനിക്കാം.
സ്ഥാനാർഥിനിർണയം മുതൽ വോട്ടർമാരെ ആകർഷിക്കുന്ന വാഗ്ദാനങ്ങൾ വരെ പലതും തെരഞ്ഞെടുപ്പുകളിലെ ജയവും തോൽവിയും നിർണയിക്കുന്നതിൽ പ്രധാനമാണ്. പാവപ്പെട്ടവർക്കും കർഷകർക്കും സ്ത്രീകൾക്കുംവേണ്ടിയുള്ള ക്ഷേമപ്രവർത്തനങ്ങളും വാഗ്ദാനങ്ങളും വോട്ടർമാരെ സ്വാധീനിക്കുമെന്നതാണു സമീപകാല സംസ്ഥാന തെരഞ്ഞെടുപ്പുകളെല്ലാം നൽകിയ സന്ദേശം.
കോണ്‍ഗ്രസിനു പ്രതീക്ഷ
കർണാടകയിലേതുപോലെ ഉന്നതനേതാക്കളുടെ താൻപ്രമാണിത്ത തർക്കങ്ങൾ ഒരുപരിധി വരെ രാജസ്ഥാനിലും ഒതുക്കാനായി. പരസ്യമായി പോരടിച്ചിരുന്ന മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും യോജിച്ചു നിന്നു ജയത്തിനായി പോരാടിയതു നിസാരമല്ല. മധ്യപ്രദേശിൽ മുൻ മുഖ്യമന്ത്രി കമൽനാഥിനും ഛത്തീസ്ഗഡിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനും എതിരേ ഉയർന്ന വിമതനീക്കങ്ങളിലും എഐസിസി നേതൃത്വം ഇരുവർക്കും അനുകൂലമായ നിലപാടെടുത്തു. ഭരണം കിട്ടിയാലും ഇല്ലെങ്കിലും മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും തെലുങ്കാനയിലും കടുത്ത മത്സരം കാഴ്ചവയ്ക്കാൻ കോണ്‍ഗ്രസിനു കഴിഞ്ഞു.
തെലുങ്കാനയിൽ മൂന്നാം തവണയും ഭരണം പിടിക്കുകയെന്ന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെയും ബിആർഎസിന്റെയും മോഹം ഇല്ലാതാക്കി ഭരണം പിടിക്കാൻ കഴിയുമോയെന്നതു മാത്രമാണ് അറിയാനുള്ളത്. ചെറിയ ഇടവേള ഒഴിച്ചാൽ 27 വർഷമായി ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ കോണ്‍ഗ്രസിന്റെ പോരാട്ടം ഇതര പാർട്ടികൾക്കും പാഠമാകും. കോണ്‍ഗ്രസ് ഭേദപ്പെട്ട നിലയിലാണ്. ജ്യോതിരാദിത്യ സിന്ധ്യയും കൂട്ടരും പാർട്ടി വിട്ടു ബിജെപിയിൽ ചേക്കേറിയ ശേഷവും സംഘപരിവാറിന് ശക്തമായ വേരുകളുള്ള സംസ്ഥാനത്ത് കോണ്‍ഗ്രസ് ഒറ്റയ്ക്കു തിരിച്ചുവരവിനു തയാറെടുത്തതാണു മുഖ്യം.
ഛത്തീസ്ഗഡിൽ കോണ്‍ഗ്രസ് ഭരണത്തുടർച്ച നേടുമെന്നാണ് എല്ലാ എക്സിറ്റ് പോളുകളും പ്രവചിച്ചത്. മധ്യപ്രദേശിലും രാജസ്ഥാനിലും തെലുങ്കാനയിലും മിസോറമിലും കണ്ട ആശയക്കുഴപ്പം ഛത്തീസ്ഗഡിൽ ഉണ്ടായില്ല.
തിളങ്ങുന്ന രാഹുൽ ഗാന്ധി
അഞ്ചു സംസ്ഥാനങ്ങളിലായി ആകെ 83 ലോക്സഭാ സീറ്റുകളാണുള്ളത്. ഒറ്റക്കെട്ടായി പോരാടിയാൽ ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുമെന്ന ആത്മവിശ്വാസമാകും പ്രതിപക്ഷത്തിന് ഓരോ സംസ്ഥാനത്തെയും വിജയം സമ്മാനിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്നിൽ നിർത്തിയുള്ള ബിജെപിയുടെ പ്രചാരണ തന്ത്രങ്ങളെ നേരിടാൻ ഭാരത് ജോഡോ യാത്രയ്ക്കു ശേഷം രാഹുൽ ഗാന്ധിയും മുന്നിലെത്തി. വോട്ടർമാരിലുള്ള മോദിയുടെ സ്വാധീനം കുറയുന്നുവെന്ന സമീപകാല തെരഞ്ഞെടുപ്പുകളിലെ സൂചനയാകും ബിജെപിയുടെ വലിയ ആശങ്ക.