ന്യൂ ഡൽഹി: ഭക്ത സഹസ്രങ്ങൾക്ക് പുണ്യം പകർന്ന് ചക്കുളത്തമ്മ പൊങ്കാല. മഞ്ഞുകണങ്ങളാൽ ഈറനണിഞ്ഞ മയൂർ വിഹാറിലെ പൊങ്കാല പാർക്കിൽ പ്രത്യേകം തയ്യാറാക്കിയ താൽക്കാലിക ക്ഷേത്രങ്കണമായിരുന്നു പൊങ്കാലവേദി.
ചടങ്ങുകൾക്ക് ചക്കുളത്തു കാവ് ക്ഷേത്രത്തിലെ ജയസൂര്യാ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു. ആദ്യ ദിവസമായ ശനിയാഴ്ച്ച ദീപാരാധന, ശനിദോഷ നിവാരണ പൂജ, ഡോ രമേശ് ഇളമൺ നമ്പൂതിരിയുടെ ആത്മീയ പ്രഭാഷണം, ലഘുഭക്ഷണം എന്നിവയായിരുന്നു ചടങ്ങുകൾ.
രണ്ടാം ദിവസം മഹാ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് പൊങ്കാലയോടനുബന്ധിച്ചുള്ള വിശേഷാൽ പൂജകൾക്കു ശേഷം ഭദ്രദീപം കൊളുത്തി.
ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ്, ഡൽഹി പ്രസിഡന്റ് സി കേശവൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക സമ്മേളനത്തിൽ ജയസൂര്യ നമ്പൂതിരി, ഡോ രമേശ് ഇളമൺ നമ്പൂതിരി, സ്ഥലം എംഎൽഎ കുൽദീപ് സിംഗ്, ഡൽഹി മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്ര ജനറൽ സെക്രട്ടറി സി കൃഷ്‌ണകുമാർ, എൻഎസ്എസ് ജനറൽ സെക്രട്ടറി എം ഡി ജയപ്രകാശ്, ട്രസ്റ്റ് സെക്രട്ടറി ഡി ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ 2023-24 അധ്യയന വർഷത്തിൽ 12-ാം ക്ലാസിൽ ഉന്നത വിജയം നേടിയ ഇ വി അനന്തു, ബി വൈഷ്‌ണവ്, രോഹിത് രാജ് എന്നിവരെ ചക്കുളത്തമ്മ അക്കാഡമിക് എക്സലൻസ് അവാർഡുകളും ക്യാഷ് പ്രൈസും നൽകി ആദരിച്ചു.
തുടർന്ന് ചക്കുളത്തുകാവിലെ പ്രശസ്തമായ വിളിച്ചു ചൊല്ലി പ്രാർത്ഥനക്കു ശേഷം ക്ഷേത്ര ശ്രീകോവിലിൽനിന്നും കൊളുത്തിയ ദിവ്യാഗ്നി പണ്ടാര അടുപ്പിലേക്ക് പകർന്നപ്പോൾ ഭക്തജനങ്ങൾ വായ്ക്കുരവായാൽ ചക്കുളത്തമ്മയെ സ്‌തുതിച്ചു.
തുടർന്ന് ഭക്തർ തങ്ങളുടെ പൊങ്കാല അടുപ്പുകളിലേക്കു അഗ്നി പകർന്നതോടെ പൊങ്കാലക്ക് ആരംഭമായി. ശ്രീധർമ്മ ശാസ്‌താ സേവാ സമിതി, മയൂർ വിഹാർ ഫേസ്-2 അവതരിപ്പിച്ച ഭജനാമൃതം ക്ഷേത്രാങ്കണം ഭക്തി സാന്ദ്രമാക്കി. പല്ലശന ഉണ്ണി മാരാരും സംഘവും ഉത്സവ ദിവസങ്ങളിൽ താള മേളങ്ങളുടെ പെരുമഴയുതിർത്തു.
വിദ്യാകലശം, മഹാകലശം, പറയിടൽ എന്നിവയും ഉണ്ടായിരുന്നു. അന്നദാനത്തോടെ ചടങ്ങുകൾ സമാപിച്ചു. തത്സമയം പ്രക്ഷേപണം ചെയ്‌ത ചടങ്ങുകൾ https://www.youtube.com/live/sfRWG81RIiQ?si=4HFErdZvnbiivd1S എന്ന യുട്യൂബ് ചാനലിൽ ലഭ്യമാണ്.