Advertisment

കൈരളിക്കു കാൽച്ചിലമ്പണിയിച്ച്  ഡൽഹി മലയാളി അസോസിയേഷന്റെ 75-ാമത് വാർഷികാഘോഷങ്ങൾ സമാപിച്ചു

author-image
പി.എന്‍ ഷാജി
Updated On
New Update
dma 75 celebration-2

ന്യൂ ഡൽഹി: കൈരളിക്കു കാൽച്ചിലമ്പണിയിച്ച് ഡൽഹി മലയാളി അസോസിയേഷന്റെ (ഡിഎംഎ) 75-ാമത് വാർഷികാഘോഷങ്ങൾ സമാപിച്ചു. ഇന്ദ്രപ്രസ്ഥത്തിലെ താൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ ആസ്വാദക വൃന്ദത്തിന്റെ സംഗീത-നൃത്ത മോഹങ്ങൾ സഫലമാക്കി ഡിഎംഎയുടെ ഏരിയകൾ കലാപരിപാടികൾ അവതരിപ്പിച്ചു.

Advertisment

കുമാരി ദേവിക മേനോനും മിനി മനോജും ചേർന്നാലപിച്ച പ്രാർത്ഥനാ ഗീതത്തോടെ പരിപാടികൾ ആരംഭിച്ചു. കേന്ദ്രക്കമ്മിറ്റിയുടെ രംഗപൂജ, കൈകൊട്ടിക്കളി, ഭാരതീയം, ത്രിവർണിക, കുച്ചിപ്പുടി, ഫ്യൂഷൻ ഡാൻസ്, മാർഗം കളി, ത്രിവേണി സംഗമം - ഫിൽമി ഡാൻസ്, ട്രഡീഷണൽ ഫോക് ഡാൻസ്, വൺ ഇന്ത്യാ - അർദ്ധ ശാസ്ത്രീയ നൃത്തം, മലയാളം, തമിഴ്, ഹരിയാൻവി, രാജസ്ഥാനി, പഞ്ചാബി, ഗുജറാത്തി, എന്നീ നാടോടിനൃത്തങ്ങൾ, ഒപ്പന, കേരളീയം - നൃത്ത ശിൽപ്പം എന്നിവ അരങ്ങേറി.

dma 75 celebration-3

വികാസ്‌പുരി-ഹസ്‌തസാൽ, മയൂർ വിഹാർ ഫേസ്-2, വസുന്ധര എൻക്ലേവ്, പശ്ചിംവിഹാർ, അംബേദ്‌കർ നഗർ, ബദർപ്പൂർ, രോഹിണി, ദ്വാരക, മഹിപാൽപ്പൂർ-കാപ്പസ്ഹേഡാ, ദിൽഷാദ് കോളനി, ജനക് പുരി, ആർ കെ പുരം, കാൽക്കാജി, പട്ടേൽ നഗർ, സൗത്ത് നികേതൻ, കരോൾ ബാഗ്-കൊണാട്ട് പ്ലേസ്, മെഹ്‌റോളി എന്നീ ഏരിയകളാണ് പരിപാടികൾ അവതരിപ്പിച്ചത്.

ഡിഎംഎയുടെ 29 ശാഖകൾ ഫ്ലാഗ് മാർച്ച് നടത്തി. താലപ്പൊലി, ചെണ്ടമേളം, മയൂർ വിഹാർ ഫേസ്-1 ശാഖ ഒരുക്കിയ തീം സോങും സാംസ്‌കാരിക സമ്മേളനത്തിനു മുന്നോടിയായി അരങ്ങേറി.

പ്രസിഡന്റ് കെ രഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക സമ്മേളനത്തിൽ സിനിമാ താരങ്ങളായ ജോജു ജോർജ്ജ് മുഖ്യാതിഥിയും സൈജു കുറുപ്പ് വിശിഷ്ടാതിഥിയുമായി. ഡിഎംഎ രക്ഷാധികാരി ഗോകുലം ഗോപാലൻ, മലബാർ ഗോൾഡ് & ഡയമണ്ട്സ് നോർത്തേൺ റീജിയൻ ഹെഡ്  ജിഷാദ് എൻ കെ, ആഘോഷക്കമ്മിറ്റി ചെയർപേഴ്‌സൺ ഡോ ലില്ലി ജോർജ്ജ്, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ തുടങ്ങിയവർ പ്രസംഗിച്ചു. 

ഡിഎംഎയുടെ വാർഷികാഘോഷങ്ങൾക്ക് ആശംസകൾ നേർന്നുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നൽകിയ സന്ദേശം വൈസ് പ്രസിഡന്റും ആഘോഷക്കമ്മിറ്റി ജനറൽ കൺവീനറുമായ കെ വി മണികണ്ഠൻ സദസിൽ വായിച്ചു.

റിസോഴ്സ് കമ്മിറ്റി കൺവീനർ കെ ജി രഘുനാഥൻ നായർ, അഡീഷണൽ ജനറൽ സെക്രട്ടറി എ മുരളീധരൻ, ചീഫ് ട്രെഷറർ മാത്യു ജോസ്, അഡീഷണൽ ട്രെഷറർ പി എൻ ഷാജി, ചീഫ് ഇന്റെർണൽ ഓഡിറ്റർ കെ വി ബാബു, അഡീഷണൽ ഇന്റെർണൽ ഓഡിറ്റർ ലീനാ രമണൻ തുടങ്ങിയവർ പങ്കെടുത്തു. മാളവിക അജികുമാറും എൻ നിശയുമായിരുന്നു അവതാരകർ.

dma 75 celebration-4

ചടങ്ങിൽ ഡിഎംഎ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഡിഎംഎ മുൻ പ്രസിഡന്റ് എ വി ഭാസ്‌കരനും ഡിഎംഎ വിശിഷ്‌ട സാമൂഹ്യ സേവാ പുരസ്‌കാരം, സാമൂഹിക പ്രവർത്തകനായ കെ ആർ മനോജും ഡിഎംഎ വിശിഷ്‌ട സേവാ പുരസ്‌കാരം മുൻ പ്രസിഡന്റ് സി എ നായരും മുൻ വൈസ് പ്രസിഡന്റ് എം പി സുരേഷും, ഡിഎംഎ കലാഭാരതി പുരസ്‌കാരം കലാമണ്ഡലം രാധാ മാരാരും ഏറ്റുവാങ്ങി. കൂടാതെ ഡോ സാറാ ജോർജ്ജിനേയും ചടങ്ങിൽ ആദരിച്ചു.

75 വർഷത്തെ ഡിഎംഎയുടെ പാരമ്പര്യം ആഘോഷിക്കുന്നതിന്റെ സൂചകമായി 'ഇന്ദ്രോദയം' സുവനീർ പ്രകാശനവും ചെയ്‌തു. കൂടാതെ 2023-24 അധ്യയന വർഷത്തിൽ ഉന്നത വിജയം നേടിയ ഗായത്രി അജിത് (സയൻസ്), അശ്വിൻ എ കേശവ് (ഹ്യൂമാനിറ്റീസ്), അഞ്ജന പി കെ (കോമേഴ്‌സ്) എന്നിവർക്ക് ഡിഎംഎ - സലിൽ ശിവദാസ് മെമ്മോറിയൽ സ്റ്റുഡൻ്റ്സ് എക്സലൻസ് അവാർഡുകളും മലയാളം മിഷന്റെ ഹയർ ഡിപ്ലോമ കോഴ്‌സായ 'നീലക്കുറിഞ്ഞി' പരീക്ഷയിൽ വിജയികളായ അശ്വതി ബി, രഞ്ജിതാ റജി, മാളവിക അജികുമാർ എന്നീ വിദ്യാർത്ഥികളെയും മുൻ കേന്ദ്രക്കമ്മിറ്റി ഭാരവാഹികളെയും ഏരിയ പ്രതിനിധികളെയും ചടങ്ങിൽ ആദരിച്ചു.

തുടർന്ന് പിന്നണി ഗായകരായ വിധു പ്രതാപ്, രഞ്ജിനി ജോസ് തുടങ്ങിയവർ നയിച്ച മെഗാ മ്യൂസിക് ഷോ ആഘോഷ രാവിനെ സംഗീത സാന്ദ്രമാക്കി.

Advertisment