ചെന്നൈ: വടക്കുകിഴക്കന്‍ മണ്‍സൂണ്‍ തമിഴ്നാട്ടിലുടനീളം ശക്തിപ്രാപിച്ചു. തമിഴ്‌നാട്ടിലെ തെക്കന്‍, ഡെല്‍റ്റ മേഖലകളില്‍ കനത്ത മഴയാണ്.
വെള്ളക്കെട്ടും സുരക്ഷാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി മുന്‍കരുതലെന്ന നിലയില്‍ പല ജില്ലാ ഭരണകൂടങ്ങളും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുനെല്‍വേലിയില്‍ കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ കെ.പി കാര്‍ത്തികേയന്‍ അറിയിച്ചു.
തൂത്തുക്കുടി, തെങ്കാശി ജില്ലകളിലും സ്‌കൂളുകള്‍ക്ക് അവധിയായിരിക്കും. എന്നാല്‍, ഈ ജില്ലകളിലെ കോളേജുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കും.
അതേസമയം, ഡെല്‍റ്റ ജില്ലയായ തിരുവാരൂരില്‍ കലക്ടര്‍ ടി ചാരുശ്രീ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു, കാരയ്ക്കല്‍ ജില്ലാ കലക്ടര്‍ ടി മണികണ്ഠനും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
വിരുദുനഗറില്‍ പ്രാദേശിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അവധി പ്രഖ്യാപിക്കാനുള്ള തീരുമാനം ജില്ലാ കലക്ടര്‍ വി പി ജയശീലന്‍ വ്യക്തിഗത സ്‌കൂള്‍ മേധാവികളുടെ വിവേചനാധികാരത്തിന് വിട്ടു.
തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി തുടങ്ങിയ തെക്കന്‍ ജില്ലകളെയും മഴ സാരമായി ബാധിച്ചു. പല പ്രദേശങ്ങളിലും വെള്ളക്കെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.