Advertisment

ശിവരാത്രി വ്രതമെടുക്കേണ്ടത് എങ്ങനെ…? ഉപവാസവും ഒരിക്കലും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു; വ്രതം മുറിക്കേണ്ടതെങ്ങനെ…

New Update
maha-shivratri-1140x1140.jpg

കുംഭ മാസത്തിലുള്ള കൃഷ്ണപക്ഷത്തിലെ 13-ാം രാത്രിയും 14-ാം പകലുമാണ് ശിവരാത്രി ദിനമായി ആഘോഷിക്കുന്നത്. ഈ വർഷം മാർച്ച് എട്ടിനാണ് ശിവരാത്രി ആഘോഷിക്കുന്നത്.ശിവഭഗവാന് വേണ്ടി പാർവതി ദേവി ഉറക്കമിളച്ച ദിവസത്തെയാണ് ശിവരാത്രിയെന്ന് പറയപ്പെടുന്നത് എന്നാണ് ഐതിഹ്യം. പാലാഴിമഥനം നടത്തിയപ്പോൾ കാളകൂട വിഷത്തിൽ നിന്നും ലോകത്തെ രക്ഷിക്കുന്നതിനായി ശിവൻ അത് പാനം ചെയ്തു. വിഷം ഉള്ളിലെത്താതിരിക്കാൻ പാർവതി ശിവന്റെ കണ്ഠത്തിൽ പിടിച്ചു ഉറങ്ങാതെയിരുന്നുവെന്നാണ് വിശ്വാസം. ഇതിനാൽ ഈ ദിവസം ഉറങ്ങാതെയാണ് ഭക്തരും ശിവരാത്രി ആഘോഷിക്കുന്നത്.

Advertisment

ശിവരാത്രി വ്രതമെടുക്കേണ്ടത് എങ്ങനെ…?

ശിവരാത്രിയുടെ തലേന്ന് തന്നെ വീട് മുഴവനും വൃത്തിയാക്കണം. ഈ ദിവസം അരി ആഹാരം കഴിക്കാൻ പാടില്ല. വ്രതം എടുക്കാൻ നിശ്ചയിച്ചിരിക്കുന്നവർ തലേന്ന് രാത്രി അരി ആഹാരം കഴിക്കാതിരിക്കുന്നതാണ് ഉത്തമം. കൂടാതെ ഉള്ളി, വെളുത്തുള്ളി എന്നിവയും വർജിക്കേണ്ടതുണ്ട്. പകരം ലഘു ഭക്ഷണം കഴിക്കാവുന്നതാണ്.

ശിവരാത്രി ദിനത്തിൽ വ്രതം നോക്കുന്നതിനോടനുബന്ധിച്ച് പുലർച്ചെ എണീറ്റ് കുളിച്ച് ശുദ്ധിയായി ശിവക്ഷേത്രത്തിൽ ദർശനം നടത്തണം. ഈ ദിനത്തിൽ ശിവലിംഗ പൂജ നിർബന്ധമാണ്. ക്ഷേത്രത്തിലെത്തി പാലഭിഷേകം, തേൻ അഭിഷേകം, ജലധാര എന്നിവ ദർശിക്കണം. കൂടാതെ ഓം നമഃ ശിവായ ഉരുവിട്ട് ശിവലിംഗത്തെ പൂജിക്കണമെന്നാണ് വിശ്വാസം. ക്ഷേത്രദർശനത്തിന് ശേഷം അവിടെ തന്നെ ഇരിക്കുന്നതും ഉത്തമമാണ്.

പകൽ ഉപവാസം അനുഷ്ഠിക്കുകയും ഉറങ്ങാതിരിക്കുകയും ചെയ്യണം. എന്നാൽ രണ്ട് രീതിയിൽ വ്രതമെടുക്കാവുന്നതാണ്. ഉപവാസമിരിക്കൽ, ഒരിക്കൽ എന്നിവയാണ് രണ്ട് രീതികൾ. ഉപവാസം എന്നാൽ ഒന്നും ഭക്ഷിക്കാതെ വ്രതമെടുക്കുന്നതിനെ സൂചിപ്പിക്കുന്നു. ഒരിക്കൽ എന്നത് ഒരു നേരം കുറച്ച് ഭക്ഷണം കഴിച്ച് വ്രതമെടുക്കുന്നതിനെ സൂചിപ്പിക്കുന്നു. സാധാരണയായി ആരോഗ്യപ്രശ്‌നമുള്ളവർ ഒരിക്കലാണ് എടുക്കാറുള്ളത്. ഇക്കൂട്ടർ ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന വെള്ളനിവേദ്യമാണ് കഴിക്കുന്നത്. എന്നാൽ ഇത് വയർ നിറയുന്നത് വരെ കഴിക്കാൻ പാടില്ല.

ശിവരാത്രി വ്രതം ആരംഭിച്ചാൽ പകലും രാത്രിയും ഉറങ്ങാൻ പാടില്ല. തൊട്ടടുത്ത ദിവസം രാവിലെ ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന തീർത്ഥം കുടിച്ചുകൊണ്ടാവണം വ്രതം മുറിക്കേണ്ടത്.

Advertisment