Advertisment

ഈ രണ്ട് കിംഗ് മേക്കർമാർ മോദിയെ വീണ്ടും രാജാവാക്കുമോ? എല്ലാ കണ്ണുകളും നീതീഷിലും നായിഡുവിലും

നിലവില്‍ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയില്‍ മാത്രമാണ് ബിജെപിക്ക് ആത്മവിശ്വാസമുള്ളതെന്നാണ് സൂചന. നിതീഷ് കുമാര്‍ എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കാം എന്ന് മാത്രമാണ് നിലവില്‍ അറിയിച്ചിരിക്കുന്നത്. 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
king Untitled.o.jpg

ഡല്‍ഹി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കേവലഭൂരിപക്ഷം മറികടക്കാന്‍ കഴിയാതെ വന്നതോടെ മൂന്നാം നരേന്ദ്രമോദി സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ബിജെപിക്ക് ചന്ദ്രബാബു നായിഡുവിന്റെയും നിതീഷ് കുമാറിന്റെയും പിന്തുണ കൂടിയേ തീരു. ഇരുവരും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ ഘടകകക്ഷികളാണ്.

Advertisment

നിലവില്‍ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയില്‍ മാത്രമാണ് ബിജെപിക്ക് ആത്മവിശ്വാസമുള്ളതെന്നാണ് സൂചന. നിതീഷ് കുമാര്‍ എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കാം എന്ന് മാത്രമാണ് നിലവില്‍ അറിയിച്ചിരിക്കുന്നത്. 

240 സീറ്റുകളാണ് ബിജെപിക്ക് ഒറ്റയ്ക്ക് നേടാനായിട്ടുള്ളത്. അതായത് കേവല ഭൂരിപക്ഷത്തിന് 32 സീറ്റുകള്‍ കൂടിയാണ് ഇനി ബിജെപിക്ക് അധികാരം പിടിക്കാന്‍ ആവശ്യമുള്ളത്. നിലവില്‍ ടിഡിപിക്ക് 16 സീറ്റുകളും നിതീഷ് കുമാറിന്റെ ജെഡിയുവിന് 12 സീറ്റുകളുമാണുള്ളത്. അതിനാല്‍ തന്നെ ഇവരുടെ പിന്തുണയെ ആശ്രയിച്ചിരിക്കും എന്‍ഡിഎയുടെ സര്‍ക്കാര്‍ രൂപീകരണം എന്നുറപ്പ്. 

ലോക്സഭാ തെരഞ്ഞെടുപ്പിലും ആന്ധ്രാപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിലും നായിഡുവിന്റെ ടിഡിപിയും ബിജെപിയും ജനസേന പാര്‍ട്ടിയും (ജെഎസ്പി) സഖ്യത്തിലാണ് മത്സരിച്ചത്. ആന്ധ്രയിലെ 175 നിയമസഭാ സീറ്റുകളില്‍ 134 എണ്ണത്തില്‍ വിജയിച്ച നായിഡുവിന് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയുടെ പിന്തുണ ആവശ്യമില്ല, എന്നാല്‍ അടുത്ത കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് ടിഡിപിയുടെ പങ്ക് നിര്‍ണായകമാണ്. 

നായിഡുവിന്റെ മകന്‍ നാരാ ലോകേഷ് നായിഡു ആദ്യമായി നിയമസഭയിലെത്താന്‍ ഒരുങ്ങുകയാണ്. ലോകേഷ് മംഗളഗിരിയില്‍ നിന്നുമാണ് വിജയിച്ചിരിക്കുന്നത്.

വന്‍ നേട്ടമുണ്ടാക്കിയ ഇന്ത്യാ സഖ്യവും നായിഡുവിന് മുന്നില്‍ ഓഫറുകള്‍ വെച്ചിട്ടുണ്ടെന്നാണ് വിവരം. ആന്ധ്രപ്രദേശിന് പ്രത്യേക കാറ്റഗറി പദവി (എസ്സിഎസ്) നല്‍കുന്നതിനെക്കുറിച്ചുള്ള സൂചനകള്‍ കോണ്‍ഗ്രസ് നായിഡുവിന് നല്‍കിക്കഴിഞ്ഞു. അതുവഴി അവര്‍ക്ക് അധിക ഫണ്ട് സ്വീകരിക്കാനും നിക്ഷേപം കൊണ്ടുവരുന്നതിന് സബ്സിഡികള്‍ നല്‍കാനും കഴിയും. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആന്ധ്രാപ്രദേശിന് എസ്സിഎസ് വാഗ്ദാനം ചെയ്യുന്ന കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ട്വീറ്റ് ചെയ്തിരുന്നു.

ബീഹാറിലെ സാമൂഹ്യനീതി രാഷ്ട്രീയത്തില്‍ പരിചയസമ്പന്നനായ നിതീഷ് കുമാര്‍ കേന്ദ്ര റെയില്‍വേ മന്ത്രിയും ഉപരിതല ഗതാഗത മന്ത്രിയും പിന്നീട് 1998-'99ല്‍ വാജ്പേയിയുടെ എന്‍ഡിഎ സര്‍ക്കാരില്‍ കൃഷി മന്ത്രിയുമായിരുന്നു. 2000 മുതല്‍ 2004 വരെ വാജ്പേയി സര്‍ക്കാരില്‍ അദ്ദേഹത്തിന് വീണ്ടും പോര്‍ട്ട്ഫോളിയോ ലഭിച്ചു.

ഏറ്റവും കൂടുതല്‍ കാലം, നിതീഷ് ബിഹാറിലെ എന്‍ഡിഎയിലെ മുതിര്‍ന്ന പങ്കാളിയായി തുടര്‍ന്നു, 2009 ല്‍ ബിജെപിയുടെ ഏറ്റവും വലിയ സഖ്യകക്ഷിയായിരുന്നു ജെഡിയു. ദേശീയ തലത്തില്‍ ബിജെപി മോശം പ്രകടനം കാഴ്ചവച്ചപ്പോഴും സംസ്ഥാനത്ത് 20 സീറ്റുകള്‍ നേടി. എന്നാല്‍ നിതീഷിന്റെ രാഷ്ട്രീയം എപ്പോഴും എങ്ങോട്ട് വേണമെങ്കിലും ചാടാം എന്നുള്ളതായിരുന്നു. 

2014-ല്‍ നരേന്ദ്ര മോദിയോടുള്ള വിയോജിപ്പിന്റെ പേരില്‍ എന്‍.ഡി.എ വിട്ട നിതീഷ്  ബിഹാര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ചെങ്കിലും രണ്ട് സീറ്റുകള്‍ മാത്രമാണ് നേടാനായത്. പിന്നീട് 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലാലു പ്രസാദ് യാദവുമായി കൈകോര്‍ക്കുകയും സഖ്യം തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുകയും ചെയ്തു. 

എന്നാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ സഖ്യം വിട്ട് എന്‍ഡിഎയില്‍ ചേരുകയും ബിഹാര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 40 ല്‍ 39 സീറ്റുകള്‍ നേടി സഖ്യം തൂത്തുവാരുകയും ചെയ്തു. അവിടെയും ഉറച്ചുനിക്കാതെ  2020 ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഡിയു  ബിജെപിയുമായി അകന്ന് 2022 ല്‍ ആര്‍ജെഡിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഖ്യം തകര്‍ക്കുകയും ചെയ്തു. എല്ലാത്തിലുമൊടുവില്‍ ഈ ജനുവരിയില്‍ നിതീഷ് കുമാര്‍ വീണ്ടും എന്‍ഡിഎയിലേക്ക് മടങ്ങിയിരുന്നു.

Advertisment