Advertisment

ഏറ്റവും കൂടുതല്‍ മണ്ഡലങ്ങള്‍ സ്വന്തമാക്കിയത് ബിജെപി, എങ്കിലും ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ 272 സീറ്റുകള്‍ നേടാനായില്ല: ബിജെപിയ്ക്ക് ഇക്കുറി സ്വന്തമായത് 240 സീറ്റുകള്‍, കോണ്‍ഗ്രസിന് 99 ; കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ ബിജെപിക്ക് സഖ്യകക്ഷികളുടെ പിന്തുണ അനിവാര്യം

240 സീറ്റുകളാണ് ബിജെപിക്ക് ഒറ്റയ്ക്ക് നേടാനായത്. കോണ്‍ഗ്രസ് 99 സീറ്റുകളാണ് നേടിയത്. യുപിയിലും, മഹാരാഷ്ട്രയിലും, ബംഗാളിലും എന്‍ഡിഎക്ക് തിരിച്ചടിയേറ്റു.

New Update
rahul modi Untitled3.9.jpg

ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സീറ്റുകള്‍ 240 ആയി ഒതുങ്ങി. കണക്കുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടു. 2014 മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ പൊതു തിരഞ്ഞെടുപ്പുകളിലും നിയമസഭാ തെരഞ്ഞെടുപ്പുകളിലും തുടര്‍ച്ചയായ വിജയങ്ങളുമായി രാജ്യത്തിന്റെ രാഷ്ട്രീയത്തില്‍ ആധിപത്യം പുലര്‍ത്തിയിരുന്നുന്ന ഭരണകക്ഷിക്ക് ഇക്കുറി കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ എന്‍ഡിഎ സഖ്യകക്ഷികളുടെ പിന്തുണയെ ആശ്രയിക്കേണ്ടിവരും. ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ 272 എന്ന ലക്ഷ്യത്തെ മറികടക്കാന്‍ ബിജെപിക്കായില്ല. 

Advertisment

240 സീറ്റുകളാണ് ബിജെപിക്ക് ഒറ്റയ്ക്ക് നേടാനായത്. കോണ്‍ഗ്രസ് 99 സീറ്റുകളാണ് നേടിയത്. യുപിയിലും, മഹാരാഷ്ട്രയിലും, ബംഗാളിലും എന്‍ഡിഎക്ക് തിരിച്ചടിയേറ്റു. മോദിയുടെ ഭൂരിപക്ഷത്തിനും വന്‍ ഇടിവുണ്ടായപ്പോള്‍ ഘടകക്ഷികളുടെ കനിവിലാണ് ഇക്കുറി ബിജെപി അധികാരത്തിലേക്ക് നീങ്ങുന്നത്.

അമിത ആത്മവിശ്വാസത്തില്‍ 400 ലധികം സീറ്റുകളെന്ന അവകാശവാദവുമായി പ്രചാരണ രംഗത്തിറങ്ങിയ മോദിക്കേറ്റ കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം. 2014ലും, 2019ലും എല്ലാ കണക്കു കൂട്ടലുകളെയും തെറ്റിച്ച് കേവല ഭൂരിപക്ഷത്തിനപ്പുറവും സീറ്റ് നേടിയ മോദിയും ബിജെപിയും ഇക്കുറി ദുര്‍ബലമായി. 

272 എന്ന മാന്ത്രിക സംഖ്യക്ക് അടുത്തെത്താന്‍ പോലും ബിജെപിക്കായില്ല. നാനൂറ് കടക്കുമെന്ന് പ്രഖ്യാപിച്ച മോദിക്ക് എന്‍ഡിഎയെ മുന്നൂറ് കടത്താന്‍ പോലും കഴിഞ്ഞില്ല. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ മോദി പിന്നിലായത് യുപിയിലെ ആകെയുള്ള പ്രകടനത്തിന്റെ ആദ്യ സൂചനയായിരുന്നു. കഴിഞ്ഞ തവണ 4,79000  വോട്ടുകളുടെ ഭൂരിപക്ഷം നേടിയ മോദിയുടെ ഭൂരിപക്ഷം ഇക്കുറി ഒന്നര ലക്ഷമായി കുത്തനെ ഇടിഞ്ഞു.

അതേസമയം, 2014-ലെയും 2019-ലെയും പൊതുതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി.യോട് പരാജയപ്പെട്ടതിന് ശേഷം കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 99 സീറ്റുകള്‍ നേടി പാര്‍ട്ടി ശക്തമായ തിരിച്ചുവരവ് നടത്തി.

2019ലെ പൊതുതിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കോണ്‍ഗ്രസിന് സീറ്റുകളുടെ എണ്ണം ഇരട്ടിയായി. 52 സീറ്റുകളാണ് പാര്‍ട്ടി നേടിയത്.
മറുവശത്ത്, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 303 സീറ്റുകള്‍ നേടിയ ബിജെപിക്ക് അതിന്റെ 20 ശതമാനത്തോളം മണ്ഡലങ്ങള്‍ നഷ്ടപ്പെട്ടു. എന്‍ഡിഎ 350-ലധികം സീറ്റുകള്‍ നേടുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചിച്ചിരുന്നു.

ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി 37 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കോണ്‍ഗ്രസ് 6 സീറ്റുകള്‍ നേടി. 2014ലും 2019ലും വന്‍ വിജയം നേടിയ ബിജെപിക്ക് 33 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് 13 സീറ്റും ശിവസേന (യുബിടി) 9 സീറ്റും ശരദ് പവാറിന്റെ എന്‍സിപി 8 സീറ്റും നേടി. ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തിന് 17 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ഒഡീഷയിലെ 21 ലോക്സഭാ സീറ്റുകളില്‍ 20 എണ്ണവും നേടിയ ബിജെപി മികച്ച പ്രകടനം പുറത്തെടുത്തു.

ആന്ധ്രാപ്രദേശില്‍ ബിജെപിയും സഖ്യകക്ഷികളായ ടിഡിപിയും ജനസേനയും 25 ലോക്സഭാ സീറ്റുകളില്‍ 21ലും വിജയിച്ചു. സീറ്റുകള്‍ നഷ്ടപ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധാര്‍മിക പരാജയമാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

കണക്കുകള്‍ ഇങ്ങനെ

ബിജെപി - 240

കോണ്‍ഗ്രസ് - 99

സമാജ്വാദി പാര്‍ട്ടി - 37

തൃണമൂല്‍ കോണ്‍ഗ്രസ് - 29

ഡിഎംകെ-22

ടിഡിപി - 16

ജെഡിയു - 12

ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) - 9

എന്‍സിപി (ശരദ് പവാര്‍) 7, 

ശിവസേന - 7

ലോക് ജനശക്തി പാര്‍ട്ടി (രാം വിലാസ്) - 5

വൈഎസ്ആര്‍സിപി -4

ആര്‍ജെഡി-4

സിപിഐ(എം)- 4

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് - 3

എഎപി-3

ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച - 3

ജനസേന പാര്‍ട്ടി - 2

സിപിഐ(എംഎല്‍)(എല്‍) - 2

ജെഡി(എസ്) - 2

വിടുതലൈ ചിരുതൈകള്‍ കച്ചി - 2

സിപിഐ-2

ആര്‍എല്‍ഡി-2

യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി, ലിബറല്‍ - 1

ആസോം ഗണപരിഷത്ത് - 1

ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (സെക്കുലര്‍) - 1

കേരള കോണ്‍ഗ്രസ് - 1

റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി - 1

എന്‍സിപി-1

വോയ്‌സ് ഓഫ് ദി പീപ്പിള്‍ പാര്‍ട്ടി - 1

സോറം പീപ്പിള്‍സ് മൂവ്മെന്റ് - 1

ശിരോമണി അകാലിദള്‍ - 1

രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടി - 1

ഭാരത് ആദിവാസി പാര്‍ട്ടി - 1

സിക്കിം വിപ്ലവ മോര്‍ച്ച - 1

മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം - 1

ആസാദ് സമാജ് പാര്‍ട്ടി (കാന്‍ഷി റാം) - 1

അപ്നാ ദല്‍ (സോണലാല്‍) - 1

എഐഎംഐഎം-1

സ്വതന്ത്രര്‍ - 7

Advertisment