തൃശ്ശൂർ: മുഖ്യമന്ത്രിയും ആർ എസ് എസും പോലീസ് മേധാവിയും ചേർന്നുള്ള മാഫിയ കൂട്ടുകെട്ടിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് തൃശൂർ ജില്ലാ കമ്മിറ്റി, ജില്ല പോലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. തെക്കെ ഗോപുര നടയിൽ നിന്നാരംഭിച്ച മാർച്ച് പോലീസ് ആസ്ഥാനത്തിനു സമീപം പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. പിന്നീട് ജല പീരങ്കി പ്രയോഗിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി പി എം ജിഷാൻ ഉദ്ഘാടനം ചെയ്തു.
പൂരം കലക്കൽ തുടരന്വേഷണം ഇപ്പോഴത്തെ പ്രതിഷേധങ്ങളിൽ നിന്ന് മുഖം തിരിക്കാനുള്ള അടവ് മാത്രമാണെന്ന് ടി പി എം ജിഷാൻ പറഞ്ഞു.
സുരേഷ് ഗോപിയെ ജയിപ്പിക്കാനുള്ള നാടകമായിരുന്നു പൂരം കലക്കൽ. മുഖ്യമന്ത്രിയുടെ അറിവോടെ നടന്ന ഈ പദ്ധതി നടപ്പിലാക്കാക്കിയത് എഡിജിപി അജിത് കുമാറാണ്. പ്രതിയെ തന്നെ കേസന്വേഷണം ഏൽപ്പിക്കുകയാണ് നേരത്തെ മുഖ്യമന്ത്രി ചെയ്‍തത്. അതേ എഡിജിപി, ഇപ്പോഴും ക്രമസമാധാന ചുമതലയിൽ തുടരുകയാണ്. ഘടകകക്ഷികൾ നിരന്തരം ആവശ്യപ്പെട്ടിട്ടും എഡിജിപിയെ മാറ്റാത്തതിന് പിന്നിൽ മുഖ്യമന്ത്രിയുടെ വ്യക്തി താൽപ്പര്യം ആണെന്നും ജിഷാൻ പറഞ്ഞു.
പൂരം കലങ്ങിയത് കൊണ്ട് ഗുണം കിട്ടിയ ഒരേ ഒരാൾ സുരേഷ് ഗോപിയാണ്. ഇലക്ഷന് മുമ്പ് പൂരം കലക്കിയവരെ പിടിക്കുമെന്ന് പറഞ്ഞു ബഹളം ഉണ്ടാക്കിയിരുന്ന ബിജെപി നേതാക്കൾ ഇപ്പൊൾ കുറ്റവാളികളെ പിടിക്കണം എന്ന് ഒരു ഫേസ്‌ബുക്ക് പോസ്റ്റ് പോലും ഇടുന്നില്ല. എഡിജിപി യുടെ റിപ്പോർട്ടിനെതിരെ ഒരു വാക്ക് പോലും മിണ്ടുന്നില്ല.
മുഖ്യമന്ത്രിയും ആർ എസ് എസും എഡിജിപി യും ചേർന്നുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് പൂരം കലക്കിയത് എന്ന് ബോധ്യമായിട്ടും കേവല എതിർപ്പുകൾ കൊണ്ട് സായൂജ്യമടയുകയാണ് സി പി ഐ നേതൃത്വമെന്നും ജിഷാൻ കൂട്ടിച്ചേർത്തു.
യൂത്ത് ലീഗ് ജില്ല പ്രസിഡണ്ട് എ എം സനൗഫൽ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ്, മുസ്‌ലിം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് കെ എ ഹാറൂൺ റഷീദ്, എം എസ് എഫ് സംസ്ഥാന സെക്രട്ടറി എസ് എ അൽ റസിൻ, യൂത്ത് ലീഗ് ജില്ല ഭാരവാഹികളായ കെ കെ സക്കരിയ്യ, എ വി അലി, അസീസ് മന്നലാംകുന്ന്, ടി എ ഫഹദ്, സാബിർ കടങ്ങോട്, ഷജീർ പുന്ന, എം എസ് എഫ് ജില്ല പ്രസിഡണ്ട് ആരിഫ് പാലയൂർ, സി സുൽത്താൻ ബാബു, പി എം ഷെരീഫ്, സി കെ ബഷീർ, വി എം മനാഫ്, കെ എ സുബൈർ പ്രസംഗിച്ചു.