Advertisment

പാലക്കാടും ചേലക്കരയും സി.പി.എം - ബി.ജെ.പി ഡീല്‍; കോണ്‍ഗ്രസ് പുറത്താക്കിയയാളെ പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയാക്കിയതും ഈ ഡീലിന്റെ ഭാഗം: എം.എം ഹസ്സന്‍

New Update

ചേലക്കര: പാലക്കാടും ചേലക്കരയും സി.പി.എം.-ബി.ജെ.പി ഡീലെന്ന് യു.ഡി.എഫ്.കണ്‍വീനര്‍ എം.എം.ഹസ്സന്‍. ചേലക്കരയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ ആളെ പാലക്കാട് ദുര്‍ബ്ബല സ്ഥാനാര്‍ത്ഥിയാണെന്ന് അറിഞ്ഞിട്ടും കൊണ്ടുനടക്കുന്നത് ഡീലിന്റെ ഭാഗമാണ്.

ചേലക്കരയില്‍ രമ്യഹരിദാസിനെയും പാലക്കാട് രാഹുലിനെയും ജനം ഏറ്റെടുത്ത് കഴിഞ്ഞു. ഈ ഡില് കൊണ്ട് ഒരു കാര്യവുമില്ല. ജനം യു.ഡി.എഫിന് ഒപ്പമാണെന്നും എം.എം.ഹസ്സന്‍ പറഞ്ഞു.

പൂരം കലക്കിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സ്വന്തം ഘടകകക്ഷിയായ സി.പി.ഐ വരെ അത് തള്ളിപറഞ്ഞു. ത്രിതല അന്വേഷണത്തിനിടയിലും പൂരകമ്മിറ്റിക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. പൂരം പോലീസും സി.പി.എമ്മും ബി.ജെ.പി.ക്ക് വേണ്ടി കലക്കിയത് തന്നെയാണ്.

യു.ഡി.എഫ്. വിശ്വാസികള്‍ക്കൊപ്പമാണ് എന്നും നിലകൊണ്ടിട്ടുള്ളത്. ജമാഅത്ത് ഇസ്ലാമിയുടെയും പി.ഡി.പി.യുടെയും വോട്ട് വേണ്ടെന്ന് പറയാന്‍ സി.പി.എമ്മിന് കഴിയുമോ ? എം.എം.ഹസ്സന്‍ ചോദിച്ചു. 

വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്ന ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും പാവങ്ങളുടെ ജനജീവിതത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ്. ഇന്ത്യയില്‍ പട്ടിണി മരണം വര്‍ധിക്കുന്നു. ആഗോള പട്ടിണിസൂചികയില്‍ ഇന്ത്യ 105-ാം സ്ഥാനത്താണ്.

വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടുന്നു. നരേന്ദ്രമോദിയുടെ മുഖത്തേക്ക് വിരല്‍ചൂണ്ടി സംസാരിക്കാന്‍ സാധിക്കുന്ന ശക്തമായ പ്രതിപക്ഷമാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ന് കേന്ദ്രത്തിലുള്ളത്. 

അതിലേക്ക് അതിശക്തയായ ധീരവനിത പ്രിയങ്കാഗാന്ധി കൂടി എത്തുന്നതോടെ സംഘപരിവാറിന്റെ ധിക്കാരപരമായ ഏകാധിപത്യപ്രവണതയെ ചെറുക്കാനാകും-എം.എം.ഹസന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കെ.പി.സി.സി.വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രന്‍, കെ.പി.സി.സി.സെക്രട്ടറി ഐ.കെ.രാജു, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.ഐ.ഷാനവാസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെുത്തു.

 

 

 

 

 

Advertisment