തിരുവനന്തപുരം: ബ്രിട്ടീഷ് കൊളോണിയൽ കാലത്തെ ക്രിമിനൽ നിയമങ്ങൾ ഉപേക്ഷിച്ച് ഇന്നു മുതൽ പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നെങ്കിലും കരുതലോടെയാണ് പോലീസിന്റെ നീക്കം. പുതുതായി നിലവിൽ വന്ന ഭാരതീയ ന്യായസംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യത്തെ എഫ്.ഐ.ആർ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്തു.
തിങ്കളാഴ്ച വെളുപ്പിന് 12:20 ന് ആണ് കേസ് രജിസ്റ്റർ ചെയ്തത്. അശ്രദ്ധമായും മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിലും ഇരുചക്ര വാഹനം ഓടിച്ചതിന് കൊണ്ടോട്ടി പോലീസ് സ്വമേധയയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായസംഹിത 2023 ലെ വകുപ്പ് 281, മോട്ടോർ വെഹിക്കിൾ ആക്ട് 1988 ലെ വകുപ്പ് 194 എന്നിവ ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
പുതുതായി നിലവിൽ വന്ന ഭാരതീയ നാഗരിക സുരക്ഷാസംഹിതയിലെ വകുപ്പ് 173 പ്രകാരമാണ് എഫ്.ഐ.ആർ തയ്യാറാക്കിയത്. 1860മുതലുണ്ടായിരുന്ന ഐ.പി.സി, 1898മുതലുള്ള സി.ആർ.പി.സി, 1872ലെ തെളിവ് നിയമം എന്നിവയാണ് മാറിയത്.
പോലീസുകാർക്ക് കാണാപ്പാഠമായിരുന്ന ഐ.പി.സിയടക്കം നിയമങ്ങൾ മാറിയതോടെ, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിലും തെളിവുശേഖരണത്തിലും കുറ്റപത്രം നൽകുന്നതിലുമെല്ലാം സേനയ്ക്ക് വിദഗ്ദ്ധപരിശീലനം അനിവാര്യമാണ്. വകുപ്പുകളിൽ പിഴവുണ്ടായാലും തെളിവുശേഖരണത്തിൽ വീഴ്ചയുണ്ടായാലും കേസിനെ ബാധിക്കും. പ്രതികൾ രക്ഷപെടാനിടയാക്കും.
പുതിയ നിയമപ്രകാരം 90ദിവസത്തിനകം നിർബന്ധമായും കുറ്റപത്രം നൽകണം. പിഴവുകളൊഴിവാക്കാൻ ജില്ലകളിൽ പ്രോസിക്യൂഷൻ ഡയറക്ടറെ നിയമിച്ച്, അവരുടെ അനുമതിയോടെയാവും കുറ്റപത്രം നൽകുക. പോലീസ് സ്‌റ്റേഷനിൽ പരാതിയുമായി ചെന്നാൽ ഉടൻ കേസ് രജിസ്റ്റർ ചെയ്യില്ല. കേസെടുക്കാൻ 14 ദിവസം പോലീസിനു സാവകാശം ലഭിക്കും. പരാതി അന്വേഷിച്ച് കഴമ്പുണ്ടെങ്കിൽ കേസ് എടുക്കും. അല്ലെങ്കിൽ തള്ളും.
സംസ്ഥാന പോലീസ് മേധാവി മുതൽ സിവിൽ പോലീസ് ഓഫീസർമാർ വരെയുള്ളവർക്ക് മൂന്ന് ദിവസത്തെ നിർബന്ധ പരിശീലനം നൽകിയിരുന്നു. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ മാസ്റ്റർ ട്രെയിനർമാരെ തെരഞ്ഞെടുത്തു കൊണ്ടായിരുന്നു പരിശീലനം. വകുപ്പുകൾ നേരാംവണ്ണം മനസിലാക്കിയില്ലെങ്കിൽ തിരിച്ചടിയാകും.
വകുപ്പു മാറിയാൽ ശിക്ഷയും മാറും. ഇന്നു മുതൽ രജിസ്റ്റർ ചെയ്യുന്ന കേസുകൾക്കാണു പുതിയ മാറ്റം ബാധകമാവുക. ഐ.പി.സി, സി.ആർ.പി.സി എന്നിവയ്ക്ക് പകരമുള്ളവയാണ് പുതിയ ക്രിമിനൽ നിയമങ്ങൾ. പോലീസിൽ പകുതിയിലേറെ പേർക്ക് പുതിയ നിയമങ്ങളെക്കുറിച്ച് പരിശീലനം നൽകിക്കഴിഞ്ഞു.
പ്രമുഖ അഭിഭാഷകരാണ് പരിശീലിപ്പിച്ചത്. തൃശൂരിലെ പൊലീസ് അക്കാഡമി, തിരുവനന്തപുരത്തെ പൊലീസ് ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളിലും പുതിയ നിയമങ്ങൾ പരിശീലിപ്പിക്കുന്നുണ്ട്. പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ച് കേന്ദ്രം തയ്യാറാക്കിയ പരിശീലന മൊഡ്യൂൾ പ്രകാരം സംസ്ഥാന തലത്തിലായിരിക്കും ഐ.പി.എസുകാരടക്കം ഉന്നത ഉദ്യോഗസ്ഥർക്ക് പരിശീലനം.
കൊളോണിയൽ കാലത്തെ ഇന്ത്യൻ പീനൽ കോഡ്, ക്രിമിനൽ നടപടിച്ചട്ടം, തെളിവുനിയമം എന്നിവയാണ് പുനപ്രതിഷ്ഠിക്കുന്നത്. പുതിയനിയമങ്ങൾ യഥാക്രമം ഭാരതീയ ന്യായസംഹിത (2023), നാഗരിക് സുരക്ഷാസംഹിത, സാക്ഷ്യ അധിനിയമം എന്നിങ്ങനെയാണ്.
ഇതോടെ വകുപ്പുകളിലും നമ്പറുകളിലും പ്രകടമായ മാറ്റമുണ്ടാകുന്നത് കുറച്ചുകാലത്തേക്കെങ്കിലും ആശയക്കുഴപ്പമുണ്ടാക്കും. മുൻകാല പ്രാബല്യമില്ലാത്തതിനാൽ നിലവിലെ വ്യവഹാരങ്ങളെ ബാധിക്കില്ല. പുതിയ നിയമങ്ങളെക്കുറിച്ച് പ്രാദേശിക ഭാഷയിൽ പോലീസുകാരെ പഠിപ്പിക്കണമെന്നാണ് കേന്ദ്രനിർദ്ദേശം. ലളിതമായ നോട്ടും നൽകണം.
പുതിയനിയമത്തിൽ വകുപ്പ് 113 ലാണ് ഭീകരപ്രവർത്തനം വരുന്നത്. സംഘടിത കുറ്റകൃത്യം 111 ലാണ്. രണ്ടിനും ഐ.പി.സി.യിൽ വകുപ്പുകളുണ്ടായിരുന്നില്ല. കേസുകൾ പ്രത്യേകമാണ് കൈകാര്യം ചെയ്തിരുന്നത്. സ്വവർഗാനുരാഗം കുറ്റമാക്കുന്ന 377 ഒഴിവാക്കി. വ്യഭിചാരത്തിനെതിരായ 497 ഇല്ലാതായി.
കൊലപാതകശിക്ഷയ്ക്കുള്ള ഐ,പി.സി സെക്‌ഷൻ 302 പുതിയതിൽ 103-ാം വകുപ്പാണ്. 302 ഇനി പിടിച്ചുപറിക്കാർക്കുള്ളതാണ്. 120എ കുറ്റകരമായ ഗൂഢാലോചന, 60(1) ആകും. നിയമവിരുദ്ധ സംഘംചേരലിന് 144 പ്രഖ്യാപിക്കുന്നതിന് പകരം 187 ആയിരിക്കും. 420 നിലവിൽ വഞ്ചനാക്കുറ്റമാണ്.
പുതിയ നിയമത്തിൽ അതേ നമ്പറിൽ ഒരു വകുപ്പുമില്ല. 316-ാം വകുപ്പിലാണ് തട്ടിപ്പ് കൈകാര്യം ചെയ്യുക. രാജ്യദ്രോഹത്തിനുള്ള 124-എ, ഇനി150 ആകും. കൈക്കൂലി 171 ബിയിൽ നിന്ന് 170, സ്ത്രീധനമരണം 304 ബി മാറി 80, ബലാത്സംഗം 375 - 63, മോഷണക്കുറ്റം 378 - 303, വിശ്വാസവഞ്ചന 405- 316, അപകീർത്തി 499ൽ നിന്ന് 356 എന്നിങ്ങനെ മാറും.