Advertisment

വാരിക്കോരി മാർക്ക് നൽകി എസ്എസ്എൽസി എഴുതുന്ന എല്ലാവരെയും ജയിപ്പിച്ചത് തിരിച്ചടിയായി. പ്ലസ്ടുവിനും എൻട്രൻസുകൾക്കും മലയാളി വിദ്യാർത്ഥികളുടെ പ്രകടനം മോശം. എസ്എസ്എൽസി ജയിക്കുന്നവർക്ക് തെറ്റില്ലാതെ സ്വന്തം പേരെഴുതാൻ പോലുമറിയില്ലെന്ന് വിദ്യാഭ്യാസ ഡയറക്ടറും. എഴുത്തുപരീക്ഷയിൽ ഓരോ വിഷയത്തിലും 30% മാർക്ക് നേടിയവരെയേ ഇനി ജയിപ്പിക്കൂ. 9-ാം ക്സാസ് വരെയുള്ള ഓൾപാസും നിർത്തലാക്കും

ആകെ 30 ശതമാനം മാർക്ക് ലഭിച്ചാൽ കുട്ടി പാസാവുന്നതാണ് നിലവിലെ രീതി. 20 മാർക്ക് നിരന്തര മൂല്യനിർണയത്തിലൂടെയും 10 മാർക്ക് എഴുത്ത് പരീക്ഷയിലൂടെയും നേടിയാൽ മതി. എന്നാൽ ഇനി മുതൽ 20 മാർക്ക് നിരന്തര മൂല്യനിർണയത്തിലൂടെ നേടിയാലും എഴുത്ത് പരീക്ഷയിൽ 12 മാർക്ക് ലഭിച്ചാൽ മാത്രമേ വിജയിക്കാനാവൂ. ഒൻപതാം ക്ളാസ് വരെയുള്ള ഓൾ പാസ് സമ്പ്രദായവും നിർത്തലാക്കും.

author-image
nidheesh kumar
Updated On
New Update
v sivankutty sslc

തിരുവനന്തപുരം: വാരിക്കോരി മാർക്ക് കൊടുത്ത് എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് എല്ലാവരെയും ജയിപ്പിക്കുന്നത് വിനയായെന്ന് ഹയർ സെക്കൻഡറി പരീക്ഷാ ഫലത്തിലൂടെ തിരിച്ചറിഞ്ഞ സർക്കാർ പുനപരിശോധനയ്ക്ക്. ഇക്കൊല്ലം എസ്.എസ്.എൽ.സിക്ക് 99.69 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം ഇത് 99.70 ശതമാനം ആയിരുന്നു. 4.27 ലക്ഷം പേർ പരീക്ഷയെഴുതിയതിൽ 4.26 ലക്ഷവും വിജയിച്ചു.

Advertisment

എന്നാൽ ഹയർ സെക്കൻഡറി ഫലം വന്നപ്പോൾ കളിമാറി. മൊത്തം വിജയം കുറഞ്ഞതിനൊപ്പം 14 ജില്ലകളിലും വിജയ ശതമാനത്തിൽ ഇടിവുണ്ടായി. 78.69 ശതമാനം മാത്രമാണ് വിജയം. 3.74 ലക്ഷം പേർ പരീക്ഷയെഴുതിയെങ്കിലും 2.94 ലക്ഷം പേർക്കേ വിജയിക്കാനായുള്ളൂ. ഫുൾ എ പ്ലസ് നേടിയവർ 39,242 മാത്രം. നൂറ് ശതമാനം വിജയം നേടിയ സ്കൂളുകൾ 63 മാത്രം.


ഹയർ സെക്കൻഡറി വിജയത്തിലെ ഈ ഇടിവ് കണക്കിലെടുത്ത് എസ്.എസ്.എൽ.സി മൂല്യനിർണയത്തിലടക്കം സമഗ്ര പരിഷ്കരണം നടപ്പാക്കാൻ ഒരുങ്ങുകയാണ് സർക്കാർ. അതിനായി അടുത്ത അദ്ധ്യയന വർഷം മുതൽ എസ്.എസ്.എൽ.സി പരീക്ഷാരീതിയിൽ മാറ്റം വരുത്തുകയാണ്. ഇനി എല്ലാ വിഷയത്തിനും മിനിമം മാർക്ക് ലഭിക്കുന്ന വിദ്യാർത്ഥിക്ക് മാത്രമേ ഉപരിപഠന യോഗ്യത ലഭ്യമാകൂ. 40 മാർക്കിന്റെ എഴുത്ത് പരീക്ഷയിൽ മിനിമം 12 മാർക്ക് വേണം. 80 മാർക്കിന്റെ എഴുത്ത് പരീക്ഷയിൽ 24 മാർക്കായിരിക്കും മിനിമം.

ആകെ 30 ശതമാനം മാർക്ക് ലഭിച്ചാൽ കുട്ടി പാസാവുന്നതാണ് നിലവിലെ രീതി. 20 മാർക്ക് നിരന്തര മൂല്യനിർണയത്തിലൂടെയും 10 മാർക്ക് എഴുത്ത് പരീക്ഷയിലൂടെയും നേടിയാൽ മതി. എന്നാൽ ഇനി മുതൽ 20 മാർക്ക് നിരന്തര മൂല്യനിർണയത്തിലൂടെ നേടിയാലും എഴുത്ത് പരീക്ഷയിൽ 12 മാർക്ക് ലഭിച്ചാൽ മാത്രമേ വിജയിക്കാനാവൂ. ഒൻപതാം ക്ളാസ് വരെയുള്ള ഓൾ പാസ് സമ്പ്രദായവും നിർത്തലാക്കും.


ഹയർ സെക്കൻഡറിയിൽ നൂറ് ശതമാനം വിജയം നേടിയ സർക്കാർ സ്കൂളുകളുടെ എണ്ണം കുറഞ്ഞതിൽ പരിശോധന നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. 100 ശതമാനം വിജയം നേടിയ സർക്കാർ സ്കൂളുകൾ ഏഴെണ്ണം മാത്രമായ സാഹചര്യത്തിലാണിത്.


പഠനനിലവാരം മെച്ചപ്പെടുത്താൻ ഒരു വർഷം നീളുന്ന ഡ്രൈവ് നടത്താനും പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി അദ്ധ്യാപക സംഘടനകളുടെ യോഗം അടുത്തയാഴ്ച ചേരും. അവരുടെ കൂടി അഭിപ്രായം പരിഗണിച്ച ശേഷമായിരിക്കും മാറ്റങ്ങൾ.

പരീക്ഷയുടെ നിലവാരം ഉയർത്താനാണ് എസ്.എസ്.എൽ.സിയിൽ മിനിമം മാർക്ക് മാനദണ്ഡം ഏർപ്പെടുത്തുന്നത്. അടുത്ത വർഷം മുതൽ എഴുത്തുപരീക്ഷയിൽ ഓരോ വിഷയത്തിലും ചുരുങ്ങിയത് 30 ശതമാനം മാർക്ക് നേടിയവരെ മാത്രം വിജയിപ്പിക്കുന്ന രീതിയാണ് നടപ്പാക്കുക.


വാരിക്കോരി മാർക്ക് നൽകുന്ന സമീപനം വന്നതോടെ എസ്.എസ്.എൽ.സിയുടെ നിലവാരം ഇടിഞ്ഞു. പരീക്ഷ ജയിക്കുന്നവർക്ക് സ്വന്തം പേര് തെറ്റില്ലാതെ എഴുതാൻപോലും അറിയില്ലെന്ന വിമർശനം ഉയർന്നിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഒരു യോഗത്തിൽ ഇക്കാര്യം പറഞ്ഞത്.


ബിരുദം മുതലുള്ള പ്രവേശനത്തിന് എൻട്രൻസ് വന്നതോടെ കേരളത്തിൽ പഠിച്ചവർ പിന്തള്ളപ്പെടുന്ന സാഹചര്യമായി. എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി തലങ്ങളിലെ ഉദാര സമീപനമാണ് പ്രവേശന പരീക്ഷകളിൽ തിരിച്ചടിയായതെന്നാണ് വിലയിരുത്തൽ. ഇതോടെ വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റങ്ങൾക്ക് തയ്യാറെടുക്കുകയാണ് സർക്കാർ.

Advertisment