Advertisment

പോളിംഗ് ശതമാനം കണ്ട് വിലയിരുത്തൽ നടത്താനാവാതെ മുന്നണികൾ. ഫലത്തെ സ്വാധീനിക്കുക അടിയൊഴുക്കുകളും യുവ, വനിതാ വോട്ടർമാരും. ന്യൂനപക്ഷ മുസ്ലിം - ക്രിസ്ത്യൻ പിന്തുണയും നിർണായകം. തദ്ദേശതിരഞ്ഞെടുപ്പ് ഒന്നര വർഷവും നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടു വർഷവും അകലെ. മൂന്ന് മുന്നണികൾക്കും ഇത് നിലനിൽപിനുള്ള ജീവന്മരണ പോരാട്ടം

രാത്രി ഏഴ് വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് 69.04 ശതമാനം പോളിംഗ് നടന്നിട്ടുണ്ട്. അവസാന കണക്കിൽ ഇത് 75 ശതമാനത്തിനടുത്ത് എത്താനിടയുണ്ട്. കണ്ണൂരിലാണ് ഏറ്റവുമധികം പോളിംഗ്- 73.80 ശതമാനം. കാസർകോട് 72.52 ശതമാനവുമായി തൊട്ടുപിന്നിൽ. ഉയർന്ന പോളിംഗ് ശതമാനം യു.ഡി.എഫ്, എൽ.ഡി.എഫ്. എൻ.ഡി.എ മുന്നണികൾക്ക് ഒരുപോലെ പ്രതീക്ഷയും ഉൾക്കിടിലവും പകരുന്നതാണ്.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
polling booth-2

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന പ്രശ്നത്തിലെ പ്രക്ഷോഭത്തെതുട‌ർന്ന് ഭരണവിരുദ്ധ വികാരം സുനാമി പോലെ ആഞ്ഞടിച്ച 2019ലെ അത്രയും പോളിംഗ് ശതമാനം ഉണ്ടാവില്ലെങ്കിലും ഇത്തവണയും മുന്നണികളെ ആശയക്കുഴപ്പത്തിലാ‌ക്കി ഉയർന്ന പോളിംഗ് ശതമാനമാണ്.

Advertisment

വീറും വാശിയും നിറഞ്ഞ പോരാട്ടത്തിന്റെ ചൂട് വോട്ടെടുപ്പിലും പ്രതിഫലിച്ചതിന്റെ സൂചനയാണ് മിക്ക ജില്ലകളിലെയും ബൂത്തുകളിലെ നെടുനീളൻ ക്യൂ. ബൂത്തുകൾക്ക് മുമ്പിൽ രാത്രി വൈകും വരെ സ്ത്രീകളും യുവജനങ്ങളുമുൾപ്പെടെയുളള വോട്ടർമാരുടെ നീണ്ടനിര കാണാനായി.


കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ 77.84 ശതമാനമായിരുന്നു പോളിംഗ്. 19 സീറ്റാണ് യു.ഡി.എഫ് നേടിയത്. ഇടതിന് ആലപ്പുഴ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അടുത്ത തിരഞ്ഞെടുപ്പിന് ഇനി ഒന്നര വ‌ർഷം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് വർഷവും. ഈ തിരഞ്ഞെടുപ്പ് ഫലം അതിന്റെ ചൂണ്ടുപലക കൂടിയാണ്. അതിനാൽ മൂന്ന് മുന്നണികളെ സംബന്ധിച്ചും ഇത് നിലനിൽപിനുള്ള ജീവന്മരണ പോരാട്ടവുമാണ്.


രാത്രി ഏഴ് വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് 69.04 ശതമാനം പോളിംഗ് നടന്നിട്ടുണ്ട്. അവസാന കണക്കിൽ ഇത് 75 ശതമാനത്തിനടുത്ത് എത്താനിടയുണ്ട്. കണ്ണൂരിലാണ് ഏറ്റവുമധികം പോളിംഗ്- 73.80 ശതമാനം. കാസർകോട് 72.52 ശതമാനവുമായി തൊട്ടുപിന്നിൽ. ഉയർന്ന പോളിംഗ് ശതമാനം യു.ഡി.എഫ്, എൽ.ഡി.എഫ്. എൻ.ഡി.എ മുന്നണികൾക്ക് ഒരുപോലെ പ്രതീക്ഷയും ഉൾക്കിടിലവും പകരുന്നതാണ്.

ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലെ മോദിവിരുദ്ധ വികാരം യു.ഡി.എഫ് അനുകൂല തരംഗത്തിന്റെ സൂചനയാണെന്ന് വിലയിരുത്തപ്പെടുന്നു. പിണറായി സർക്കാരിന്റെ വിലയിരുത്തലാവും എൽ.ഡി.എഫിന് നിർണായകമാവുക. മോഡിയുടെ ഗ്യാരന്റിയിൽ വികസനത്തിനായി വോട്ടു ചോദിച്ച ബി.ജെ.പിയും അക്കൗണ്ട് തുറക്കാനാവുമെന്ന പ്രതീക്ഷയിലാണ്.

എതിർമുന്നണികളുടെ കോട്ടകൊത്തളങ്ങൾ നിലംപരിശാക്കി താമര വിരിയിക്കുമെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. ഉയർന്ന പോളിംഗ് ശതമാനം ഫലം പ്രവചനാതീതമാക്കുന്നു എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.


ന്യൂനപക്ഷ മുസ്ലിം - ക്രിസ്ത്യൻ വിഭാഗങ്ങളുടെ പിന്തുണ കൂടുതൽ ലഭിക്കുക യു.ഡി.എഫിനാണോ എൽ.ഡി.എഫിനാണോ എന്നതാണ് വിധി നിർണയിക്കുന്ന മറ്രൊരു ചോദ്യം. തൃശൂർ, തിരുവനന്തപുരം അടക്കം മണ്ഡലങ്ങളിൽ ബി.ജെ.പിയും ക്രിസ്ത്യൻ പിന്തുണ പ്രതീക്ഷിക്കുന്നു.


2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വിഭാഗങ്ങൾ തുണച്ചത് എൽ.ഡി.എഫിനെയാണ്. 140 സീറ്റിൽ 91 ഉം നേടി എൽ.ഡി.എഫ് അധികാരത്തിലേറി. യു.ഡി.എഫിന് കിട്ടിയത് 48 സീറ്റ്. ബി.ജെ.പി ക്ക് ഒരു സീറ്റും.

2021ലും എൽ.ഡി.എഫിനായിരുന്നു വിജയം. ബി.ജെ.പിയെ ഫലപ്രദമായി നേരിടാൻ കഴിയുന്നത് എൽ.ഡി.എഫിനാണെന്ന തിരിച്ചറിവിൽ ന്യൂനപക്ഷ സമുദായങ്ങൾ  ഇത്തവണയും തുണയ്ക്കുമെന്ന് ഇടതുമുന്നണി കണക്കുകൂട്ടുന്നു.

പാർലമെന്റ് തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇതിന് മുമ്പ് ഏറ്റവും ഉയർന്ന പോളിംഗ് നടന്ന 1989ൽ ഇരുപതിൽ 17 സീറ്റും കിട്ടിയത് യു.ഡി.എഫിനാണ്. 14 സീറ്റ് കോൺഗ്രസിനും 2 സീറ്റ് ലീഗിനും ഒരു സീറ്റ് കേരളാ കോൺഗ്രസിനും. എൽ.ഡി.എഫ് മൂന്ന് സീറ്റിലൊതുങ്ങി. 79.3 ശതമാനമായിരുന്നു പോളിംഗ്.

അതേസമയം, ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ (77.35ശതമാനം) നേട്ടം കൊയ്തത് എൽ.ഡി.എഫാണ് (91 സീറ്റ്). 2004ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 20ൽ 18 സീറ്റോടെ എൽ.ഡി.എഫ് അട്ടിമറി വിജയം നേടി (പോളിംഗ് 71.45ശതമാനം). 71.37ശതമാനം പോളിംഗ് നടന്ന 2009ൽ 16 സീറ്റും കൈക്കലാക്കിയത് യു.ഡ‌ി.എഫാണ്. എൽ.ഡി.എഫ് നാല് സീറ്റിലൊതുങ്ങി. എന്നാൽ 2014ൽ പോളിംഗ് 74.02 ശതമാനമായി ഉയർന്നിട്ടും യു.ഡി.എഫ് വിജയം 12 സീറ്റിലൊതുങ്ങി. 8 സീറ്റ് നേടിയത് എൽ.ഡി.എഫാണ്.


വോട്ടെടുപ്പ് തീരുന്നതിന് ഒരു മണിക്കൂർ മുമ്പേ ഇരുപത് മണ്ഡലങ്ങളിലും എഴുപത് ശതമാനത്തിന് അടുത്ത് പോളിംഗ് രേഖപ്പെടുത്തിയത് വോട്ടെടുപ്പിന്റെ ആവേശം പ്രതിഫലിപ്പിക്കുന്നതായി. ഉയർന്ന പോളിംഗ് ശതമാനം ആരെ തുണയ്ക്കുമെന്നതാണ് ആകാംക്ഷയുണർത്തുന്ന ചോദ്യം.


ത്രികോണപ്പോരിന്റെ തലത്തിലേക്ക് നീങ്ങിയ പോരാട്ടമായത് കൊണ്ടുതന്നെ പോളിംഗ് ശതമാനം ഉയർന്നതിൽ മൂന്ന് മുന്നണികളും ഒരുപോലെ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. തീക്ഷ്ണമായ ത്രികോണപ്പോരിന് സാക്ഷ്യം വഹിച്ച തിരുവനന്തപുരം, തൃശൂർ, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ വോട്ടിംഗ് ദിനത്തിലും വീറും വാശിയും പ്രകടമായി.

മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം ഇങ്ങനെ (രാത്രി ഏഴ് വരെയുള്ള കണക്ക്)

സംസ്ഥാനം - 70.03

1. തിരുവനന്തപുരം - 66.39

2. ആറ്റിങ്ങല്‍ - 69.36

3. കൊല്ലം - 67.79

4. പത്തനംതിട്ട - 63.32

5. മാവേലിക്കര - 65.83

6. ആലപ്പുഴ - 74.14

7. കോട്ടയം - 65.57

8. ഇടുക്കി - 66.34

9. എറണാകുളം - 67.82

10. ചാലക്കുടി - 71.50

11. തൃശൂര്‍ - 71.70

12. പാലക്കാട് - 72.20

13. ആലത്തൂര്‍ - 72.12

14. പൊന്നാനി - 67.22

15. മലപ്പുറം - 71.10

16. കോഴിക്കോട് - 72.67

17. വയനാട് - 72.52

18. വടകര - 72.71

19. കണ്ണൂര്‍ - 75.32

20. കാസര്‍ഗോഡ് - 73.84

(തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടത്)

Advertisment