Advertisment

തൃശൂരിൽ ഇത്തവണ ഇരട്ടപ്പൂരങ്ങൾ- ഒന്ന് സാക്ഷാൽ തൃശൂർ പൂരം, രണ്ടാമത്തേത് തിരഞ്ഞെടുപ്പ് പൂരവും. ആനകളെ എഴുന്നള്ളിക്കുന്നതിന് കർശന നിയന്ത്രണമേർപ്പെടുത്തിയ ഉത്തരവ് വോട്ടു ചോ‌ർത്തുമെന്ന് സി.പി.ഐയ്ക്ക് ഭയം. മന്ത്രിസഭാ യോഗത്തിൽ ഉന്നയിച്ച് മന്ത്രി കെ.രാജൻ. ആന എഴുന്നള്ളിപ്പ് ഉത്തരവുകളെല്ലാം പരിഷ്കരിച്ച് സർക്കാർ. ത്രികോണപ്പോരിൽ ആനയും പൂരവും പ്രചാരണ വിഷയങ്ങളാവുമ്പോൾ

മുൻകാലങ്ങളിൽ പൂരത്തിനും വെടിക്കെട്ടിനും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന്റെ അലയൊലികൾ അടങ്ങിയിട്ടില്ല. അതിനിടയിലാണ് പൂരപ്രേമികൾക്കും ദേവസ്വങ്ങൾക്കും അതൃപ്തിയുണ്ടാക്കുന്ന തരത്തിൽ തൃശ്ശൂർ പൂരത്തിന് പരിധിവിട്ട തരത്തിലുള്ള ആന നിയന്ത്രണം ഏർപ്പെടുത്തി വനം വകുപ്പ് ഉത്തരവിറക്കിയത്.

New Update
thrissur pooram alligations

തിരുവനന്തപുരം: പൂരങ്ങളുടെ നാടായ തൃശൂരിൽ ഇത്തവണ രണ്ട് പൂരങ്ങളാണ് - സാക്ഷാൽ തൃശൂർ പൂരവും ലോകസഭാ തിര‍ഞ്ഞെടുപ്പ് പൂരവും. അതിശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലം കൂടിയാണ് തൃശൂർ. തൃശൂരുകാർക്ക് പൂരം ഒരു വികാരമായതിനാൽ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന ഭയം മുന്നണികൾക്കുണ്ട്.

Advertisment

മുൻകാലങ്ങളിൽ പൂരത്തിനും വെടിക്കെട്ടിനും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന്റെ അലയൊലികൾ അടങ്ങിയിട്ടില്ല. അതിനിടയിലാണ് പൂരപ്രേമികൾക്കും ദേവസ്വങ്ങൾക്കും അതൃപ്തിയുണ്ടാക്കുന്ന തരത്തിൽ തൃശ്ശൂർ പൂരത്തിന് പരിധിവിട്ട തരത്തിലുള്ള ആന നിയന്ത്രണം ഏർപ്പെടുത്തി വനം വകുപ്പ് ഉത്തരവിറക്കിയത്.


ആനകൾക്കും ആൾക്കൂട്ടത്തിനുമിടയിൽ ആറുമീറ്റർ സ്ഥലം ഒഴിച്ചിടണമെന്നായിരുന്നു ഉത്തരവ്. പൂരത്തിന്റെ നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കാവുന്നതായിരുന്നു ഈ ഉത്തരവ്. മാത്രമല്ല, തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബി.ജെ.പിയും കോൺഗ്രസും ഈ വിഷയം ഉന്നയിക്കുമെന്നതും സർക്കാരിനെ പ്രതിസന്ധിയിലാക്കി.


ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിലും ആന എഴുന്നള്ളിപ്പിലെ നിയന്ത്രണം ചർച്ചാവിഷയമായി. ആനകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ വെറ്ററിനറി ഡോക്ടർമാരുടെ സംഘത്തിന് പുറമെ വനംവകുപ്പ് വിദഗ്ധരുടെ പ്രത്യേക സംഘം വേണമെന്ന വനംവകുപ്പിന്റെ സർക്കുലർ റദ്ദാക്കി.  

കൂടാതെ പൂരത്തിന് ആനകളെ നിയന്ത്രിക്കാൻ 80 അംഗ റാപ്പിഡ് റെസ്പോൺസ് ടീം വേണമെന്ന വ്യവസ്ഥ 5 അംഗങ്ങളാക്കി പരിമിതപ്പെടുത്തികൊണ്ട് സർക്കാർ ഉത്തരവ് പുതുക്കി. മന്ത്രിസഭാ തീരുമാനത്തിന് പിന്നാലെ ചീഫ് വൈൽഡ് ലൈഫ് വാർഡനും പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററുമായ ഡി.ജയപ്രസാദ് അടിയന്തിരമായി ഉത്തരവ് പുറത്തിറക്കി.

പൂരത്തിന് ആനകളെ ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ എതിർത്ത് തൃശ്ശൂർ പൂരത്തിലെ പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും ആന ഉടമകളും രംഗത്തെത്തിയിരുന്നു.


പൂരത്തിന്റെ സകല ആവേശവും കെടുത്തുന്ന തരത്തിലാണ് ആനകളെ നിയന്ത്രിക്കുന്നതിന് വനംവകുപ്പ് പുറത്തിറക്കിയ ഉത്തരവുകളെന്ന് മന്ത്രിസഭായോഗത്തിൽ റവന്യു മന്ത്രി കെ.രാജൻ ചൂണ്ടിക്കാട്ടി. വനംവകുപ്പിനെ രൂക്ഷമായി വിമർശിച്ച മന്ത്രി രാജൻ തൃശ്ശൂരിൽ ലോകസഭാ തിരഞ്ഞെടുപ്പിൽ ഇത് ഇടതുമുന്നണിക്ക് തിരിച്ചടിയായേക്കുമെന്നും ചൂണ്ടിക്കാട്ടി.


സുരക്ഷ കണക്കിലെടുത്ത് മാത്രമാണ് വനംവകുപ്പിന്റെ ഇടപെടലെന്ന വനം മന്ത്രി ശശീന്ദ്രന്റെ ന്യായീകരണം യോഗം അംഗീകരിച്ചില്ല. തുടർന്ന് വനംമന്ത്രിയും മന്ത്രി രാജനും ചർച്ച ചെയ്ത് നിർദ്ദേശം സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഇതുപ്രകാരമുള്ള നിർദ്ദേശം മന്ത്രിസഭ അതേപടി അംഗീകരിക്കുകയായിരുന്നു. തുടർന്ന് വനം വകുപ്പ് നേരത്തേ ഇറക്കിയ ഉത്തരവുകൾ പരിഷ്കരിച്ചു.

ലോകസഭാ തിരഞ്ഞെടുപ്പ് പ്രചരണപര്യടനത്തിലായ മുഖ്യമന്ത്രി പിണറായി വിജയൻ പാലക്കാടു നിന്നാണ്  മന്ത്രിസഭായോഗത്തിൽ ഓൺലൈനായി പങ്കെടുത്തത്. മന്ത്രിമാർ വിവിധ ജില്ലകളിലിരുന്നും ചീഫ് സെക്രട്ടറി സെക്രട്ടേറിയറ്റിലിരുന്നും പങ്കെടുത്തു.

ആറ് അജണ്ടകളാണ് ഇന്നലെ മന്ത്രിസഭയിലെത്തിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പരിഗണിച്ച് അതിൽ നാലെണ്ണവും തീരുമാനമെടുക്കാതെ മാറ്റിവെച്ചു. ചില ഉദ്യോഗസ്ഥർക്ക് പ്രമോഷൻ നൽകുന്നതും തസ്തിക പരിഷ്ക്കരണവും മാത്രമാണ് പരിഗണിച്ചത്.

Advertisment