തിരുവനന്തപുരം: കരുത്തരായ സ്ഥാനാർത്ഥികളെ ഇറക്കി അങ്കത്തട്ടിൽ ജയിച്ചുകയറാൻ തന്ത്രങ്ങളൊരുക്കുകയാണ് സിപിഐ. നഷ്ടമായ ദേശീയപാർട്ടി പദവി തിരിച്ചുപിടിക്കാനടക്കം ഉജ്വല വിജയം നേടേണ്ടത് അനിവാര്യമാണ്. കഴിഞ്ഞ ഏപ്രിലിലാണ് സിപിഐയുടെ ദേശീയപദവി തിരഞ്ഞെടുപ്പ് കമ്മിഷൻ നീക്കിയത്.
പകരം ആം ആദ്മി പാർട്ടിക്ക് ദേശീയ പാർട്ടി പദവി ലഭിക്കുകയും ചെയ്തു. ദേശീയ പാർട്ടി പദവി ലഭിക്കണമെങ്കിൽ നാലോ അതിലേറെയോ സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടിയായി അംഗീകരിക്കപ്പെടുകയോ ലോകസഭയിൽ രണ്ട് ശതമാനം സീറ്റുകൾ നേടുകയോ വേണമെന്നാണ് ചട്ടം. ദേശീയ പാർട്ടി പദവി നഷ്ടമായാൽ അതിന് അംഗീകാരമില്ലാത്ത സംസ്ഥാനങ്ങളിൽ സ്ഥാനാർത്ഥികൾക്കെല്ലാം പൊതുചിഹ്നം ലഭിക്കില്ല. എന്നാൽ കേരളത്തിൽ ഭരണമുന്നണിയിലുള്ളതിനാൽ സിപിഐയ്ക്ക് ചിഹ്നത്തിന്റെ പ്രശ്നം വരില്ല.
ഇത്തവണ തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ, മാവേലിക്കരയിൽ സി.എ.അരുൺകുമാർ, തൃശൂരിൽ വി.എസ്.സുനിൽകുമാർ, വയനാട്ടിൽ ആനിരാജ എന്നിവരാവും സി.പി.ഐ സ്ഥാനാർത്ഥികൾ. 26ന് ചേരുന്ന സംസ്ഥാന നേതൃയോഗങ്ങളിൽ പട്ടികയ്ക്ക് അന്തിമ രൂപം നൽകും. തുടർന്ന് ദേശീയ നേതൃത്വത്തിന്റെ അനുമതിയോടെയാവും പ്രഖ്യാപിക്കുക.
തിരുവനന്തപുരത്ത് മണ്ഡലത്തിൽ പരിഗണിക്കുന്ന പന്ന്യൻ രവീന്ദ്രൻ മത്സരിക്കാൻ വിമുഖത പ്രകടിപ്പിച്ചിരുന്നു. എന്നാൽ പാർട്ടി നേതൃത്വത്തിന്റെ ശക്തമായ നിർബന്ധത്തിനൊടുവിലാണു മത്സരിക്കാൻ അദ്ദേഹം സമ്മതം മൂളിയത്. മാവേലിക്കരയിൽ എ.ഐ.വൈ.എഫ് നേതാവ് സി.എ.അരുൺകുമാറിനെയും തൃശ്ശൂരിൽ മുൻമന്ത്രി വി.എസ് സുനിൽകുമാറിനെയുമാണ് പരിഗണിക്കുന്നത്.
തൃശ്ശൂരിലും തിരുവനന്തപുരത്തും വാശിയേറിയ ത്രികോണ മത്സരമാണ് പ്രതീക്ഷിക്കപ്പെടുന്നത്. വയനാട്ടിൽ രാഹുൽ ഗാന്ധിയെ നേരിടാനാണ് പാർട്ടിയുടെ ദേശീയ നേതാവായ ആനിരാജയെ മത്സരിപ്പിക്കുന്നത്. നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ ജനറൽ സെക്രട്ടറി കൂടിയായ അവർ സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജയുടെ ഭാര്യയുമാണ്.
എ.ഐ.വൈ.എഫ് സംസ്ഥാന കമ്മറ്റിയംഗമായ സി.എ അരുൺകുമാർ കായംകുളം സ്വദേശിയാണ്. സി.പി.ഐ കുടുംബത്തിൽ നിന്നും പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയായ എ.ഐ.എസ്.എഫിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. എ.ഐ.എസ്.എഫ് ആലപ്പുഴ ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചു.
കായംകുളം എം.എസ്.എം കോളേജിൽ ബി.എയ്ക്ക് പഠിക്കുമ്പോൾ കേരള യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വിദ്യാർത്ഥിയായിരിക്കുമ്പോൾ നിരവധി സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. പാർട്ടിയുടെ യുവജന വിഭാഗമായ എ.എൈ.വൈ.എഫിന്റെ ആലപ്പുഴ ജില്ലാ പ്രസിഡന്റായിരുന്നു.
അഖിലേന്ത്യ ദളിത് റൈറ്റ്സ് മൂവ്‌മെന്റ് ആലപ്പുഴ ജില്ലാ പ്രസിഡന്റാണ്. റിട്ട.മിലട്ടറി ഉദ്യോഗസ്ഥൻ അയ്യപ്പന്റെയും വീട്ടമ്മയായ ഓമനയുടെയും മകനായ അരുൺ നിലവിൽ എ.എൈ.വൈ.എഫ് സംസ്ഥാന കമ്മറ്റിയംഗവും കൃഷിമന്ത്രി പി. പ്രസാദിന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയുമാണ്. എൽ.എൽ.ബി ബിരുദധാരികൂടിയായ ഇദ്ദേഹം കായംകുളം, മാവേലിക്കര കോടതികളിൽ പ്രാക്ടീസ് ചെയ്യുന്നു. ദേവി ജയശ്രീ ഭാര്യയും ആത്മിക മകളുമാണ്.
സി.പി.ഐ കേന്ദ്ര എക്സിക്യൂട്ടീവ് അംഗമായ ആനി രാജ കണ്ണൂർ ജില്ലയിലെ ഇരിട്ടി ആറളം സ്വദേശിയാണ്. സ്‌കൂൾ വിദ്യാർത്ഥിനിയായിരിക്കുമ്പോൾ തന്നെ സി.പി.ഐ.യുടെ വിദ്യാർഥിവിഭാഗമായ എ.ഐ.എസ്.എഫിന്റെ മണ്ഡലം സെക്രട്ടറിയായി രാഷ്ട്രീയത്തിലെത്തി. ദേവമാത പാരലൽ കോളേജിൽ ബി.എയ്ക്ക് പഠിക്കുമ്പോൾ മഹിള സംഘം കണ്ണൂർ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു.
പിന്നീട് സംഘത്തിന്റെ വടക്കൻ മേഖല സെക്രട്ടറി, സംസ്ഥാന അസി.സെ്രകട്ടറി പദവികൾ വഹിച്ചു. 22-ാം വയസിൽ സി.പി.ഐ സംസ്ഥാനകമ്മറ്റിയംഗം. സി.പി.ഐ കാസർകോട് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിച്ച വനിതാ മാർച്ചിൽ പങ്കെടുത്ത 51 ബിരുദധാരികളിൽ ഒരാൾ.
പിന്നീട് പാർട്ടി രാഷ്ട്രീയ പഠനത്തിനായി തിരഞ്ഞെടുത്ത 12 പെൺകുട്ടികളിൽ ഒരാളായി മോസ്‌കോയിലേക്ക് പോയി. ആറു മാസത്തിന് ശേഷം തിരികെയെത്തി. നിലവിൽ സി.പി.ഐ കേന്ദ്ര എക്സിക്യൂട്ടീവ് അംഗവും പാർട്ടിയുടെ മഹിള വിഭാഗമായ നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ എന്ന സംഘടനയുടെ ദേശീയ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നു.
സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജയാണ് ഭർത്താവ്. എ.എൈ.വൈ.എഫ് ദേശീയ കമ്മറ്റി അംഗമായ അപരാജിത രാജ മകളാണ്. ഇരിട്ടി ആറളം വട്ടപ്പറമ്പ് വീട്ടിൽ തോമസിന്റെയും മറിയയുടെയും മകളായ ആനിരാജയുടെ സഹോദരൻ കെ.ടി തോമസ് സി.പി.ഐ കണ്ണൂർ ജില്ലാ അസി.സെക്രട്ടറിയാണ്.