പാലക്കാട്: കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ യുവജന വിഭവ കേന്ദ്രം അണിയിച്ചൊരുക്കിയ അട്ടപ്പാടി ട്രൈബൽ ഫുട്ബാൾ ലീഗ് സീസൺ -3 മത്സരങ്ങൾ വെള്ളിയാഴ്ച്ച വൈകുന്നേരം 4.30 ന്സമാപിച്ചു.
അട്ടപ്പാടിയിലെ കുടുംബശ്രീ സ്പെഷ്യൽ പ്രൊജക്ടുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന 44 യുവജന ക്ലബ്ബുകൾ / യുവശ്രീ ടീമുകളാണ് ഈ ഫുട്ബോൾ മേളയിൽ പങ്കെടുത്തത്. ഫൈനലിൽ സ്ട്രൈക്കേഴ്സ് കരുവാരയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ച് യുവരശ്‌മി വെള്ളമാരി ചാമ്പ്യൻമാരായി. അനശ്വര അബ്ബന്നൂർ നെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി യംഗ് മസ്റ്റാഡ്‌സ് കടുകുമണ്ണ മൂന്നാം സ്ഥാനക്കാരായി.
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി അഗളി പഞ്ചായത്ത് ഗ്രൗണ്ടിൽ ആണ് മത്സരങ്ങൾ അരങ്ങേറിയത്. അനുറാം കടുകുമണ്ണ ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗോൾ കീപ്പർ വിജയകുമാർ വെളളമാരി, ഫൈനലിലെ മികച്ച കളിക്കാരൻ വിഘ്നേഷ് വെള്ളമാരി, എമർജിംഗ് പ്ലേയർ അരുൺ കരുവാര എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
ബുധനാഴ്ച്ച രാവിലെ കുടുംബശ്രീയുടെ നാല് പഞ്ചായത്ത് സമിതികളിലെയും ഭാരവാഹികൾ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. വെള്ളിയാഴ്ച്ച നടന്ന ഫൈനൽ മത്സരത്തിന്റെ ഉദ്ഘാടനവും സമ്മാന ദാനവും ഐ.ടി.ഡി.പി. അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ സാദിഖ് അലി, അഗളി പഞ്ചായത്ത് സെക്രട്ടറി പഴനി സ്വാമി, ജനമൈത്രി എക്‌സൈസ് ഇൻസ്പെക്ടർ ജി. സന്തോഷ് കുമാർ, പ്രിവന്റീവ് ഓഫീസർ രവി കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അഭിലാഷ്, കൃഷ്ണകുമാർ, കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി പഞ്ചായത്ത് സമിതി ഭാരവാഹികൾ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.