Advertisment

മുസ്‌ളീം ലീഗിനോടുളള സി.പി.എമ്മിന്റെ 'മൊഹബ്ബത്ത്' തീരുന്നു; ലീഗില്‍ പ്രതീക്ഷ വെച്ചിട്ട് കാര്യമില്ലെന്ന വിലയിരുത്തലില്‍ സി.പി.എം; ലോക്‌സഭാ ഫലത്തിന് ശേഷം രാഷ്ട്രീയാന്തരീക്ഷത്തില്‍ വന്ന മാറ്റം ലീഗിനെ കോണ്‍ഗ്രസിനോട് അടുപ്പിച്ചു, കിട്ടാത്ത ലീഗിനോട് ഇനി മൃദുസമീപനം വേണ്ട; ലീഗിനോടുളള എതിര്‍പ്പ് മുസ്‌ളീം പ്രീണനം ആരോപിക്കുന്ന വെളളാപ്പളളിയോട് വേണ്ടെന്നും ധാരണ

തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം രാഷ്ട്രീയാന്തരീക്ഷം പാടേ മാറിയതാണ് ലീഗിനെ ലക്ഷ്യം വെച്ചുളള നീക്കങ്ങളില്‍ നിന്ന് പിന്മാറാന്‍ സി.പി.എമ്മിനെ നിര്‍ബന്ധിതമാക്കിയത്.

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
muslim league cpim relation

മലപ്പുറം: ലോകസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് വരെ യു.ഡി.എഫ് ഘടകകക്ഷിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ളീംലീഗിനെ അടര്‍ത്തിയെടുക്കാന്‍ എല്ലാ ഉപായങ്ങളും പയറ്റിയ സി.പി.എം സംസ്ഥാനനേതൃത്വം ഒടുവില്‍ അതില്‍നിന്ന് പിന്മാറുന്നു.

Advertisment

തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം രാഷ്ട്രീയാന്തരീക്ഷം പാടേ മാറിയതാണ് ലീഗിനെ ലക്ഷ്യം വെച്ചുളള നീക്കങ്ങളില്‍ നിന്ന് പിന്മാറാന്‍ സി.പി.എമ്മിനെ നിര്‍ബന്ധിതമാക്കിയത്.

ദേശിയ തലത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇന്ത്യാമുന്നണി നല്ല മുന്നേറ്റം നടത്തിയതിനൊപ്പം കേരളത്തില്‍ വലിയ ജയവും നേടി. കോണ്‍ഗ്രസ് ദേശിയ-സംസ്ഥാന തലത്തില്‍ ശക്തിപ്പെടുന്ന സാഹചര്യത്തില്‍ യു.ഡി.എഫിനുളളില്‍ ലീഗ് പൂര്‍ണ തൃപ്തരാണെന്ന് സി.പി.എം നേതൃത്വം മനസിലാക്കുന്നു. 

ദേശിയ തലത്തിലെ ബി.ജെ.പി ഭീഷണിക്കെതിരെ പൊരുതാന്‍ കോണ്‍ഗ്രസിനാണ് ശക്തിയും ശേഷിയുമുളളതെന്ന് സംസ്ഥാനത്തെ മുസ്‌ളീം സമൂഹത്തിലെ ഭൂരിപക്ഷവും വിശ്വസിക്കുന്ന സാഹചര്യത്തില്‍ ലീഗിനെ യു.ഡി.എഫില്‍ നിന്ന് അടര്‍ത്തിയെടുക്കുക അസാധ്യമാണെന്നും സി.പി.എമ്മിന് ബോധ്യമുണ്ട്. സംസ്ഥാനത്ത് ലീഗിന്റെ കൂടി മുന്‍കൈയ്യിലാണ് യു.ഡി.എഫ് സംസ്ഥാനത്ത് വന്‍വിജയം നേടിയത്.

ലീഗിനെ ചേര്‍ത്ത് പിടിച്ച് കോണ്‍ഗ്രസ് 

വര്‍ഗീയ ധ്രൂവീകരണം ലക്ഷ്യമിട്ടുളള പ്രചരണങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ ലീഗ് ശക്തമായി മുന്നിട്ടിറങ്ങിയതിന്റെ ഫലമാണ് കാസര്‍കോട്ടും കണ്ണൂരും വടകരയിലും കോഴിക്കോട്ടും എല്ലാം ലക്ഷം കടന്ന ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. ഇത് മനസിലാക്കുന്ന കോണ്‍ഗ്രസിന്റെ നേതൃത്വവും ലീഗിനെ അതേ അര്‍ത്ഥത്തില്‍ പരിഗണിക്കുന്നുണ്ട്.

congress Untitleddi.jpg

ലോകസഭയില്‍ മൂന്നാം സീറ്റ് ആവശ്യപ്പെട്ട മുസ്‌ളീംലീഗിനെ അനുനയിപ്പിച്ച് രാജ്യസഭാ സീറ്റ് നല്‍കി വിട്ടുവീഴ്ച ചെയ്തത് ഇതിന്റെ തെളിവായി സി.പി.എം നേതൃത്വം വിലയിരുത്തുന്നു. ഇതെല്ലാം വിശകലനം ചെയ്യുമ്പോള്‍ ലീഗിനെ മോഹിച്ച് നടന്നുകൊണ്ടുളള രാഷ്ട്രീയ നീക്കങ്ങളൊന്നും ഫലം ചെയ്യില്ലെന്നും കണക്കൂകൂട്ടുന്നു.

ഇനി പോര് ലീഗുമായും 

വരാനിരിക്കുന്ന രാഷ്ട്രീയ വെല്ലുവിളികളായ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും ഒരുങ്ങുമ്പോള്‍ ലീഗിനെ കൂടിയാണ് നേരിടേണ്ടത്. അതിനാല്‍ ഇനി ലീഗിനോട് മൃദു സമീപനം പുലര്‍ത്തിയിട്ട് കാര്യമില്ലെന്നാണ് സി.പി.എം നേതൃത്വത്തിന്റെ വീക്ഷണം.  അതുകൊണ്ടാണ് സംസ്ഥാന നേതൃയോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ലീഗിനെയും അതിന്റെ നേതൃത്വത്തിനെയും കടന്നാക്രമിച്ചത്.

ലീഗിനെയും അതിനൊപ്പമുളളവരെയും തല്‍ക്കാലം കിട്ടില്ലെന്ന് ഉറപ്പിക്കുന്ന സി.പി.എം, നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ലീഗ് വിരുദ്ധ സമീപനം സ്വീകരിക്കുന്ന മുസ്‌ളിം സമുദായത്തിലെ മതേതര വോട്ടര്‍മാരെയാണ് ലക്ഷ്യമിടുന്നത്. വര്‍ഗീയ ചായ് വ് ആരോപിച്ച് ലീഗിനെ ആക്രമിക്കുമ്പോള്‍ ഭൂരിപക്ഷ സമുദായങ്ങളിലും അതിന്റെ അനുരണനങ്ങള്‍ ഉണ്ടാകുമെന്ന് സി.പി.എം പ്രതീക്ഷിക്കുന്നു.

cpm flag

വിമര്‍ശിച്ച് വിജയരാഘവനും 

മുഖ്യമന്ത്രിക്ക് പിന്നാലെ  മുസ്‌ളീം ലീഗിനെയും സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെയും രൂക്ഷമായി വിമര്‍ശിച്ച്  സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവനും രംഗത്തെത്തിയതും ഈ തന്ത്രത്തിന്റെ ചുവടുപിടിച്ചാണ്. ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും പറയുന്നത് മുസ്ലീം ലീഗ് അധ്യക്ഷന്‍ അതുപോലെ ആവര്‍ത്തിക്കുകയാണെന്ന് വിജയരാഘവന്‍ വിമര്‍ശിച്ചു.

സി.പി.എമ്മിനെതിരെ ജമാഅത്തെ ഇസ്ലാമിയും, എസ്.ഡി.പി.ഐയും   പറയുന്ന കാര്യങ്ങളാണ് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞത്. ലൗജിഹാദിനയും സി.പി.എമ്മിനെയും ബന്ധിപ്പിച്ച് വരെ പ്രസംഗം നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിഛായയ്ക്ക് നേരെയുളള തിരഞ്ഞെടുപ്പ് എന്ന നിലയിലാണ് ലോകസഭാ തിരഞ്ഞെടുപ്പിനെ എല്ലാവരും കണ്ടതെങ്കിലും ലീഗിന് മാത്രം അത് കാണാനായില്ലെന്നും അദ്ദേഹം പരിഹസിച്ചു. 

ലീഗ് തിരഞ്ഞെടുപ്പിനെ കണ്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിച്ഛായക്ക് നേരെയുള്ള തിരഞ്ഞെടുപ്പായിട്ടാണെന്നും വിജയരാഘവന്‍ വിമര്‍ശിച്ചു. വര്‍ഗീയ കക്ഷികളെ കൂട്ടുപിടിക്കുന്നതിനാലാണ് മുസ്ലിം ലീഗിനെ വിമര്‍ശിക്കുന്നതെന്നും വിജയരാഘവന്‍ വിശദീകരിച്ചു.

അടുത്ത പ്രധാനമന്ത്രി ഏതായാലും നരേന്ദ്രമോദി അല്ലായിരിക്കുമെന്ന് എ വിജയരാഘവന്‍

ലീഗ് വേറെ വെള്ളാപ്പള്ളി വേറെ 

ജമാഅത്തെ ഇസ്‌ളാമിയേയും എസ്.ഡി.പി.ഐയേയും ചാരിക്കൊണ്ട് മുസ്‌ളീം ലീഗില്‍ വര്‍ഗീയ ബന്ധം ആരോപിക്കുന്ന സി.പി.എം, എന്നാല്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും മുസ്‌ളിം പ്രീണനം ആരോപിക്കുന്ന എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശനെ അതേ തോതില്‍ ആക്രമിക്കാന്‍ തയ്യാറാകുന്നില്ല. ലീഗിനോടുളള മോഹം ഉപേക്ഷിച്ചത് പോലെ പാടേ തളളാന്‍ കഴിയുന്നതല്ല വെളളാപ്പളളി നേതൃത്വം നല്‍കുന്ന എസ്.എന്‍.ഡി.പി യോഗത്തിന്റെ അണികളുമായുളള ബന്ധമെന്നാണ് സി.പി.എം നേതൃത്വത്തിന്റെ നിരീക്ഷണം.

അതുകൊണ്ടാണ്  എസ്.എന്‍.ഡി.പി  യോഗത്തിന്റെയും നവോത്ഥാന സമിതിയുടെയും നേതൃപദവിയില്‍ ഇരുന്നുകൊണ്ട് മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ പ്രതികരിച്ചിട്ടും വെളളാപ്പളളിയെ തുറന്നെതിര്‍ക്കാന്‍ സി.പി.എം നേതൃത്വം മടിക്കുന്നത്. വെളളാപ്പളളിയുടെ പരാമര്‍ശങ്ങളെ ഒഴുക്കന്‍ മട്ടില്‍ പ്രതികരിച്ച് വിടുക മാത്രമാണ് സി.പി.എം നേതാക്കള്‍ ചെയ്യുന്നത്.

456666

മുസ്‌ളീം പ്രീണനമെന്ന വെളളാപ്പളളിയുടെ ആരോപണത്തോട് പ്രതികരിച്ച പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്റെ പരാമര്‍ശങ്ങള്‍ തന്നെയാണ് അതിന്റെ തെളിവ്. വെളളാപ്പളളി നടേശന്‍ വര്‍ഗീയത പറയുന്നു എന്നുമാത്രമാണ് വിജയരാഘവന്റെ പ്രതികരണം.

വെള്ളാപ്പള്ളിയെ നവോത്ഥാന സമിതി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റണോ എന്ന ചോദ്യത്തിന്  അത് വേറെ കാര്യമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലീഗിലുളള പ്രതീക്ഷകള്‍ കെട്ടുപോയെന്ന് കരുതുന്ന സി.പി.എം പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടര്‍മാരെ പ്രതിനിധാനം ചെയ്യുന്ന ഈഴവ സമുദായത്തെ ആ നിലയ്ക്ക് കാണാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് വേണം ഇതില്‍ നിന്ന് കരുതാന്‍.

Advertisment