കോട്ടയം: പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുക്കേണ്ട സംഭവങ്ങളില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാന്‍ വിമുഖതയെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കേണ്ടിവരുമെന്നു പട്ടികജാതി - പട്ടികഗോത്രവര്‍ഗ കമ്മിഷന്‍ ചെയര്‍മാന്‍ ശേഖരന്‍ മിനിയോടന്‍.
രണ്ടു ദിവസമായി കളക്ട്രേറ്റ് തൂലിക കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംസ്ഥാന പട്ടികജാതി-പട്ടികഗോത്രവര്‍ഗ കമ്മിഷന്‍ കോട്ടയം ജില്ലാതല പരാതി പരിഹാര അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുക്കേണ്ട സംഭവങ്ങളില്‍ തെളിവുകളും സാക്ഷികളും ഉണ്ടായിട്ടും കള്ളക്കേസാണെന്നു ചൂണ്ടിക്കാട്ടി പോലീസുദ്യോസ്ഥര്‍ പരാതി എടുക്കാതിരിക്കുന്ന സംഭവങ്ങള്‍ കമ്മിഷനു മുന്നിലെത്തിയിട്ടുണ്ട്.
ഇത്തരം സംഭവങ്ങളില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാതിരുന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രതിയാകും. ഇതു സംബന്ധിച്ചു കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ക്കു ബോധവല്‍ക്കരണം നല്‍കിയിട്ടുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു.
രണ്ടുദിവസമായി നടന്ന പരാതി പരിഹാര അദാലത്തില്‍ 97 പരാതികള്‍ തീര്‍പ്പാക്കി. 20 എണ്ണം മാറ്റിവച്ചു.
117 പരാതികളാണ് ആകെ പരിഗണിച്ചത്. 83 ശതമാനത്തിലും തീര്‍പ്പുണ്ടാക്കാന്‍ സാധിച്ചു. ചെയര്‍മാന്‍ ശേഖരന്‍ മിനിയോടന്റെയും അംഗങ്ങളായ ടി.കെ. വാസു, സേതു നാരായണന്‍ എന്നിവരുടേയും നേതൃത്വത്തിലുള്ള മൂന്നുബെഞ്ചുകളാണ് കേസുകള്‍ പരിഗണിച്ചത്.
ഏറ്റവും കൂടുതല്‍ കേസുകള്‍ പോലീസ് വകുപ്പുമായി ബന്ധപ്പെട്ടായിരുന്നു. റവന്യൂ, തദ്ദേശ സ്വയം ഭരണ വകുപ്പ്, വനംവകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട പരാതികളും വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ജീവനക്കാരുടെ പരാതികളും കമ്മിഷന്റെ പരിഗണനയിലെത്തി.
10 മാസം മുമ്പു ചുമതലയേറ്റ ആറാം പട്ടികജാതി-പട്ടികഗോത്രവര്‍ഗ കമ്മിഷന്റെ പത്താം സിറ്റിങ്ങാണ് പൂര്‍ത്തിയായത്. നാലു ജില്ലകളില്‍ കൂടി ഇനി സിറ്റിങ് പൂര്‍ത്തിയാകാനുണ്ട്. ജനുവരിയോടെ അദാലത്തുകള്‍ പൂര്‍ത്തിയാകും.
അദാലത്തില്‍ പരിഗണിക്കപ്പെടുന്ന പരാതികളുടെ തുടര്‍നടപടികളുടെ കാര്യത്തില്‍ കമ്മിഷന്‍ ശക്തമായ നിലപാട് എടുക്കുമെന്നും ചെയര്‍മാന്‍ ശേഖരന്‍ മിനിയോടന്‍ പറഞ്ഞു. അംഗങ്ങളായ ടി.കെ. വാസു, സേതു നാരായണന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
പട്ടികജാതി-പട്ടികഗോത്രവര്‍ഗ കമ്മിഷനെ ബന്ധപ്പെടാനുള്ള പുതിയ ഫോണ്‍ നമ്പറുകള്‍
എ സെക്ഷന്‍: 9188916126
ഇ ആന്‍ഡ് ഓഫീസ് സെക്ഷന്‍: 9188916127
ബി സെക്ഷന്‍: 9188916128