Advertisment

ഏഷ്യയിലെ ഏറ്റവും വലിയ ആധ്യാത്മിക ഘോഷയാത്രയ്ക്ക് തയാറെടുത്ത് മണർകാട് പള്ളി. നൂറുകണക്കിന് പൊന്‍-വെള്ളിക്കുരിശുകളും കൊടികളുമായി വിശ്വാസസഹസ്രങ്ങള്‍ റാസയിൽ അണിചേരും. നടതുറക്കൽ നാളെ

കുരിശുപള്ളികളിലും കരോട്ടെ പള്ളിയിലും പ്രത്യേക ധൂപപ്രാര്‍ഥനയും നടക്കും.

New Update
manarkatt palli

മണര്‍കാട്: വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചു കുരിശുപള്ളികളിലേക്കുള്ള ഭക്തിനിര്‍ഭരവും വര്‍ണാഭവുമായ റാസ ഇന്നു നടക്കും. ഏഷ്യയിലെ ഏറ്റവും വലിയ ആധ്യാത്മിക ഘോഷയാത്രയെന്ന വിശേഷണമുള്ള  റാസയില്‍ പതിനായിരക്കണക്കിനു മുത്തുക്കുടകളും നൂറുകണക്കിന് പൊന്‍-വെള്ളിക്കുരിശുകളും കൊടികളും മുത്തുക്കുടകളുമായി വിശ്വാസസഹസ്രങ്ങള്‍ അണിചേരും.

Advertisment

ഉച്ചനമസ്‌കാരത്തെ തുടര്‍ന്ന് 12 നു മുത്തുക്കുടകളുടെ വിതരണം ആരംഭിക്കും. ഉച്ചകഴിഞ്ഞു രണ്ടിന് അംശവസ്ത്രധാരികളായ വൈദികര്‍ പ്രാര്‍ഥനകള്‍ക്കു ശേഷം പള്ളിയില്‍നിന്ന് ഇറങ്ങി  കല്‍ക്കുരിശിലെ ധൂപപ്രാര്‍ഥനയ്ക്കു ശേഷം  റാസയില്‍ അണിചേരും.  കണിയാംകുന്ന്, മണര്‍കാട് കവല എന്നിവിടങ്ങളിലെ കുരിശിന്‍ തൊട്ടികളും കരോട്ടെ പള്ളിയും ചുറ്റി മൂന്നര കിലോ മീറ്ററിലേറെ സഞ്ചരിച്ചാണു തിരികെ വലിയപള്ളിയിലെത്തുക. കുരിശുപള്ളികളിലും കരോട്ടെ പള്ളിയിലും പ്രത്യേക ധൂപപ്രാര്‍ഥനയും നടക്കും.

ഏഴിനു രാവിലെ 11.30ന് ഉച്ചനമസ്‌കാരത്തെത്തുടര്‍ന്നു ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ സാന്നിധ്യത്തില്‍ നടതുറക്കല്‍ ശുശ്രൂഷ. കത്തീഡ്രലിന്റെ പ്രധാന മദ്ബഹായിലെ ത്രോണോസില്‍ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദര്‍ശനത്തിനായി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം തുറക്കുന്ന ചടങ്ങാണു നടതുറക്കല്‍ ശുശ്രൂഷ. തുടര്‍ന്നു കറിനേര്‍ച്ചയ്ക്കുള്ള പന്തിരുനാഴി ഘോഷയാത്ര. വൈകിട്ട് 7.30ന് കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം. 8.45ന് ആകാശവിസ്മയം. 10ന് പരിചമുട്ടുകളി, മാര്‍ഗം കളി. രാത്രി 12ന് ശേഷം കറിനേര്‍ച്ച വിതരണം.

പ്രധാന പെരുന്നാള്‍ ദിനമായ എട്ടിനു മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് മലങ്കര മെത്രാപ്പോലീത്തയും കൊച്ചിഭദ്രാസനാധിപനുമായ ജോസഫ് മോര്‍ ഗ്രീഗോറിയോസ് മുഖ്യകാര്‍മ്മികത്വം വഹിക്കും. ഉച്ചകഴിഞ്ഞു രണ്ടിനു കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം, ആശീര്‍വാദം. വൈകിട്ട്  മൂന്നിനു നടക്കുന്ന നേര്‍ച്ചവിളമ്പോടെ പെരുന്നാള്‍ സമാപിക്കും. സ്ലീബാ പെരുന്നാള്‍ ദിനമായ 14ന് വൈകിട്ട് അഞ്ചിന് സന്ധ്യാപ്രാര്‍ഥനയോടെ നടയടയ്ക്കും.

Advertisment