കാഞ്ഞിരമറ്റം/കോട്ടയം: അന്തരിച്ച മുൻ രാഷ്ട്രപതി ഡോ. കെ.ആർ. നാരായണന്റെ അർദ്ധകായ പ്രതിമ അദ്ദേഹത്തിന്റെ തന്നെ പേരിലുള്ള കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ക്യാംപസിൽ നാളെ ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു അനാച്ഛാദനം ചെയ്യും.
രാഷ്ട്രതന്ത്രഞ്ജനും ധിഷണാശാലിയും ആയിരുന്ന യശ്ശഃശ്ശരീരനായ മുൻ രാഷ്ട്രപതി ഡോ. കെ.ആർ. നാരായണന്റെ സ്മരണ എക്കാലവും നിലനിർത്തുന്നതിനായി, അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രത്യേക താത്പര്യമെടുത്ത് സ്ഥാപിച്ചതാണ് തെക്കുംതലയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്.
ലാളിത്യവും വിനയവും ജീവിതകാലം മുഴുവനും പുലർത്തിയിരുന്ന അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തേക്കാൾ മികച്ചതായി മറ്റൊന്നും തന്നെ അദ്ദേഹത്തിന്റെ പേരിനെ നിലനിർത്താൻ ഇല്ല എന്ന്, ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ആലോചനാ സമയത്ത് ഉമ്മൻചാണ്ടി സൂചിപ്പിച്ചിരുന്നു.
അതിന് കാരണമായി അദ്ദേഹം പറഞ്ഞിരുന്നത്, "സിനിമയെ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ എല്ലാവരും. മലയാള സിനിമാ മേഖലയിൽ നിന്ന് വിശ്വപ്രസിദ്ധരായ രാമു കാര്യാട്ടിനെയും അരവിന്ദനെയും പത്മരാജനെയും ഭരതനെയും അടൂർ ഗോപാലകൃഷ്ണനെയും ഷാജി കരുണിനെയും റസൂൽ പൂക്കുട്ടിയെയും പോലുള്ള പ്രതിഭാശാലികളുടെ സാന്നിദ്ധ്യം മലയാളികൾക്ക് എന്നും മുതൽക്കൂട്ടാണ്.
ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമയ്ക്കുള്ള രാഷ്ട്രപതിയുടെ പേരിലുള്ള ആദ്യത്തെ സുവർണ്ണകമലം നേടിയത് ചെമ്മീൻ എന്ന മലയാള സിനിമയല്ലേ. ലോകോത്തരമാണ് മലയാള സിനിമ. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളും സംവിധായകരും ഗായകരും ഛായാഗ്രാഹകരും ടെക്നീഷ്യൻമാരും തുടങ്ങി നൂറുകണക്കിന് പേരാണ് മലയാള സിനിമയ്ക്ക് ഉള്ളത്.
ലോകസിനിമയിലെ അനേകം പ്രതിഭകൾ ഈ ഇൻസ്റ്റിറ്റ്യൂട്ടിൽ വരും. സിനിമകൾ ഇവിടെ ചർച്ച ചെയ്യും. സിനിമയെ സ്നേഹിക്കുന്ന പുതിയ തലമുറയിലെ കുട്ടികൾക്ക് ഈ ഇൻസ്റ്റിറ്റ്യൂട്ട് അവരുടെ സ്വപ്ന സാഫല്യമാകും"
ഇൻസ്റ്റിറ്റ്യൂട്ട് ക്യാംപസിൽ നാളെ ഉച്ചകഴിഞ്ഞ് ഒരു മണിയ്ക്ക് നടക്കുന്ന ചടങ്ങിൽ സഹകരണ, ദേവസ്വം, വകുപ്പ് മന്ത്രി വി എൻ വാസവൻ അദ്ധ്യക്ഷത വഹിയ്ക്കും. ചാണ്ടി ഉമ്മൻ എംഎൽഎ മുഖ്യ അതിഥിയാകും.
ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, ഇഷിതാ റോയ് ഐഎഎസ് ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികൾ ആശംസകൾ അർപ്പിക്കും. യോഗത്തിന് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ, സയ്യിദ് അക്തർ മിർസ്സ സ്വാഗതവും ഡയറക്ടർ ജിജോയ് പി.ആർ. നന്ദിയും പറയും.