Advertisment

ജല്‍ജീവന്‍ പദ്ധതി ടാങ്ക് നിര്‍മാണത്തെ ചൊല്ലി പഞ്ചായത്തുകള്‍ തമ്മില്‍ തര്‍ക്കം. മീനടം പഞ്ചായത്തിൻ്റെ ടാങ്ക് നിർമാണം പുതുപ്പള്ളി പഞ്ചായത്തും പാമ്പാടിയുടേത് മീനടം പഞ്ചായത്തും തടഞ്ഞു.  എൽ.ഡി.എഫ് - യു.ഡി.എഫ് തർക്കത്തിൽ കുടിവെള്ള മുട്ടി ഒരു കൂട്ടം ജനങ്ങൾ.

New Update
2259361-untitled-1

കോട്ടയം:  ജല്‍ജീവന്‍ കുടിവെള്ള വിതരണ പദ്ധതിയുടെ ടാങ്ക് നിര്‍മാണം സംബന്ധിച്ച് പഞ്ചായത്തുകൾ തമ്മിൽ രൂക്ഷമായ തർക്കം. പാമ്പാടി , മീനടം, പുതുപ്പള്ളി പഞ്ചായത്തുകള്‍ തമ്മിലാണ് പദ്ധതി തടസപ്പെടുത്തിയുള്ള തർക്കം  രൂക്ഷമായത്. മീനടം പഞ്ചായത്ത് പുതുപ്പള്ളി പഞ്ചായത്തില്‍ 10 സെന്റ് സ്ഥലം വിലക്കു വാങ്ങി ടാങ്ക് നിര്‍മാണത്തിനു പണി തുടങ്ങിയപ്പോള്‍ പുതുപ്പള്ളി പഞ്ചായത്തംഗങ്ങളെത്തി നിര്‍മാണം തടസപ്പെടുത്തി. 

Advertisment

മീനടം പഞ്ചായത്തു ഭരിക്കുന്നത് യു.ഡി.എഫും, പുതുപ്പള്ളി, പാമ്പാടി പഞ്ചായത്ത് ഭരണം ഇടതു മുന്നണിക്കുമാണ്. പാമ്പാടി പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും കുടിവെള്ളമെത്തണമെങ്കില്‍ ആര്‍.ഐ.ടി. യിലെ പുതിയ ടാങ്ക് മതിയാകുകയില്ല. അതിനു വേണ്ടി പാമ്പാടി പഞ്ചായത്ത് മീനടം പഞ്ചായത്തിലെ പൊത്തന്‍ പുറത്ത് ടാങ്ക് നിര്‍മിക്കുവാനെത്തിയപ്പോള്‍ മീനടം പഞ്ചായത്തംഗങ്ങള്‍ പണി നിര്‍ത്തിവെപ്പിച്ചു. പാമ്പാടി പഞ്ചായത്ത് വിലകൊടുത്തു വാങ്ങിയതാണു പൊത്തന്‍പുറത്തെ സ്ഥലം. അവിടെ നിർമാണം തടഞ്ഞതിനെതിരെ പാമ്പാടി പഞ്ചായത്തും രംഗത്തുവന്നു. എന്നാൽ, പഞ്ചായത്തിന്റെ അനുമതിയില്ലാതെ പാമ്പാടി പഞ്ചായത്ത് നിര്‍മാണം തുടങ്ങിയതിനാലാണ് പണി തടഞ്ഞതെന്ന് മീനടം പഞ്ചായത്തു പ്രസിഡന്റ് മോനിച്ചന്‍ കിഴക്കേടം പറയുന്നു.

വർഷങ്ങളായി അതിരൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളാണ് പാമ്പാടി, പുതുപ്പള്ളി, മീനടം എന്നിവ. ജനങ്ങൾ വില കൊടുത്തു കുടിവെള്ളം വാങ്ങേണ്ട അവസ്ഥയുള്ളപ്പോഴാണ് രാഷ്ട്രീയ പോരിൻ്റെ ഭാഗമായി പദ്ധതി മുടങ്ങി പോകുന്നത്. എത്രയും വേഗം പ്രശ്ന പരിഹാരം നടത്തി തങ്ങൾക്കു കുടി വെള്ളം എത്തിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Advertisment