എരുമേലി: കോണ്‍ഗ്രസ് വിമതയെ കൂട്ടുപിടിച്ച് എരുമേലി പഞ്ചായത്തില്‍ ഭരണം തിരിച്ചു പിടിച്ചു എല്‍.ഡി.എഫ്. കോണ്‍ഗ്രസിന്റെ പഞ്ചായത്തംഗമായ മറിയാമ്മ സണ്ണിയാണു (സുബി സണ്ണി) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
ഇരുപത്തിയൊന്നാം വാര്‍ഡംഗമായ കോണ്‍ഗ്രസിലെ ലിസി സജിയായിരുന്നു യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി. മത്സരിക്കാന്‍ തയ്യാറാകാതിരുന്ന എല്‍.ഡി.എഫ് മറിയാമ്മ സണ്ണിയെ സ്ഥാനാര്‍ഥിയായി അവതരിപ്പിക്കുകയും, പിന്തുണയ്ക്കുകയുമായിരുന്നു. മറിയാമ്മ സണ്ണിയ്ക്ക് 12 വോട്ടും ലിസി സജിയ്ക്ക് 11 വോട്ടും ലഭിച്ചു.
കോണ്‍ഗ്രസിലെ ജിജിമോള്‍ സജി മുന്നണി ധാരണ പ്രകാരം പ്രസിഡന്റ് സ്ഥാനം രാജി വെച്ചതിനെ തുടര്‍ന്ന് എരുമേലിയില്‍ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. നിലവില്‍ ഭരണം അട്ടിമറിക്കാനുള്ള സാധ്യത ഇല്ലന്ന ഭരണകക്ഷിയായ കോണ്‍ഗ്രസിലെ വിലയിരുത്തലിനിടെയാണ് മറിയാമ്മാ സണ്ണിയെ കൂട്ടു പിടിച്ചു എല്‍.ഡി.എഫ് ഭരണം പിടിച്ചത്.
കഴിഞ്ഞ മാര്‍ച്ച് ആറിനാണ് ഉമ്മിക്കുപ്പ വാര്‍ഡ് അംഗം ജിജിമോള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആറ് മാസത്തേക്കാണ് മുന്നണി ധാരണ പ്രകാരം പ്രസിഡന്റ് സ്ഥാനം ലഭിച്ചതെങ്കിലും കാലാവധി കഴിഞ്ഞും ഒരു മാസത്തോളം പ്രസിഡന്റ് സ്ഥാനത്ത് ജിജിമോള്‍ തുടര്‍ന്നതിനൊടുവില്‍ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം രാജി വെക്കുകയായിരുന്നു.
കോണ്‍ഗ്രസ് 11, സിപിഎം 10, സിപിഐ - ഒന്ന്, സ്വതന്ത്രന്‍ - ഒന്ന് എന്നിങ്ങനെ ആണ് 23 അംഗങ്ങള്‍ ഉള്ള ഭരണസമിതിയിലെ കക്ഷി നില. സ്വതന്ത്രന്റെ പിന്തുണയില്‍ കോണ്‍ഗ്രസ് ആണ് നിലവില്‍ ഭരണം കയ്യാളിയിരുന്നത്.
സ്വതന്ത്രന്റെ പിന്തുണയില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ഉണ്ടായിട്ടും ഒരു വോട്ട് അസാധു ആയതുമൂലം തുല്യ വോട്ടിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെ ഇടതുപക്ഷത്തിനാണ് ആദ്യ ടേമില്‍ പ്രസിഡന്റ് സ്ഥാനം ലഭിച്ചിരുന്നു.
അവിശ്വാസ പ്രമേയം പാസാക്കി കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 12 ന് ഭരണം കോണ്‍ഗ്രസ് തിരിച്ചു പിടിക്കുകയായിരുന്നു. പമ്പാവാലി വാര്‍ഡ് അംഗമായ മറിയാമ്മാ സണ്ണി പ്രസിഡന്റായി. തുടര്‍ന്നു മുൻധാരണ പ്രകാരം ജിജിമോളും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
അടുത്ത ടേം ലിസി സജിയ്ക്കും ഇതിന് ശേഷം ഒഴക്കനാട് വാര്‍ഡ് അംഗം അനിതയ്ക്കും പ്രസിഡന്റ് സ്ഥാനമെന്നാണ് കോണ്‍ഗ്രസിലെ മുന്‍ ധാരണ. എന്നാല്‍ മറിയാമ്മാ സണ്ണിയെ ഒപ്പം കൂട്ടി എല്‍.ഡി.എഫ്. ഭരണം തിരിച്ചു പിടിക്കുകയായിരുന്നു.