Advertisment

കോട്ടയം നഗരസഭാ ഭരണത്തില്‍ അഴിമതിയും കെടുകാര്യസ്ഥതയും ആരോപിച്ചു എല്‍.ഡി.എഫ് സമരത്തിന്. തിരുനക്കര പഴയ ബസ് സ്റ്റാന്‍ഡിനു സമീപം ഇന്ന് ജനകീയ സദസ് സംഘടിപ്പിക്കും. കൗൺസിൽ യോഗത്തിൽ വ്യക്തിപരമായ ആക്ഷേപങ്ങൾ പരസ്പരം നടത്തി ഭരണകക്ഷി നേതാക്കൾ

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
1200304-kottayam-municipality

കോട്ടയം: നഗരസഭാ ഭരണത്തില്‍  അഴിമതിയും കെടുകാര്യസ്ഥതയും ആരോപിച്ചു എല്‍.ഡി.എഫ് സമരത്തിന്.  ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ചതിലെ അഴിമതി അന്വേഷിക്കുക, അറവുശാലയും കോടിമതയിലെ ആധുനിക മത്സ്യമാര്‍ക്കറ്റും പകല്‍വീടും ഉമ്മന്‍ചാണ്ടി സപ്തതി സ്മാരക മിനി ഓഡിറ്റോറിയവും തുറന്നുപ്രവര്‍ത്തിക്കുക, നെഹ്‌റുു സ്‌റ്റേഡിയത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കുക, ചുങ്കത്തുമുപ്പത് പാലം നിര്‍മാണത്തിലെ അഴിമതി അന്വേഷിക്കുക തുടങ്ങിയ 30 ആവശ്യങ്ങള്‍ ഉന്നയിച്ചാണു പ്രതിഷേധ സദസ് നടത്തുന്നത്. ഇന്നു  തിരുനക്കര പഴയ ബസ് സ്റ്റാന്‍ഡിനുസമീപം വൈകിട്ട് നാലിന് നടക്കുന്ന സദസ് സി.പി.എം. ജില്ലാ സെക്രട്ടറി എ.വി റസല്‍ ഉദ്ഘാടനം ചെയ്യും. 

Advertisment

തുടക്കം മുതൽ തന്നെ നഗരസഭാ ഭരണം വിവാദങ്ങൾ നിറഞ്ഞതായിരുന്നു. ഭരണ പ്രതിപക്ഷ ബഹളങ്ങൾക്കൊപ്പം ചെയര്‍പേഴ്‌സണ്‍ ബിൻസി സെബാസ്റ്റ്യനും വൈസ് ചെയര്‍മാന്‍ ബി. ഗോപകുമാറും തമ്മിലുള്ള പോര് ഭരണ പക്ഷത്ത് തന്നെ ഏറെ ഭിന്നത സൃഷ്ടിച്ചിരുന്നു. പിന്നാലെ ഇരുവരും തമ്മിലുള്ള ആരോപണങ്ങൾ കൗൺസിൽ യോഗത്തിൽ പതിവായി  മാറി. നാലുവര്‍ഷം ഭരിച്ചിട്ട് ചെയര്‍പേഴ്‌സന് എന്താണു ചെയ്യാന്‍ പറ്റിയത്, ഈ തോന്നിവാസം അവസാനിപ്പിച്ചില്ലെങ്കില്‍ നഗരസഭക്കു മുന്നില്‍ സമരം ആരംഭിക്കുമെന്നു വരെ ഒരു ഘട്ടത്തിൽ വൈസ് ചെയര്‍മാന്‍ പറയുക ഉണ്ടായി.

ഇന്നലെ നടന്ന കൗൺസിൽ യോഗത്തിലും ഭരണപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. ചെടികള്‍ വളര്‍ത്താനുള്ള എച്ച്.ഡി.പി.ഇ പെട്ടികളുടെ വിതരണം വാര്‍ഷിക പദ്ധതിയില്‍നിന്ന് ഒഴിവാക്കി ഈ തുക വാര്‍ഡ് വര്‍ക്കിന് അനുവദിക്കാമെന്ന് വൈസ് ചെയര്‍മാന്‍ ബി. ഗോപകുമാര്‍ നിര്‍ദേശിച്ചതിനു പിന്നാലെ വൈസ് ചെയര്‍മാനും ഭരണ കക്ഷി നേതാവുമായ എം.പി. സന്തോഷ് കുമാറുമായി തര്‍ക്കം ഉടലെടുത്തു. പലരും എച്ച്.ഡി.പി.ഇ പെട്ടികള്‍ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ ഇത്തരം പദ്ധതികള്‍ ഒഴിവാക്കുന്നത് ഉചിതമാകില്ലെന്നായിരുന്നു സന്തോഷിന്റെ വാദം.  തര്‍ക്കം രൂക്ഷമായതോടെ വ്യക്തിപരമായ ആക്ഷേപങ്ങളും യോഗത്തിൽ ഉണ്ടായി.

പ്രതിപക്ഷ നേതാവ്  ഷീജ അനിലും ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യനും തമ്മിലും തര്‍ക്കമുണ്ടായി. പദ്ധതി നടത്തിപ്പിലെ വീഴ്കള്‍ ചൂണ്ടിക്കാട്ടി ഷീജ ചെയര്‍പേഴ്‌സണെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നീട് ചെയര്‍പേഴ്‌സണ്‍ മറുപടി നല്‍കിയപ്പോഴായിരുന്നു  വാക്‌പ്പോര്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ പാലിക്കേണ്ട മാന്യത ഷീജ അനില്‍ കാട്ടുന്നില്ലെന്ന് ബിന്‍സി സെബാസ്റ്റ്യന്‍ പറഞ്ഞു. സ്വന്തം വീഴ്ചകള്‍ മറച്ചുവെക്കാന്‍ പ്രതിപക്ഷത്തിനുമേല്‍ കുതിരകയറിയിട്ട് കാര്യമില്ലെന്നായിരുന്നു ഷീജയുടെ മറുപടി.

Advertisment