കോട്ടയം: ഓണത്തിരക്കില്‍ കോട്ടയം പട്ടണം, വഴി നീളെ ഗതാഗത കുരുക്കുണ്ടായതോടെ നഗരത്തില്‍ എത്തുന്നവര്‍ വലയുന്നു. ഓണത്തിരക്കിലേക്കു നാട് അമര്‍ന്നതോടെയാണു കോട്ടയം നഗരത്തില്‍ ഗതാഗത കുരുക്കു രൂക്ഷമായിരിക്കുകയാണ്.
എം.സി റോഡില്‍ പള്ളം മുതല്‍ കുമാരനല്ലൂര്‍ വരെ എത്തണമെങ്കില്‍ ഏറ്റവും ചുരുങ്ങിയത് ഒരു മണിക്കൂറില്‍ അധികമെങ്കിലും എടുക്കുന്നുണ്ട്. കെ.കെ റോഡിലും സമാന അവസ്ഥയാണ്. അതേ സമയം ഗതാഗത കരുക്ക് നിയന്ത്രിക്കാന്‍ പോലീസ് ഇടപെടുന്നില്ലെന്ന ആരോപണവും ശക്തമാണ്.
പല ജങ്ഷനുകളിലും വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഉത്രാടനാളില്‍ ഉള്‍പ്പെടെയുള്ള തിരക്കു ഭയന്ന് നേരത്തെ ഓണഘോഷ വിഭവങ്ങള്‍ ശേഖരിക്കാനുള്ള തിരക്കാണു നഗരത്തെയും കുരുക്കിയത്.
ഇന്നലെ മുതല്‍ നഗരത്തിലെ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. കെ.കെ റോഡില്‍ കഞ്ഞിക്കുഴി കടന്നു കിട്ടാന്‍ യാത്രക്കാര്‍ക്ക് ഏറെ സമയം ചെലവഴിക്കേണ്ടി വരുന്നു. കഞ്ഞിക്കുഴി ജങ്ഷനിലെ തിരക്കു മാങ്ങാനം, ദേവലോകം റൂട്ടുകളിലും കുരുക്കു മുറുക്കാന്‍ കാരണമായി.
ഇന്നലെ വൈകിട്ട് തിരക്കു നിയന്ത്രിക്കാന്‍ കോടിമത ബൈപ്പാസ് ഈരയില്‍ക്കടവ് വഴി മനോരമ ജങ്ഷനിലേക്കു പ്രൈവറ്റ് ബസുകള്‍ തിരിച്ചുവിട്ടതോടെ ബൈപ്പാസില്‍ വന്‍ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു. ഇവിടെയും പോലീസുകാരെ നിയോഗിച്ചിരുന്നില്ല.
എം.സി റോഡിലും പതിവില്‍ കവിഞ്ഞ തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെട്ടത്. പലപ്പോഴും ഗതാഗതം പൂര്‍ണമായി സ്തംഭിക്കുന്ന അവസ്ഥയിലാണ് കാര്യങ്ങൾ. ഏറ്റുമാനൂര്‍ ഭാഗത്തു നിന്ന വാഹനങ്ങള്‍ നഗരത്തിലേക്ക് പ്രവേശിക്കാന്‍ ഏറെ പ്രയാസപ്പെടുന്നുണ്ട്.
നഗരത്തിലെത്തുന്നവര്‍ക്കെല്ലാം വാഹനങ്ങള്‍ സൗകര്യപ്രദമായി പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാത്തത് കുരുക്കു വര്‍ധിക്കാനുള്ള കാരണങ്ങളിൽ ഒന്ന്. സൗകര്യമുള്ള സ്ഥലങ്ങളില്‍ പോലും അലക്ഷ്യമായി വാഹനം പാര്‍ക്ക് ചെയ്യുന്നതും ഗതാഗതം തടസപ്പെടുത്തുന്നുണ്ട്.
എം.സി. റോഡിലെ പ്രധാന ജങ്ഷനുകളില്‍ നിന്നു ഇടറോഡിലേക്കു വാഹനങ്ങള്‍ തിരിഞ്ഞു പോകാനും ഇടറോഡില്‍ നിന്നു വാഹനങ്ങള്‍ പ്രധാന റോഡിലേക്ക് പ്രവേശിക്കാനും ഏറെ ബുദ്ധിമുട്ടുകയാണ്.
സംക്രാന്തി, ചവിട്ടുവരി, എന്നിവിടങ്ങളിലാണ് ഏറെ ദുരിതം. ഇതോടെ അനധികൃത പാര്‍ക്കിങ് ഉള്‍പ്പെടെയുള്ളവ നിയന്ത്രിക്കാന്‍ പോലീസ് തയാറാകണമെന്ന ആവശ്യമാണ് ഉയരുന്നത്.