Advertisment

പ്രമുഖ മുത്തശ്ശി പത്രത്തില്‍ കൊച്ചുമുതലാളിമാരുടെ കാലം ! മക്കളും കൊച്ചുമക്കളുമൊക്കെ ഭരണം തുടങ്ങിയപ്പോള്‍ പിതാക്കന്മാര്‍ നിയമനം നല്കിയിരുന്ന 'ശ്രേഷ്ഠ' തൊഴിലാളികളുടെ ഇഷ്ടമില്ലാത്ത മക്കളെല്ലാം പുറത്ത്. ന്യൂജെന്‍ മാധ്യമ മാനേജ്മെന്‍റ് ഇങ്ങനെ

author-image
കുഞ്ചിക്കുറുപ്പ്
Updated On
New Update
news paters

കോട്ടയം: മധ്യകേരളം ആസ്ഥാനമായ പത്രമുത്തശിയുടെ സ്ഥാപനത്തില്‍ ഉടമകളുടെ കുടുംബത്തിലെ ന്യൂജെന്‍ തലമുറ പിള്ളേര്‍ മാനേജ്മെൻ്റ്  തലപ്പത്തു വരുംവരെ ജീവനക്കാരെ (ഇഷ്ടപ്പെട്ടവരെ) കമ്പനി പൊതിഞ്ഞു പിടിച്ചിരുന്നു. അങ്ങനെ ജീവനക്കാരുടെ മക്കളും അവരുടെ മക്കളും എല്ലാം അവിടെ ജീവനക്കാരായി. സ്ഥാപനം ഒരു കുടുംബ വൃക്ഷമായി വളരുന്നതു കണ്ട് മുൻ പത്രാധിപരായിരുന്ന നാട്ടിലെ ഉന്നതരുടെ 'പൊതു അച്ചായന്‍' ഏറെ സന്തോഷിച്ചു.

Advertisment

മുത്തശ്ശി പത്ര മുതലാളിയായിരുന്ന അച്ചായന്‍റെ മക്കളുടെ കാലത്തും ആ പാത ഏറെക്കുറെ പിന്തുടർന്നു. ഇപ്പോൾ ഇവരുടെ മക്കളും മരുമക്കളുമൊക്കെയാണ് നടത്തിപ്പുകാർ - യഥാര്‍ത്ഥ ന്യൂജെന്‍ പിള്ളേര്‍ !  അവർക്ക് ബന്ധങ്ങളിലൊന്നും വലിയ വിശ്വാസമില്ല. തെറ്റുപറയാനുമാകില്ല. കൊള്ളില്ലെങ്കിലും തങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും പറഞ്ഞു വിട്ടേക്കുക. അതാണ് പിള്ളേരുടെ നയം. അവിടെ സ്വന്തവുമില്ല, ബന്ധവുമില്ല.


പുറത്തേക്കുള്ള വഴി മലക്കെ തുറന്ന് 

അങ്ങനെ തിരുവനന്തപുരത്ത് പത്തു നാൽപ്പതു വർഷം മുത്തശി പത്രത്തിന്‍റെ നാവായിരുന്ന പ്രമുഖ റിപ്പോർട്ടറുടെ മകനെ സ്ഥാപനത്തിൽ നിന്ന് അടുത്തിടെ പുറത്താക്കി. ഈ മനുഷ്യനാണ് പത്രത്തിനുവേണ്ടി കാലങ്ങളായി തലസ്ഥാനത്ത് എല്ലാ പി.ആർ.പ്രവർത്തനവും നടത്തിയിരുന്നതെന്നോർക്കണം. അതിൻ്റെ നന്ദിസൂചകമായി അദ്ദേഹത്തെ പത്തെഴുപതു വയസു വരെ തിരുവനന്തപുരത്തു വാഴിക്കുകയും ചെയ്തു. പത്രത്തിനും അദ്ദേഹത്തിനും ലാഭം. മകനെയും പത്രത്തില്‍ കയറ്റാനായി.

പക്ഷേ, പുതു തലമുറ മാനേജ്മെൻറിന് പയ്യനെ അത്ര പിടിച്ചില്ല. പിന്നെ പയ്യന്‍ പൊടുന്നനെ സ്ഥാപനത്തിൽ നിന്ന് ഔട്ട്. പയ്യൻ്റെ അപ്പന്‍ വെറുതെ ഇരുന്നില്ല. പഴയ ബന്ധമൊക്കെ ഉപയോഗിച്ച് പയ്യനെ ഗൾഫിൽ ഏതോ പത്രത്തിൽ കയറ്റി ഫേസ് ബുക്കിൽ പോസ്റ്റുമിട്ടു.


ഇതേ അവസ്ഥയാണ് തൃശൂരിൽ ഏറെക്കാലം മുടിചൂടി നിന്ന, തലവൻ്റെ മകൻ്റെ ചരിത്രവും. ദോഷം പറയുകയല്ല, ഈ മേധാവിയെ സഹപ്രവർത്തകർക്ക് കണ്ടു കൂടായിരുന്നു. ചില സംവരണത്തിൽ ( ജാതി സംവരണമല്ല കേട്ടോ ) പത്രത്തില്‍ കയറിക്കൂടിയതാണത്രെ. ഇദ്ദേഹത്തിന് പക്ഷേ ഒരു മികവുണ്ടായിരുന്നു. പത്ര ഓഫീസില്‍ സാക്ഷാൽ സുകുമാർ അഴീക്കോടിൻ്റെ കയ്യെഴുത്ത് വായിക്കാൻ കഴിയുമായിരുന്ന ഏക വ്യക്തി എന്നതായിരുന്നു ആ മികവ്.


പത്തെഴുപത്തിരണ്ടു വയസു പിന്നിട്ടപ്പോൾ അദ്ദേഹത്തെയും സ്ഥാപനം പറഞ്ഞയച്ചു. പകരം പിന്തുടർച്ചാവകാശിയായി അദ്ദേഹത്തിൻ്റെ മകന് സ്ഥാപനത്തിൽ ജോലി കൊടുത്തു. പക്ഷേ പുതിയ മാനേജ്മെൻ്റ് പിള്ളേർ ആ പയ്യനെയും കഴുത്തിനു പിടിച്ചു പുറത്താക്കി. കല്യാണമൊക്കെ കഴിച്ച് പത്രത്തില്‍ കൂടിയിരുന്ന പയ്യൻ അങ്ങനെ പെരുവഴിയിലായി. (അത് അവൻ്റെ കയ്യിലിരുപ്പുദോഷം കൊണ്ടാണെന്നു പറയുന്നവരും ഉണ്ട്). ഏതായാലും നമ്മുടെ കഥയിലെ ഈ അപ്പനും വിട്ടുകൊടുത്തില്ല. മകനെ മറ്റേതോ കമ്പനിയുടെ മാർക്കറ്റിങ് വിഭാഗത്തിൽ കയറ്റി. 

കഥ തീർന്നില്ല. തിരുവനന്തപുരത്തെ മറ്റൊരു മുന്‍ മേധാവിയായിരുന്ന ഒരു നല്ല മനുഷ്യൻ്റെ മകൻ്റെ മേലും പുതുതലമുറ മാനേജ്മെൻറും അവരുടെ പിണയാളുകളും കണ്ണുവച്ചിട്ടുണ്ടത്രെ. അത് നടക്കാതെ പോകട്ടെ എന്ന് ആശംസിക്കുന്നു.

മനം കവര്‍ന്നാല്‍ ജോലി  

പഴയ മാനേജ്മെൻ്റിലെ ചിലർ അവർക്കിഷ്ടപ്പെട്ടാൽ ആരെയും സ്ഥാപനത്തിൽ കയറ്റിയിരുന്നു. അങ്ങനൊരു കഥയുമുണ്ട്. മാനേജ്മെൻ്റിലെ ഒരാളുടെ മരുമകളുടെ പ്രസവം എടുത്ത ഡോക്ടറിൽ അദ്ദേഹം പ്രസാദിച്ചു. ഡോക്ടറുടെ രക്തബന്ധത്തിൽ പെട്ടയാളെ സർക്കുലേഷൻ വിഭാഗത്തിൻ്റെ തലപ്പത്തു കൊണ്ടുവന്നിരുത്തി. സർക്കൂലേഷൻ മേധാവിക്കും അലോഹ്യമില്ലായിരുന്നു. 

കാരണം പുതുതായി വന്നയാൾക്ക് തള്ളല്ലാതെ പണി വശമില്ല. പുതിയ ആൾ കേമനാണെങ്കിലല്ലേ മേധാവിക്കു ഭീഷണിയാകൂ. പക്ഷേ പയ്യെ പയ്യെ പത്രമുതലാളിക്ക് ഒരു കാര്യമെങ്കിലും പിടികിട്ടി. താൻ കയറ്റി വച്ചയാളുടെ ഇംഗ്ലീഷ് പോര. ഇംഗ്ലീഷ് ആണ് ഈ മുതലാളിയുടെ വീക്ക്നെസ്. തനിക്ക് സന്ദേശവും കത്തുമൊക്കെ അയയ്ക്കുന്നയാൾക്ക് ഇംഗ്ലീഷ് അക്ഷരമൊന്നു തെറ്റിയാൽ പണി പാളും.


ഈ മുതലാളിക്കാണെങ്കിൽ മലയാളം വായിക്കാനും വലിയ തിട്ടമില്ല. ഇദ്ദേഹത്തെ മലയാളം പഠിപ്പിക്കാൻ സ്വപിതാവ് ഏറെ കഷ്ടപ്പെട്ടതാണ്. ഫലം കണ്ടില്ല. മുത്തശി  പത്രത്തിൻ്റെ ഉടമയായ ഈ മുത്തശ്ശന്‍ ഈ വയസ്സാം കാലത്തും സ്വപത്രം വായിക്കുന്നത് ആളെ വച്ചാണ് ! വായിച്ചു കേൾക്കും. പക്ഷേ മലയാളം സംസാരിക്കാനറിയാം.


അങ്ങനൊരു പത്ര മുതലാളി കോട്ടയത്ത് വേറെയും ഉണ്ടായിരുന്നു. അദ്ദേഹത്തിന് ഇംഗ്ലീഷ് എന്നല്ല മലയാളവും അറിയില്ലായിരുന്നു. പകരം വായിച്ചു കേള്‍ക്കും. പക്ഷേ അദ്ദേഹം അക്ഷരങ്ങള്‍ കൊണ്ട് ഒരു സാമ്രാജ്യം തന്നെ ഉണ്ടാക്കിയ വലിയ പ്രതിഭ ആയിരുന്നു. 

പോകട്ടെ, നമ്മുടെ കഥയിലേക്ക് തിരിച്ചു വരാം. നമ്മുടെ ഡോക്ടറുടെ ബന്ധു പണിയൊന്നുമില്ലാതെ, തള്ളു മാത്രം കൊണ്ട് പത്തുപതിനേഴു വർഷം സ്ഥാപനത്തില്‍ വാണു. പക്ഷേ, മാനേജ്മെൻ്റിലെ പുതിയ മുതലാളിപ്പിള്ളേർക്ക് ഇയാളെയും മതിയായി. ഈ 30 ന് അദ്ദേഹവും സ്ഥാപനത്തിന്റെ പടിയിറങ്ങി. [ കഥകള്‍   തുടരും ...]

Advertisment