Advertisment

മലയാള ഭാഷയുടെ പരിണാമം, വളര്‍ച്ച എന്നിവ അടുത്തറിയാം. രാജ്യത്തെ ആദ്യ അക്ഷരമ്യൂസിയത്തിൻ്റെ  ഒന്നാം ഘട്ട നിർമാണം പൂർത്തിയായി.  ഓഗസ്റ്റിൽ ഉദ്ഘാടനം നടത്താനാകുമെന്ന പ്രതീക്ഷയിൽ അധികൃതർ.

New Update
15696326-a22c-4971-8969-91135de5877c

കോട്ടയം: രാജ്യത്തെ ആദ്യ അക്ഷരമ്യൂസിയമെന്ന വിശേഷണത്തോടെ തുടക്കമിടുന്ന  മറിയപ്പള്ളിയിലെ അക്ഷരം മ്യൂസിയത്തിൻ്റെ ഒന്നാം ഘട്ട നിർമാണം പൂർത്തിയായി. അവസാന    ഘട്ട മിനുക്കുപണികളുടെ ഭാഗമായി മ്യൂസിയത്തിനുള്ളില്‍ ഗ്യാലറികള്‍ ഒരുക്കുന്ന ജോലികളാണു പുരോഗമിക്കുന്നത്. അടുത്തമാസം  മ്യൂസിയം തുറക്കാനാകുമെന്ന പ്രതീക്ഷയാണ് അധികൃതർക്കുള്ളത്.

Advertisment

 മലയാള ഭാഷയുടെ പരിണാമം, വളര്‍ച്ച എന്നിവ അടുത്തറിയാൻ സഹായിക്കുന്ന തരത്തിലാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. 15 കോടി ചെലവിട്ടുള്ള മ്യൂസിയത്തിന്റെ ഒന്നാംഘട്ടമാണു പൂര്‍ത്തിയായത്. ഓഗസ്റ്റ് രണ്ടാം വാരം ഉദ്ഘാടനം നടത്താനുള്ള തീരുമാനത്തിലാണ് അധികൃതര്‍.

ഭാഷയുടെ ഉല്‍പത്തി മുതല്‍ മലയാളഭാഷയുടെ സമകാലിക മുഖം വരെ അടയാളപ്പെടുത്തുന്ന വിവിധ ഗ്യാലറികളാകും ആദ്യഘട്ടത്തിലെ പ്രത്യേകത. ലോകത്തിലെ വിവിധ ലിപികളെ പരിചയപ്പെടുത്തുന്നതിനൊപ്പം പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്ന ലോകഭൂപടത്തില്‍ തൊടുമ്പോള്‍ അവിടുത്തെ ഭാഷകളും അതിന്റെ പ്രത്യേകതകളും അറിയാന്‍ കഴിയുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. വിഡിയോ ഗ്യാലറികളും വിവിധ വിഷയങ്ങളില്‍ ഡിജിറ്റള്‍ വാളുകളുമുണ്ടാകും. ഭാഷയുടെ വികാസം വിശദമാക്കുന്ന മള്‍ട്ടിമീഡിയ പ്രദര്‍ശനവുമുണ്ടാകും.

ഇതിനൊപ്പം 60 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന തീയേറ്ററുമുണ്ട്. ഇതില്‍ പ്രദര്‍ശിപ്പിക്കാന്‍ ഏട്ട് ഡോക്യൂമെന്ററികളും തയാറാക്കിയിട്ടുണ്ട്. കാരൂര്‍ നീലകണ്ഠപിള്ളയുടെ പ്രതിമയും മ്യൂസിയത്തിനൊപ്പം സ്ഥാപിക്കും.

സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ് ഉടമസ്ഥതയിലുള്ള  സ്ഥലത്താണു മ്യൂസിയം സ്ഥാപിച്ചിരിക്കുന്നത്. എം.സി റോഡിനോട് ചേര്‍ന്നുള്ള മ്യൂസിയത്തിന്റെ മേല്‍നോട്ടവും സംഘത്തിനാണ്.

ചരിത്രവിദ്യാര്‍ഥികള്‍ക്കും ഭാഷാസ്‌നേഹികള്‍ക്കും ഗവേഷകര്‍ക്കും പഠനത്തിനും പ്രയോജനപ്പെടുന്ന തരത്തിലാണു മ്യൂസിയമെന്ന് അധികൃതര്‍ പറഞ്ഞു. ലോകഭാഷ ലിപികള്‍ സമാഹരിച്ചു സ്ഥാപിക്കപ്പെട്ടിട്ടുള്ള മ്യൂസിയം രാജ്യത്തു വേറെയില്ല. സംവാദങ്ങള്‍ക്കും ആശയപ്രചാരണത്തിനും ചര്‍ച്ചാവേദികള്‍ക്കുമുള്ള ഇടമായി ഭാവിയില്‍ മ്യൂസിയത്തെ മാറ്റാന്‍ ലക്ഷ്യമിടുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു.

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റിയാണു കെട്ടിടം നിര്‍മിച്ചത്.  അടുത്തഘട്ടങ്ങളുടെ നിര്‍മാണത്തിനും ഉടന്‍ തുടക്കമാകും. ഇതിനായി 11.30 കോടിയുടെ പദ്ധതിക്ക് സര്‍ക്കാറിന്റെ സാങ്കേതിക അനുമതി ലഭിച്ചുകഴിഞ്ഞു. രണ്ടാം ഘട്ടത്തില്‍ ഇന്ത്യന്‍ ഭാഷകളെയും ലോക ഭാഷകളെയും വിശദമായി ഉള്‍ക്കൊള്ളിക്കും.

Advertisment