കോട്ടയം: ഡിസംബര്‍ 31 വരെ വളര്‍ത്തുപക്ഷി പരിപാലനത്തിനും വിപണനത്തിനും സര്‍ക്കാര്‍ വിലക്ക് വന്നതോടെ തകർന്ന് അവശേഷിക്കുന്ന താറാവ് കർഷകർ. മാര്‍ച്ച് - ഏപ്രില്‍ കാലയളവിലായി പക്ഷിപ്പനിയെത്തുടര്‍ന്നു ഏര്‍പ്പെടുത്തിയ വിലക്ക് പെട്ടെന്നു നീട്ടിയതാണ് കര്‍ഷകര്‍ക്കു ദുരിതമായത്. ക്രിസ്മസ് വിപണിയിലേക്കുള്ള തയാറാകേണ്ട, താറാവിന്‍ കുഞ്ഞുങ്ങള്‍ വിരിയാറായി വരവേയാണ് കോട്ടയം, വൈക്കം, ചങ്ങനാശേരി താലൂക്കില്‍ ഉള്‍പ്പെടെ പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയത്.
കോട്ടയത്തെ പ്രധാന താറാവു വിപണി ക്രിസ്മസ്, ഈസ്റ്റര്‍ കാലയളവിലാണ്. ഇതിനായി താറാവു വളര്‍ത്തല്‍ ആരംഭിക്കുന്നത് ഈ മാസമാണ്. വിരിപ്പു കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലെ തീറ്റയാണ് ഈ താറാവുകളുടെ പ്രധാന തീറ്റ. മറ്റു തീറ്റ വാങ്ങണമെങ്കില്‍ ചെലവേറുമെന്നതിനാല്‍ പാടത്തു നിന്നുള്ള തീറ്റയെ കൂടുതലായി ആശ്രയിച്ചാണ് അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ കര്‍ഷകറെ താറാവുകളെ വളര്‍ത്തുന്നത്.
ഈ വര്‍ഷത്തെ കൃഷിയുടെ ഭാഗമായി പത്തു മുതല്‍ താറാവിന്‍ കുഞ്ഞുങ്ങള്‍ പാടത്ത് എത്തിത്തുടങ്ങേണ്ടതാണ്. ഇതിനായി കര്‍ഷകര്‍ മുന്‍കൂര്‍ പണമടച്ച് ഹാച്ചറികളില്‍ കുഞ്ഞുങ്ങളെ ബുക്ക് ചെയ്തിരുന്നു. നിലവില്‍ ഒരു കുഞ്ഞിന് 24 രൂപയാണ് വില. പകുതി തുക അടച്ചാല്‍ മാത്രമേ ഹാച്ചറികളില്‍ മുട്ട അട വയ്ക്കൂ. 3000 കുഞ്ഞുങ്ങള്‍ വരെ ബുക്ക് ചെയ്ത കര്‍ഷകരുണ്ട്. സര്‍ക്കാര്‍ തീരുമാനത്തെത്തുടര്‍ന്നു തിരക്കിയപ്പോള്‍ പണം തിരികെ നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഹാച്ചറി ഉടമകള്‍. ആലപ്പുഴയില്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ വിരിയിച്ചെടുത്ത കുഞ്ഞുങ്ങളെ ഹാച്ചറികളിലും കൊന്നു കളയേണ്ടി വരും.
പക്ഷിപ്പനിയുടെ സാഹചര്യം കൃത്യമായി അറിയാവുന്ന അധികൃതര്‍ രണ്ടാഴ്ച മുമ്പെങ്കിലും തീരുമാനം അറിയിച്ചിരുന്നുവെങ്കില്‍ പ്രതിസന്ധി ഒഴിവാക്കാമായിരുന്നുവെന്നു കര്‍ഷകര്‍ പറയുന്നു. വളര്‍ത്തുപക്ഷികള്‍ക്കു നിരോധനം ഏര്‍പ്പെടുത്തുമ്പോള്‍, തമിഴ്‌നാട്ടില്‍ നിന്നു വ്യാപകമായി ഇറച്ചി കോഴികളെയും ഇറച്ചി താറാവുകളെയും എത്തിക്കുന്നുണ്ടെന്നത് വിരോധാഭാസമാണെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അടിയന്തിര നടപടിയുണ്ടായില്ലെങ്കില്‍ ക്രിസ്മസ് കാലത്തു ഇറച്ചിക്കോഴി, താറാവ്, മുട്ട എന്നിവയുടെ വില ക്രമാതീതമായി വര്‍ധിക്കുമെന്നും കര്‍ഷകര്‍ പറയുന്നു.