പാലാ: സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച കോട്ടയം ജില്ലയിലെ ആദ്യ നഗരമായി പാലാ നഗരസഭ. ഇത് സംബന്ധിച്ച പ്രഖ്യാപനം നഗരസഭയുടെ പ്രത്യേക കൗൺസിൽ യോഗത്തിൽ വെച്ച് ചെയർമാൻ ഷാജു വി തുരുത്തൻ നടത്തി.
സമൂഹത്തിലെ എല്ലാ മേഖലയിലും ഉള്ള ജനങ്ങൾക്കും അടിസ്ഥാന ഡിജിറ്റൽ സാക്ഷരത ലഭ്യമാക്കി വിവരസാങ്കേതിക വിദ്യയുടെ ഗുണങ്ങൾ അവരിലേക്ക് ഫലപ്രദമായി വ്യാപിപ്പിച്ച് അവരുടെ ശാക്തീകരണം ഉറപ്പാക്കുകയും സർക്കാർ നൽകുന്ന ദൈനംദിന സേവനങ്ങൾ എളുപ്പത്തിൽ ഉപയോഗിക്കുന്നതിനും വികസന പദ്ധതികളിൽ പങ്കാളികളായി അതിന്റെ ഫലങ്ങൾ അനുഭവവേദ്യം ആക്കുന്നതിനും ലക്ഷ്യം വെച്ചുകൊണ്ട് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയാണ് നഗരസഭ വിജയകരമായി കഴിഞ്ഞ 60- ദിവസം കൊണ്ട് നടപ്പാക്കിയതെന്ന് നഗരസഭ ചെയർമാൻ ഷാജു വി തുരുത്തൻ പറഞ്ഞു.
കോട്ടയം ജില്ലയിലെ ഇതര നഗരസഭകളായ ഏറ്റുമാനൂർ, കോട്ടയം, വൈക്കം, ഈരാറ്റുപേട്ട, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ ഇതിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടയിൽ പാലായിൽ പ്രഖ്യാപനം നടത്താൻ കഴിഞ്ഞത് നഗരസഭയുടെ ഭരണ മികവും ജീവനക്കാരുടെ ആത്മാർത്ഥമായ പിന്തുണയും കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ജൂലൈ 10- നാണ് പാലാ നഗരസഭയിൽ പദ്ധതിയുടെ ഫീൽഡ് തല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. 60 ദിവസം കൊണ്ട് 100% ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞു. നഗരസഭയിലെ റിട്ടയേർഡ് ഉദ്യോഗസ്ഥനും ഡിജി കോഡിനേറ്ററായി നഗരസഭ കൗൺസിൽ ഐകകണ്ഠേന നിയമിച്ച ബിജോയ് മണർകാട്ടിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഡിജി ടീമിന്റെ ആക്ഷൻ പ്ലാൻ ആണ് പ്രവർത്തന ലക്ഷ്യത്തിന് ആക്കം കൂട്ടിയതും ലക്ഷ്യപ്രാപ്തിയിലേക്ക് നഗരസഭയെ നയിച്ചതും.
ആദ്യ നടപടി എന്ന നിലയിൽ നഗരസഭ പരിധിയിലെ മുഴുവൻ ജനങ്ങളെയും സംബന്ധിച്ച വിവരശേഖരണം നഗരസഭ സ്റ്റാറ്റിസ്റ്റിക്സ് അസിസ്റ്റന്റ് ധനേഷ് എം.എസ്സിന്റെ നേതൃത്വത്തിൽ നടത്തി. നഗരസഭ പരിധിയിലെ 26- വാർഡുകളിലേയും 7894-വാസഗൃഹങ്ങളിൽ ആൾതാമസമുള്ള 4877-വീടുകളിൽ നടത്തിയ സർവ്വേയിൽ 14നും 64 നും ഇടയിലുള്ള 178- പേര് ഡിജിറ്റൽ സാക്ഷരരല്ലെന്ന് കണ്ടെത്തി.
തുടർന്ന് 26-വാർഡുകളിലേക്കുമായി 15- അങ്കണവാടികൾ, മുനിസിപ്പൽ കോൺഫറൻസ് ഹാൾ എന്നിവ കേന്ദ്രീകരിച്ച് ട്രെയിനിങ് ക്ലാസ്സുകൾ സംഘടിപ്പിച്ചു. കിടപ്പ് രോഗികൾ വയോധികർ തുടങ്ങിയവർക്കായി വീടുകൾ കേന്ദ്രീകരിച്ച് പരിശീലനം നടത്തി.
മൂന്ന് മോഡ്യൂളുകളിലായി 15-ഇനം കാര്യങ്ങളിലാണ് പരിശീലനം നടത്തിയത്. മൊബൈൽ ഫോൺ ഓൺ ഓഫ് ആക്കുന്നതിൽ തുടങ്ങി, ഓൺലൈനായി വിവിധ അപേക്ഷകൾ സമർപ്പിക്കുന്നതിനും ബാങ്കിംഗ് ഇടപാടുകൾ നടത്തുന്നതിനും, ഓൺലൈൻ ഷോപ്പിംഗ്, ഗ്യാസ് ബുക്കിംഗ്, ടെലഫോൺ, കറണ്ട്, വാട്ടർ ചാർജ് ഒടുക്കൽ തുടങ്ങിയ വിവിധ കാര്യങ്ങളിൽ പരിശീലനം നടത്തി.
സർക്കാർ സേവനങ്ങളെ കുറിച്ചുള്ള വിവിധ വെബ്സൈറ്റുകൾ പരിചയപ്പെടുത്തി. ഈമെയിൽ സൗകര്യം പ്രയോജനപ്പെടുത്തുന്നതിനും, യൂട്യൂബ് വാട്സ്ആപ്പ്, ഫെയ്സ് ബുക്ക് എന്നിവയോടെ ഉപയോഗവും സംബന്ധിച്ച് ട്രെയിനിങ് നടത്തി.
275- വളണ്ടിയർമാരാണ് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതയ്ക്കായി പ്രവർത്തിച്ചത്. നഗരസഭ ഡിജിറ്റൽ കോഡിനേറ്റർ ബിജോയ് മണർകാട്ടു, പദ്ധതിയുടെ മുൻ നോഡൽ ഓഫീസർ ഗീത പി എൻ, ആർ ജി എസ് എ കോർഡിനേറ്റർ അനന്തലക്ഷ്മി, മുനിസിപ്പൽ എൻജിനീയർ സിയാദ് എ, അക്കൗണ്ട് ഓഫീസർ രേഖ ആർ, നഗരസഭാ സാക്ഷരത പ്രേരകുമാരായ നീമ ജോയ് , ഫെബി ജോസഫ് , ഐ.കെ.എം ഓഫീസർ അനൂപ്, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ അക്സ, സെന്റ് തോമസ് കോളേജ് എൻ.എസ്.എസ് വിഭാഗം വിദ്യാർത്ഥികളായ നവീൻ റിയാൻ, റിഷീദ്ര ഹരിപ്രസാദ്, ടീം ക്യാപ്റ്റൻ ഗൈഡ് & ലെക്ചർ റോബേഴ്സ് തോമസ്,
ഐ സി ഡി എസ് സൂപ്പർവൈസർ ജ്യോതി എസ് കുമാർ, സിഡിഎസ് ചെയർപേഴ്സൺ ശ്രീകല അനിൽകുമാർ, അംഗണവാടി ടീച്ചർമാർ, ആശാപ്രവർത്തകർ, തൊഴിലുറപ്പ് പ്രവർത്തകർ, നഗരസഭയിലെ മുഴുവൻ കൗൺസിലർമാരും മുൻ കൗൺസിലർമാരായ ബിജു പാലൂപ്പടവിൽ, പ്രസാദ് പെരുമ്പള്ളി, ജിജി ജോണി എന്നിവർ ഉൾപ്പെടുന്ന ഒരു വലിയ ടീം തന്നെയാണ് പാലാ നഗരസഭയെ സമ്പൂർണ്ണ ഡിജിറ്റലൈസ്ഡ് നഗരസഭയാക്കുന്നതിന് ഏറെ പ്രയത്നിച്ചവർ.
പ്രഖ്യാപന ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ ലീന സണ്ണി അധ്യക്ഷത വഹിക്കുകയും, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട് സ്വാഗതം ആശംസിക്കുകയും ചെയ്തു.
ബിന്ദു മനു, ലിസി കുട്ടി മാത്യു, സന്ധ്യ ആർ, ബൈജു കൊല്ലംപറമ്പിൽ, കോൺഗ്രസ് പാർലമെന്ററി ലീഡർ പ്രൊഫസർ സതീശ് ചൊള്ളാനി, സെക്രട്ടറി ജൂഹി മരിയ ടോം, കൗൺസിലർമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.