Advertisment

ചങ്ങനാശേരി കെ.എസ്.ആര്‍.ടി.സി. ടെര്‍മലിനു ഇനി പുതിയ രൂപരേഖ. 7.5 കോടി രൂപയുടെ ഭരണാനുമതിയും റെഡി. രൂപരേഖ മാറ്റിയത് വെള്ളപൊക്കം ഭയന്ന്

തിരുവല്ല ഭാഗത്തുനിന്നു കോട്ടയം ഭാഗത്തേക്കുള്ള ബസുകള്‍ ടെര്‍മിനലിനുള്ളിലേക്കു കയറില്ല

New Update
changanassery ksrtc terminal

ചങ്ങനാശേരി: നഗരത്തിലെ കെ.എസ്.ആര്‍.ടി.സി.ബസ് ടെര്‍മിനലിനായി  പുതിയ രൂപരേഖ തയാറായി. പൊതുമരാമത്ത് കെട്ടിടവിഭാഗമാണു രൂപരേഖ തയാറാക്കിയത്. അവര്‍ക്കു തന്നെയാണു നിര്‍മാണച്ചുമതലയും. ആദ്യം പുറത്തിറക്കിയ രൂപരേഖയില്‍ അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിങ് ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, വെള്ളക്കെട്ടുസാധ്യതയും കുട്ടനാടന്‍ പ്രദേശമായതിനാല്‍ മണ്ണെടുത്താല്‍ ഭൂനിരപ്പില്‍ വെള്ളമെത്താനുള്ള സാധ്യതയും വിദഗ്ധസമിതി ചൂണ്ടിക്കാട്ടിയതോടെയാണു പഴയ രൂപരേഖ പിന്‍വലിച്ചത്.

Advertisment

പദ്ധതിക്കായി മണ്ണു പരിശോധന പൂര്‍ത്തിയാക്കി. സ്ഥലസൗകര്യം പൂര്‍ണമായും പ്രയോജനപ്പെടുത്തുന്ന രീതിയിലും പൊതുഗതാഗതത്തെ ബാധിക്കാത്ത വിധത്തിലുമാണു ടെര്‍മിനല്‍ നിര്‍മിക്കുന്നതെന്നു ജോബ് മൈക്കിള്‍ എം.എല്‍.എ പറഞ്ഞു. 7.5 കോടി രൂപയുടെ ഭരണാനുമതിയാണു ലഭിച്ചത്.


തിരുവല്ല ഭാഗത്തുനിന്നു കോട്ടയം ഭാഗത്തേക്കുള്ള ബസുകള്‍ ടെര്‍മിനലിനുള്ളിലേക്കു കയറില്ല. പകരം ടെര്‍മിനലിനോടു ചേര്‍ന്ന് എം.സി റോഡിന് അഭിമുഖമായി നിര്‍മിക്കുന്ന ബസ്‌ബേയില്‍ ആളുകളെ കയറ്റിയിറക്കി പോകും. ഒരേസമയം 5 ബസുകള്‍ക്ക് ഇവിടം ഉപയോഗപ്പെടുത്താം. കോട്ടയം ഭാഗത്തുനിന്നു തിരുവല്ല ഭാഗത്തേക്കുപോകുന്ന ബസുകള്‍ നിലവിലെ രീതിയില്‍ തന്നെ ടെര്‍മിനലിലേക്കു കയറി ആളുകളെ കയറ്റിയിറക്കും.


 തുടര്‍ന്നു പുറകിലെ റോഡുവഴി വന്ന് ടിബി റോഡിലേക്കിറങ്ങി എംസി റോഡിലേക്കു പ്രവേശിക്കും. ആലപ്പുഴ ബസുകളും ഇങ്ങനെ പോകും. ടെര്‍മിനലിനകത്തേക്കു രണ്ടു ഭാഗത്തുനിന്നും ബസുകള്‍ എത്തുന്നത് കുറയ്ക്കാനും എംസി റോഡില്‍ നഗരമധ്യത്തിലേക്കു ബസുകള്‍ ഇറങ്ങി വരുന്നതു കുറയ്ക്കാനുമാണിത്.

പാര്‍ക്കിങ്ങിനു മള്‍ട്ടിലെയര്‍ സംവിധാനമാണ് ഒരുക്കുന്നത്. അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിങ്ങിനു പകരമാണിത്. ടെര്‍മിനലിനു സമീപം കാര്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സംവിധാനമാണു വരിക. ടെര്‍മിനലിന്റെ മുകള്‍നിലയില്‍ യാത്രക്കാര്‍ക്കും ജനങ്ങള്‍ക്കുമായി ഡോര്‍മിറ്ററി, താമസിക്കാനുള്ള മുറികള്‍, കഫ്റ്റീരിയ, ക്ലോക്ക് റൂം എന്നിവ വാടക ഇനത്തില്‍ നല്‍കും. താഴത്തെ നിലയില്‍ പോലീസ് എയ്ഡ് പോസ്റ്റ്, ഹെല്‍ത്ത് സെന്റര്‍, കോഫി ഷോപ്പ്, കണ്‍ട്രോള്‍ റൂം, സ്ത്രീകളുടെ കാത്തിരിപ്പുകേന്ദ്രം, അന്വേഷണ വിഭാഗം, പൊതുകാത്തിരിപ്പുകേന്ദ്രം, എടിഎം തുടങ്ങിയ സൗകര്യങ്ങളുണ്ടാകുമെന്ന് എംഎല്‍എ അറിയിച്ചു.

Advertisment