കോട്ടയം: ഓണത്തിൻ്റെ വരവറിയിച്ച് അത്തം പിറന്നതോടെ വിപണിയിൽ സുലഭമായി പൂക്കൾ. ഓണത്തിന്റെ വൈവിധ്യമായ ആഘോഷങ്ങളില്‍ വര്‍ണാഭവും സവിശേഷവുമായ ഒന്നാണ് പൂക്കളമൊരുക്കല്‍. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നാളുകളില്‍ നിറവും സൗരഭ്യവുമൊത്ത് ചേര്‍ന്ന് മഹാബലിയെ വരവേൽക്കുന്ന ചടങ്ങ്. അത്തം മുതല്‍ പത്ത് നാളാണ് പൂക്കളമൊരുക്കുക.
പണ്ടൊക്കെ നാടന്‍ പൂക്കളാണ് അത്തപ്പൂക്കളത്തിന് ഉപയോഗിച്ചിരുന്നത്. തുമ്പയും, മുക്കുറ്റിയും, കണ്ണാന്തളിയും, മന്ദാരവും, ശംഖുപുഷ്പവുമെല്ലാം അത്തപ്പൂക്കളത്തില്‍ നിറഞ്ഞ കാലം. ഇന്നത് ജമന്തിക്കും ചെണ്ടുമല്ലിക്കുമൊക്കെ വഴിമാറിക്കഴിഞ്ഞു. തമിഴ്നാട് കർണാടക എന്നിവിടങ്ങളിൽ നിന്നാണ് കഴിഞ്ഞ കുറേ വർഷങ്ങളായി ഓണത്തിന് പൂക്കൾ എത്തിക്കൊണ്ടിരുന്നത്. ഇവയ്ക്ക് നല്ല വിലയും നൽകണമായിരുന്നു.
എന്തിനും ഏതിനും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് ഒരു മാറ്റം കൊണ്ടു വരുന്നതാണ് പൂ കൃഷി വ്യാപിപ്പിക്കാനുള്ള പദ്ധതി സംസ്ഥാന സർക്കാർ പ്രോത്സാഹിപ്പിച്ചത്. ഇതോടെ നാട്ടിൽ തന്നെ വിളവെടുത്ത ബന്ദിപ്പൂക്കളാണ് ഇക്കുറി താരം. കോട്ടയം ജില്ലയില്‍ കുടുംബശ്രീ വഴി മാത്രം 105 ഏക്കറിലായിരുന്നു പൂ കൃഷി. ഇത്തരത്തിൽ എല്ലാ ജില്ലകളിലും കൃഷിയിറക്കിയിരുന്നു. ഇന്നു മികച്ച വിളവ് ലഭിച്ചതിനൊപ്പം വിനോദ സഞ്ചാര കേന്ദ്രങ്ങളോട് ചേർന്നുള്ള ബന്ദിപൂ പാടം കാണാനും ഇവിടെ നിന്നു ചിത്രമെടുക്കാനും നിരവധി പേരാണ് എത്തുന്നത്.
കല്ലറ പഞ്ചായത്തിലെ മുണ്ടാറിലും ഇത്തരം കാഴ്ചകൾ കാണാം. മുണ്ടാറിന്റെ തലവര തന്നെ മാറ്റിമറിക്കപ്പെട്ടിരിക്കുന്നത് ഓണത്തെ വരവേല്‍ക്കുന്ന ബന്ദിപ്പൂ കൃഷി. ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് നവ്യാനുഭവമാണ് വിരിഞ്ഞു നിൽക്കുന്ന പൂ പാടങ്ങൾ.
ഓണം വിപണിയില്‍ ആവശ്യക്കാര്‍ ഏറെയുള്ള ജമന്തി, മുല്ലപ്പൂ, ചെണ്ടുമല്ലി, വാടാമുല്ല എന്നിവയാണ് വ്യാപകമായി കൃഷി ചെയ്തത്. ചിലയിടങ്ങളില്‍ മഴയും കാറ്റും നാശം വിതച്ചുവെങ്കിലും മറ്റിടങ്ങളില്‍ പൂക്കള്‍ വിളവെടുത്ത് വിപണിയിൽ എത്തിക്കഴിഞ്ഞു. കൃഷി വകുപ്പില്‍ നിന്നും സ്വകാര്യ നഴ്‌സറി, കുടുംബശ്രീ നഴസ്‌റി എന്നിവിടങ്ങളില്‍ നിന്നും ശേഖരിച്ച അത്യുല്‍പ്പാദന ശേഷിയുള്ള വിത്തുകളാണ് കൃഷിയിറക്കിയത്.
മാര്‍ക്കറ്റ് വിലയെക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് കുടുംബശ്രീ യൂണിറ്റുകൾ വിളവെടുത്ത പൂക്കള്‍ ലഭിക്കുകയെന്നതാണ് മറ്റൊരു പ്രത്യേകത.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സ്‌കൂള്‍ കോളജ്, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഓണാഘോഷത്തിനുള്ള പൂക്കള്‍ നേരിട്ടു വിപണനം ചെയുന്നു മുണ്ട്. കുടുംബശ്രീ ചന്തകളിലും ഓണത്തോടനുബന്ധിച്ചുള്ള പ്രദേശിക വിപണികളിലും കുടുംബശ്രീ പൂക്കള്‍ ലഭ്യമാണ്. കൃഷിസ്ഥലങ്ങളില്‍ നിന്ന് നേരിട്ട് പൂവ് വിപണനം നടത്തും. അതാത് ബ്ലോക്കുകളില്‍ നിന്ന് കൂടാതെ, മറ്റ് ബ്ലോക്കുകളില്‍ നിന്നും പൂക്കള്‍ ആവശ്യമുള്ളവര്‍ക്ക് വാങ്ങിക്കാൻ സാധിക്കും.