Advertisment

കേരളത്തില്‍ ഏറ്റവും കൂടുതല്‍ തവണ പാര്‍ട്ടി മാറിയ മുന്നണി മാറിയ ചിഹ്നം മാറിയ ഒരാളെന്ന റിക്കോര്‍ഡ് യു.ഡി.എഫ് സ്ഥാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജ്ജിന് നല്‍കാം; ഒരു രാഷ്ട്രീയ ധാര്‍മ്മികതയും ഇല്ലാതെ അധികാരത്തിന് വേണ്ടി തന്നെ സഹായിച്ചവരെയും ഒപ്പം നിന്നവരെയും ഏത് ഘട്ടത്തിലും തള്ളിപ്പറയാന്‍ ഒരു മടിയുമില്ലാത്ത ഒരാള്‍: കേരള കോണ്‍ഗ്രസ്സിനെയും കൂടെ നില്‍ക്കുന്ന നേതാക്കളെയും പല തവണ ചതിച്ച ഒരാളെ കോട്ടയം സ്വീകരിക്കരുത്: അറക്കല്‍ ബാലകൃഷ്ണപിള്ള

വ്യക്തമായ ഭരണഘടനയോ, നയപരിപാടികളോ ഇല്ലാതെ ഏതാനും ചില വ്യക്തികളുടെ രാഷ്ട്രീയതാല്‍പര്യം മാത്രം സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്ന പി.ജെ ജോസഫ് നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും താന്‍ രാജിവെയ്ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

New Update
balakrishnan Untitledb.jpg

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ ഉന്നതാധികാരസമിതി അംഗവും പാര്‍ട്ടിയുടെ കൊല്ലം ജില്ലാ പ്രസിഡന്റുമായ അറക്കല്‍ ബാലകൃഷ്ണപിള്ള രാജിവെച്ചു. മോന്‍സ് ജോസഫിനെതിരെയും കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജ്ജിനെതിരെയും രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്.

Advertisment

തന്റെ എക്കാലത്തെയും രാഷ്ട്രീയ നേതാവ് കെ.എം മാണിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. മാണി സാറെന്ന നേതാവില്‍ ആകൃഷ്ടനായി രാഷ്ട്രീയത്തിലേക്ക് വരുകയും തന്റെ രാഷ്ട്രീയത്തിലെ വഴികാട്ടിയായി അദ്ദേഹത്തെ എക്കാലവും കാണുകയും സ്നേഹിക്കുകയും ചെയ്ത ആളാണ് താനെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി. 

അഞ്ചു പതിറ്റാണ്ടിലേറെക്കാലം മാണി സാറിനൊപ്പം നിന്ന് കൊല്ലം ആര്‍.റ്റി.ഐ മെമ്പര്‍, കര്‍ഷകത്തൊഴിലാളിക്ഷേമനിധി ബോര്‍ഡ് അംഗം, ആലുവ എഫ്.ഐ.റ്റി ചെയര്‍മാന്‍,  കേരള സംസ്ഥാന ഭവനനിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച തനിക്ക് ഒരു പ്രത്യേകമായ വഴിത്തിരിവില്‍ ചില തീരുമാനങ്ങള്‍ എടുക്കേണ്ടിവന്നിട്ടുണ്ടെന്നും മാണി സാറിന്റെ മരണശേഷം തങ്ങളാണ് കേരള കോണ്‍ഗ്രസ് (എം) എന്നും രണ്ടില നമ്മുടെ ചിഹ്നമാണെന്നും പറഞ്ഞ് പ്രലോഭിപ്പിച്ച് കൂടെ കൂട്ടിയ പി.ജെ. ജോസഫും കൂട്ടരും തികച്ചും വഞ്ചനാപരമായ നിലപാടാണ് സ്വീകരിച്ചതെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

വ്യക്തമായ ഭരണഘടനയോ, നയപരിപാടികളോ ഇല്ലാതെ ഏതാനും ചില വ്യക്തികളുടെ രാഷ്ട്രീയതാല്‍പര്യം മാത്രം സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്ന പി.ജെ ജോസഫ് നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും താന്‍ രാജിവെയ്ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

കോട്ടയത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ത്തുടങ്ങിയ പാളയത്തില്‍പട ജോസഫ് ഗ്രൂപ്പില്‍ തുടരുകയാണ്. ഫ്രാന്‍സിസ് ജോര്‍ജിനെ പാര്‍ട്ടിയില്‍ സ്വീകരിക്കുന്നതില്‍ ആരംഭിച്ച മോന്‍സ് ജോസഫിന്റെ എതിര്‍പ്പ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും മോന്‍സ് പ്രകടിപ്പിച്ചു.

തന്റെ എതിര്‍പ്പിനു ശേഷവും ഫ്രാന്‍സിസിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ മോന്‍സിന് പി.ജെ ജോസഫിനോട് കനത്ത അമര്‍ഷമുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തിനു ശേഷവും മോന്‍സ് പലവട്ടം പാര്‍ട്ടി നേതാക്കള്‍ക്കു മുന്നിലും പ്രവര്‍ത്തകരുടെ മുന്നിലും വെച്ച് ഫ്രാന്‍സിസിനോട് പരസ്യമായി കയര്‍ക്കുകയും അപമാനിക്കുകയും ചെയ്തിട്ടുണ്ടെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി.

ഉറച്ച നിലപാട് ഇല്ലാത്ത ആളാണ് ഫ്രാന്‍സിസ് ജോര്‍ജെന്നും ബാലകൃഷ്ണപിള്ള പറയുന്നു. കേരള കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തെയും, ഇപ്പോള്‍ അദ്ദേഹം പ്രതിനിധീകരിക്കുന്ന യു.ഡി.എഫിനെ തന്നെയും രാഷ്ട്രീയമായി വഞ്ചിച്ച ആളാണ് ഫ്രാന്‍സിസ് ജോര്‍ജ്ജെന്നും അദ്ദേഹം പറയുന്നു. 

തനിക്കൊപ്പം നില്‍ക്കുന്ന മുന്നണിയെയും, പ്രവര്‍ത്തകരെയും എല്ലാം ചതിക്കുഴിയിലാക്കുക എന്നത് ശീലമാക്കിയ ആളാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. ഞങ്ങള്‍ക്കെല്ലാം അത്തരം അനുഭവങ്ങള്‍ ഉണ്ട്. എപ്പോഴും കൂടുവിട്ട് കൂട് മാറുന്ന ഒരാള്‍.

മാണി സാറിന് ഒരു റിക്കാര്‍ഡുണ്ട്, ഏറ്റവും കൂടുതല്‍ തവണ നിയമസഭയില്‍ എത്തിയ ആള്‍. യു.ഡി.എഫ് സ്ഥാര്‍ത്ഥിക്ക് വേണമെങ്കില്‍ റിക്കാര്‍ഡ് നല്‍കാം. കേരളത്തില്‍ മറ്റാര്‍ക്കും ഇല്ലാത്തവണ്ണം കേരളത്തില്‍ ഏറ്റവും കൂടുതല്‍ തവണ പാര്‍ട്ടി മാറിയ മുന്നണി മാറിയ, ചിഹ്നം മാറിയ ഒരാള്‍. 

ഒരു രാഷ്ട്രീയ ധാര്‍മ്മികതയും ഇല്ലാതെ, അധികാരത്തിന് വേണ്ടി തന്നെ സഹായിച്ചവരെയും ഒപ്പം നിന്നവരെയും ഏത് ഘട്ടത്തിലും തള്ളിപ്പറയുന്ന അതിന് മടിയുമില്ലാത്ത ഒരാള്‍. കേരള കോണ്‍ഗ്രസ്സിനെയും, ഇപ്പോള്‍ കൂടെ നില്‍ക്കുന്ന നേതാക്കളെയും പ്രവര്‍ത്തകരെയും പല തവണ ചതിച്ച ഒരാള്‍ വീണ്ടും മത്സരിക്കുമ്പോള്‍ കോട്ടയം അത്തരമൊരാളെ സ്വീകരിക്കരുത് .

അദ്ദേഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സാധാരണ പ്രവര്‍ത്തകര്‍ പോലും നാളെ ചതിക്കപ്പെടാം എന്നൊരു മുന്നറിയിപ്പ് നല്‍കണമെന്ന ഒരു തോന്നല്‍ ഇത്രയും കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തന അനുഭവത്തില്‍ നിന്നും എനിക്ക് പറയാനുള്ളത്. -ബാലകൃഷ്ണ പിള്ള പറഞ്ഞു.

മോന്‍സ് ജോസഫിന്റെ ഏകാധിപത്യം സഹിക്കവയ്യാതെയാണ് കോട്ടയം ജില്ലാ പ്രസിഡന്റും യു.ഡി.എഫ് ജില്ലാ ചെയര്‍മാനുമായ സജി മഞ്ഞക്കടമ്പില്‍ രാജിവെച്ചതെന്നും വിജയിച്ചാലും പരാജയപ്പെട്ടാലും ഫ്രാന്‍സിസ് ജോര്‍ജ് മോന്‍സ് ജോസഫിനൊപ്പം ജോസഫ് ഗ്രൂപ്പില്‍ തുടരില്ലെന്ന കാര്യം വ്യക്തമാണെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി.

Advertisment