Advertisment

പെട്രോള്‍ പമ്പിലെ ഗുണ്ടാ വിളയാട്ടം: പമ്പ് നടത്തിപ്പുകാരനോട് സിഐ മോശമായി പെരുമാറിയതായി പരാതി. ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി പമ്പ് നടത്തിപ്പുകാരന്‍

പമ്പ് നടത്തിപ്പുകാരന്‍ പുത്തന്‍പുരയില്‍ ലിറ്റോ പി. ജോണാണ്, തൊടുപുഴ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മഹേഷ് കുമാറിനെതിരെ ജില്ലാ പോലീസ് മേധാവിക്ക് രേഖാ മൂലം പരാതി നല്‍കിയിരിക്കുന്നത്.

New Update
petrole pumb

തൊടുപുഴ: മങ്ങാട്ടുകവലയിലെ പെട്രോള്‍ പമ്പിലുണ്ടായ ഗുണ്ടാ വിളയാട്ടവുമായി ബന്ധപ്പെട്ട് തൊടുപുഴ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയ പമ്പ് നടത്തിപ്പുകാരനോട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. 

Advertisment

പമ്പ് നടത്തിപ്പുകാരന്‍ പുത്തന്‍പുരയില്‍ ലിറ്റോ പി. ജോണാണ്, തൊടുപുഴ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മഹേഷ് കുമാറിനെതിരെ ജില്ലാ പോലീസ് മേധാവിക്ക് രേഖാ മൂലം പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ പറയുന്നതിങ്ങനെ: ശനിയാഴ്ച വൈകിട്ടാണ് പമ്പില്‍ അതിക്രമം നടന്നത്. ഇതുമായി ബന്ധപ്പെട്ട് തൊടുപുഴ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. 

കേസ് അന്വേഷിച്ച സബ് ഇന്‍സ്പെക്ടറാണ് തിങ്കളാഴ്ച രാവിലെ പമ്പ് മാനേജരേയും തന്നെയും സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയത്. എന്നാല്‍ സ്റ്റേഷനിലെത്തിയപ്പോള്‍ കേസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഏറ്റെടുത്തതായി പറഞ്ഞു. ഇതേ തുടര്‍ന്ന് സി.ഐയുടെ ഓഫീസ് മുറിയിലെത്തി.

 പ്രതിഭാഗത്തുള്ള 16 വയസുകാരനും പിതാവും അപ്പോള്‍ സി.ഐയുടെ മുറിയിലുണ്ടായിരുന്നു. തങ്ങളുടെ മുന്നില്‍ വച്ച് പ്രതികളോട് ഇനി മേലില്‍ കുറ്റം ആവര്‍ത്തിക്കരുതെന്ന് പറഞ്ഞു. ഇതിന് ശേഷം പരാതി ഒത്തു തീര്‍പ്പാക്കിയതായി എഴുതി ഒപ്പിടാന്‍ തങ്ങളോട് പറഞ്ഞു. 

ഇതിന് തങ്ങള്‍ തയ്യാറായില്ല. ഇതോടെ തന്റെ ഓഫീസില്‍ താന്‍ പറയുന്നതാണ് നിയമം എന്നും കേസുമായി മുന്നോട്ട് പോയാല്‍ തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളില്‍ തന്നെ വിളിക്കരുതെന്നും പറഞ്ഞ് സി.ഐ ഭീഷണിപ്പെടുത്തുകയും മോശമായി സംസാരിക്കുകയും ചെയ്തു. 

പരാതി ഒത്ത് തീര്‍പ്പാക്കാന്‍ നിര്‍ബന്ധിച്ചതിന് പിന്നില്‍ പണത്തിന്റെ സ്വാധീനമുണ്ടെന്ന് താന്‍ സംശയിക്കുന്നു. എസ്.ഐ അന്വേഷിച്ചുകൊണ്ടിരുന്ന കേസ് പൊടുന്നനെ സി.ഐ ഏറ്റെടുത്തതിന് പിന്നിലും ദുരൂഹമായ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് സംശയമുണ്ട്. 

സി.ഐയുടെ ഭാഗത്ത് നിന്ന് ഭീഷണിയുള്ളതിനാല്‍ ഭയമുണ്ട്. അതുകൊണ്ടാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് സി.ഐ മഹേഷ് കുമാറിനെതിരെ ശിക്ഷാ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.

Advertisment