Advertisment

വയനാട്ടിലെ ക്യാമ്പുകളിലെത്തി സൗജന്യമായി മുടിവെട്ടാൻ തയ്യാറായി ശ്രീരാജ് വെങ്ങോല

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്നും രക്ഷപെട്ട് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽകഴിയുന്നവർക്ക് സൗജന്യമായി മുടിവെട്ടി നൽകാനുള്ള തയ്യാറെടുപ്പിലാണ് പെരുമ്പാവൂർ അല്ലപ്ര ജംഗ്‌ഷനിൽ കെ.എൽ. 40 അരോമ ഹെയർ ഡ്രസ്സിംഗ് സലൂൺ നടത്തുന്ന ശ്രീരാജ്

New Update
sreeraj vengola

പെരുമ്പാവൂർ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്നും രക്ഷപെട്ട് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽകഴിയുന്നവർക്ക് സൗജന്യമായി മുടിവെട്ടി നൽകാനുള്ള തയ്യാറെടുപ്പിലാണ് പെരുമ്പാവൂർ അല്ലപ്ര ജംഗ്‌ഷനിൽ കെ.എൽ. 40 അരോമ ഹെയർ ഡ്രസ്സിംഗ് സലൂൺ നടത്തുന്ന ശ്രീരാജ്.

Advertisment

sreeraj vengola 1

വയനാട്ടിലെ ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനെത്തിയ ശ്രീരാജ്

പെരുമ്പാവൂർ ഫയർ സ്റ്റേഷനിലെ സിവിൽ ഡിഫൻസ് ടീമിൽ 2018-മുതൽ അംഗമാണ് ശ്രീരാജ്.  ദുരന്തവാർത്ത പുറത്തുവന്നതോടെ വയനാട്ടിൽ രക്ഷാപ്രവർത്തനത്തിനു പോകാനുള്ള സന്നദ്ധത പെരുമ്പാവൂരിലെ ഫയർ ആന്റ് റെസ്ക്യൂ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.

ഓഗസ്റ്റ് ഒന്നു മുതൽ നാലു വരെ ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട, പെരുമ്പാവൂരിൽ നിന്നുള്ള ആദ്യ ബാച്ച് സിവിൽ ഡിഫൻസ് സംഘത്തിലെ ആറു പേരിൽ ഒരാളായിരുന്നു ശ്രീരാജ്.  ഏതൊരു മനുഷ്യന്റെയും ചങ്കു തകർക്കുന്ന സമാനതകളില്ലാത്ത ദുരന്തത്തിന്റെ നേർചിത്രമാണ് വയനാട്ടിൽ തനിയ്ക്കു കാണാനായതെന്ന് ശ്രീരാജ് പറഞ്ഞു.

1 sreeraj vengola

മികച്ച അത്‌ലറ്റു കൂടിയായ ഇദ്ദേഹം വെറ്ററൻ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റുകളിൽ പങ്കെടുത്ത് അന്തർദ്ദേശീയശ്രദ്ധ നേടിയ താരമാണ്.  2023-ൽ ദുബായിൽ നടന്ന മീറ്റിൽ 100 മീറ്റർ അത്‍ലറ്റിക്സിൽ ഒന്നാം സ്ഥാനക്കാരനായി.

തൊഴിൽരംഗത്തും സാമൂഹികസേവനത്തിലുമുള്ള വേറിട്ട പ്രവർത്തനങ്ങൾ പരിഗണിച്ച് സംസ്ഥാന സർക്കാരിന്റെ തൊഴിൽശ്രേഷ്ഠ പുരസ്‌കാരത്തിന് 2021-ൽ അർഹനായിട്ടുണ്ട്.

കുലത്തൊഴിലായ ബാർബർ പണി ദുരിതാശ്വാസ ക്യാമ്പുകളിലുള്ള ആവശ്യക്കാർക്ക് സൗജന്യമായി ചെയ്തുകൊടുക്കണമെന്ന തോന്നലുണ്ടായപ്പോൾ ശനിയാഴ്ച അക്കാര്യം ശ്രീരാജ് സ്വന്തം ഫെയ്‌സ്ബുക്കിൽ കുറിച്ചിട്ടു.  ഈ വരുന്ന ഞായറാഴ്ച വീണ്ടും വയനാട്ടിലേയ്ക്ക് പുറപ്പെടാനുള്ള തയ്യാറെടുപ്പുകളിലാണ് ശ്രീരാജ്.

തുടർന്ന് ചൊവ്വാഴ്ച വരെ ക്യാമ്പുകളിൽ പണിയെടുക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ട് ആവശ്യക്കാർ വിളിക്കുന്നുണ്ടിപ്പോൾ. സൗജന്യസേവനം ചെയ്യാൻ ആരോഗ്യവകുപ്പിന്റേതടക്കം സർക്കാർ സംവിധാനങ്ങളുടെ അനുമതി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്.

sreeraj vengola 2

അല്ലപ്ര കവലയിലെ സ്വന്തം സ്ഥാപനത്തിൽ മുടിവെട്ടുന്ന ശ്രീരാജ്

മുടിവെട്ടുന്നതിന് മണിക്കൂറുകളോളം ബാറ്ററിയിൽ പ്രവർത്തിപ്പിയ്ക്കാവുന്ന ട്രിമ്മറുകളും ഉപയോഗശേഷം കളയാവുന്ന കട്ടിംഗ് ക്ലോത്തുകളും ഷേവിംഗിനായുള്ള സാമഗ്രികളും ഇതിനായി സ്വന്തം പണം മുടക്കി വാങ്ങിവച്ചിരിക്കുകയാണ്.

മേപ്പാടിയിലേയ്ക്കാണ് ആദ്യം പോകുന്നത്. അവിടെ നിന്നും അനുമതി തേടിക്കൊണ്ട് വിവിധ ക്യാമ്പുകളിലെത്തി ജോലി ചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനം. സുഹൃത്തുക്കളുടെയും നാട്ടുകാരുടെയുമെല്ലാം സാമ്പത്തിക സഹായത്താലാണ് മലേഷ്യയിലും ദുബായിലുമടക്കം അന്തർദ്ദേശീയ അത്‌ലറ്റിക് മത്സരങ്ങളിൽ പങ്കെടുക്കാൻ ശ്രീരാജിനായത്.

2020-ൽ ടോക്കിയോ ഒളിമ്പിക്സിൽ ഹോക്കിയിൽ കേരളത്തിന്റെ അഭിമാനമായി പി. ആർ. ശ്രീജേഷ് വെങ്കലം നേടിയപ്പോൾ അതിന്റെ സന്തോഷം പങ്കിട്ടുകൊണ്ട് ശ്രീരാജ് നാട്ടിലെ എട്ടോളം ശ്രീജേഷുമാർക്ക് സൗജന്യമായി തലമുടി വെട്ടിക്കൊടുത്തത് അന്ന് മാധ്യമങ്ങളിൽ വാർത്തയായിരുന്നു.

 സമൂഹത്തിലെ ഒരുപാടു പേരുടെ സഹായം കൊണ്ടാണ് തനിയ്ക്ക് പലതും നേടാനായതെന്ന് ശ്രീരാജ് പറഞ്ഞു. കണ്ണീർ തോരാത്ത വയനാട്ടിലെ ദുരന്തഭൂമിയിൽ ചെന്ന് സ്വന്തം കുലത്തൊഴിൽ സൗജന്യമായി ചെയ്ത് തന്നാലാകുന്ന സഹായം ചെയ്യണമെന്ന തോന്നൽ അങ്ങനെയുണ്ടായതാണ്.  

ക്യാമ്പുകളിൽ കഴിയുന്നവർ 9847264785 എന്ന നമ്പറിൽ വിളിച്ചാൽ മുടിവെട്ടാനായി ശ്രീരാജ് അവിടെയെത്തും. വെങ്ങോല ബഥനി കവലയിൽ മാലിക്കാലയിൽ രാജപ്പന്റെയും ചന്ദ്രികയുടെയും മകനാണ് ശ്രീരാജ്. ബി. ഫാമിനു പഠിക്കുന്ന ശ്രീജയാണ് ഭാര്യ. ഏകമകൻ ശ്രീപാർത്ഥ്.

Advertisment