Advertisment

നന്മമനസ്സുമായി പെരുമ്പാവൂർ നഗരത്തിൽ ഒരു നോട്ടീസ് വിതരണക്കാരൻ

തന്റെ വരവറിയുമ്പോൾ കുളത്തിന്റെ കല്പടവുകളിലേയ്ക്ക് ഇരച്ചെത്തുന്ന മത്സ്യക്കൂട്ടങ്ങളെ കാണുന്നതിൽ സന്തോഷം കണ്ടത്തുകയാണ് കൂവപ്പടി കൊടുവേലിപ്പടി സ്വദേശിയായ സന്തോഷ്

author-image
കൂവപ്പടി ജി. ഹരികുമാര്‍
Updated On
New Update
santhosh perumbavoor

പെരുമ്പാവൂർ: അയഞ്ഞുതൂങ്ങിയ ഷർട്ടും കണങ്കാലിനു മുകളിൽ നിൽക്കും വിധത്തിൽ കയറ്റിയുടുത്ത ഒറ്റമുണ്ടും നെറ്റിയിൽ ഒരു ചന്ദനക്കുറിയുമണിഞ്ഞ് നഗ്നപാദനായി നഗരത്തിലെ ആൾത്തിരക്കുകൾക്കിടയിലൂടെ അതിവേഗത്തിൽ നടന്നു നീങ്ങുന്ന സന്തോഷ് എന്ന മനുഷ്യനെ അറിയാത്തവർ പെരുമ്പാവൂരിൽ അപൂർവ്വമായിരിക്കും. കയ്യിൽ എപ്പോഴും ഒരു കെട്ടു നോട്ടീസുമായി കറങ്ങിനടക്കുന്ന മിതഭാഷിയായ ഒരാൾ. നഗരത്തിലെ വ്യാപാരികൾക്കേറെ വേണ്ടപ്പെട്ടവൻ. നഗരത്തിൽ പുതിയൊരു സ്ഥാപനം ഉദ്‌ഘാടനം ചെയ്യപ്പെടുന്നുണ്ടെങ്കിൽ അത് പൊതുജനങ്ങൾ അറിയുന്നത് സന്തോഷിലൂടെയായിരിക്കും.

Advertisment

സ്ഥാപനമുടമകൾ പരസ്യത്തിനായി പുറത്തിറക്കുന്ന നോട്ടീസ് നഗരത്തിന്റെ ഓരോ മുക്കിലും മൂലയിലും മാത്രമല്ല നഗരപരിധിയ്ക്കുപുറത്തും എത്തണമെങ്കിൽ സന്തോഷിനെയേൽപ്പിച്ചാൽ മതിയെന്ന് അവർക്ക് നന്നായറിയാം. കൃത്യതയോടെ അവ എത്തേണ്ടയിടങ്ങളിൽ സമയബന്ധിതമായി സന്തോഷ് എത്തിച്ചിരിക്കും എന്ന വിശ്വാസം വ്യാപാരികൾക്കുണ്ട്.  രാവിലെ കടകൾ തുറന്ന് പെരുമ്പാവൂർ പട്ടണം സജീവമായാൽ നിഷ്ടയോടെ ഇയാൾ തന്റെ അന്നത്തെ ജോലി തുടങ്ങുകയായി. എല്ലായിടങ്ങളിലും നോട്ടീസുമായി കയറിയിറങ്ങും. തുച്ഛമായ വരുമാനത്തിൽ ജീവിതമാർഗമായി ഈ ജോലി സന്തോഷ് ഏറ്റെടുത്തിട്ട് പത്തിരുപതുവർഷമായി.

santhosh perumbavoor 1

ഫോട്ടോ: സന്തോഷ് (ഇടതുവശം) പെരുമ്പാവൂർ പട്ടണത്തിലെ ഒരു ചെറുകിട കവച്ചവടക്കാരനോടൊപ്പം

ആരോടും പരിഭവമില്ലാതെ കയ്യിൽ നോട്ടീസു കെട്ടുകളുമായി ഉപജീവനത്തിനായി ദിവസവും കിലോമീറ്ററുകൾ  നടന്നുനീങ്ങുന്ന ഈ മനുഷ്യന്റെ ഉള്ളിലെ നന്മ ചിലരെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ട്.  ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിയ്ക്കാനായി ബുദ്ധിമുട്ടുന്നവരെ തനിയ്ക്കു കഴിയുന്നതു പോലെ പ്രതിഫലേച്ഛയില്ലാതെ സഹായിക്കുകഎന്നതാണ് ഈ മനുഷ്യനിലെ മറ്റൊരു നന്മ.  ചെറിയതുകയുടെ സാധനങ്ങളുമായി നഗരത്തിൽ വില്പനയ്‌ക്കെത്തുന്ന കച്ചവടക്കാർക്ക് പലപ്പോഴും ഒരു കൈത്താങ്ങാണ് സന്തോഷ്.

ചികിത്സാവശ്യം, മറ്റു സാമ്പത്തിക മുട്ടുകൾ തുടങ്ങിയവ മൂലം കഷ്ടതയനുഭവിക്കുന്ന നിരവധി പേർ എല്ലായിടങ്ങളിലെയും പോലെ ഈ നഗരത്തിലും കച്ചവടങ്ങളുമായി വന്നെത്താറുണ്ട്. ഇവർ വീടുകളിൽ തയ്യാറാക്കി  വില്പനയ്ക്കായി കൊണ്ടുവരുന്ന പപ്പടം, സോപ്പുകൾ, കറിക്കത്തികൾ, പുസ്തകങ്ങൾ, ചെറിയ ഗൃഹോപകരണങ്ങൾ ഇവയെല്ലാം സന്തോഷ് യാതൊരു പ്രതിഫലേച്ഛയുമില്ലാതെ വില്പനനടത്തിക്കൊടുക്കും. നോട്ടീസ് വിതരണത്തിനായി പൊതുയിടങ്ങളിലും ഓഫീസുകളിലും മറ്റും കയറിയിറങ്ങുന്ന വേളയിൽ ഇത്തരം ഉത്പന്നങ്ങളും സാധാരണ സന്തോഷിന്റെ പക്കലുണ്ടാകും.  ഈ ചെറിയ മനുഷ്യന്റെ വലിയ മനസ്സറിയുന്നവർ സാധങ്ങൾ വാങ്ങി സഹകരിക്കുന്നുമുണ്ട്.

പെരുമ്പാവൂരിലെ പല വ്യാപാരപ്രമുഖരുമായി  ആത്മബന്ധമുള്ളയാളാണ്. കച്ചവടം ചെയ്യുന്നതിന് പ്രതിഫലം വാങ്ങണമെന്ന് നിർബ്ബന്ധം പിടിയ്ക്കുന്നവരോട് സന്തോഷ് ആവശ്യപ്പെടുന്ന ഒരേയൊരു കാര്യമേയുള്ളൂ. പണം തനിയ്ക്കു വേണ്ട, പകരം പെരുമ്പാവൂർ ശ്രീധർമ്മശാസ്താ ക്ഷേത്രക്കുളത്തിലെ മത്സ്യങ്ങൾക്കായി ഒരു നേരത്തെ ആഹാരം. അങ്ങാടിമരുന്നു കടയിൽ നിന്നും ഒരു പാക്കറ്റ് മലർപ്പൊടി വാങ്ങി നൽകിയാൽ അതിലേറെ സംതൃപ്തി സന്തോഷിന് മറ്റൊന്നില്ല. തന്റെ ജോലിയ്ക്കു ശേഷം അമ്പലക്കുളത്തിലെ മത്സ്യങ്ങൾക്കായി മലർപ്പൊടിയും കരുതിയാണ് വൈകിട്ടത്തെ സന്തോഷിന്റെ സഞ്ചാരം. ആ ഉത്തരവാദിത്തവും പൂർത്തിയാക്കിയിട്ടേ വീട്ടിലേയ്ക്കു പോകൂ. വർഷങ്ങളായുള്ള പതിവാണിത്.

തന്റെ വരവറിയുമ്പോൾ കുളത്തിന്റെ കല്പടവുകളിലേയ്ക്ക് ഇരച്ചെത്തുന്ന മത്സ്യക്കൂട്ടങ്ങളെ കാണുന്നതിൽ സന്തോഷം കണ്ടത്തുകയാണ് കൂവപ്പടി കൊടുവേലിപ്പടി സ്വദേശിയായ സന്തോഷ്. ഈ നിസ്വാർത്ഥ സേവകനെ പെരുമ്പാവൂരിലെ സാമൂഹിക, സാംസ്‌കാരിക പ്രമുഖരുടെ നേതൃത്വത്തിൽ ആദരിയ്ക്കുക തന്നെ വേണം. 

Advertisment