Advertisment

സിറോ മലബാർ സഭയുടെ പേരിലിറങ്ങിയ വ്യാജ സർക്കുലറിൽ പോലിസ് അന്വേഷണം ഇന്ന് തുടങ്ങും ! വ്യാജ സർക്കുലറിൽ ഉണ്ടായിരുന്നത് കൽദായ അനുഷ്ഠാനങ്ങൾ നടത്തണമെന്ന നിർദേശം. നീക്കം വിശ്വാസികളെ സഭാ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തിറക്കാൻ ! പ്രതികൾ ലക്ഷ്യമിട്ടത് വലിയ കലാപം തന്നെ. അന്വേഷണത്തിൽ ഗൗരവം കാണിക്കാൻ മടിച്ച സഭാ കൂരിയയിലെ ചില ഉന്നതരുടെ നീക്കത്തിലും സംശയം

New Update
mar rafel thattil-2

കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപയിൽ വായിക്കാൻ എന്ന വ്യാജേന സിറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പിന്റെ പേരിൽ വ്യാജ സർക്കുലർ പുറത്തിറക്കിയ സംഭവത്തിൽ പോലീസ് അന്വേഷണം ഇന്ന് തുടങ്ങും. സഭാ നേതൃത്വത്തിന്റെ പരാതിയിലാണ് അന്വേഷണം.

Advertisment

കുർബാന ക്രമീകരണം എന്ന പേരിൽ കൽദായ അനുഷ്ഠാനങ്ങൾ എന്ന് എറണാകുളം - അങ്കമാലി അതിരൂപതയിലെ വിമത വിഭാഗം വിശേഷിപ്പിക്കുകയും  എതിർക്കുകയും ചെയ്യുന്ന കാര്യങ്ങൾ ജൂലൈ മൂന്ന് മുതൽ നടപ്പാക്കണമെന്നായിരുന്നു സർക്കുലറിൽ ഉൾപ്പെട്ടിരുന്നത്. മേജർ ആർച്ച് ബിഷപ്പ് ൻ്റെ ഒപ്പോടുകൂടി സഭയുടെ ഔദ്യോഗിക കുറിപ്പായാണ് സർക്കുലർ വന്നത്.

ഇത് വ്യാജനാണെന്ന് സഭാ നേതൃത്വം അറിയിച്ചതിന് പിന്നാലെയാണ് സഭ പരാതി നൽകിയത്. ഏകീകൃത കുർബാന നടക്കുന്ന മറ്റ് രൂപതകളിൽ പോലും ഇതുവരെ നൽകാത്ത സന്ദേശം വ്യാജമായി സൃഷ്ടിക്കുകയായിരുന്നു.

ഇതിനു പിന്നിൽ അതിരൂപതയിലെ വിശ്വാസികളെ സഭാ നേതൃത്വത്തിനെതിരെ തിരിക്കാനുള്ള നീക്കമെന്നാണ് ഉയരുന്ന സംശയം. ജൂലൈ 3 മുതൽ സിനഡ് നിർദേശിച്ച കുർബാന ചൊല്ലണമെന്ന് മേജർ ആർച്ച്ബിഷപ്പ് നിർദേശിച്ചിരുന്നു.

അതിനിടെ സിറോ മലബാർസഭാ കൂരിയായിലെ ചില ഉന്നതർക്ക് ഈ കേസിൽ പോലിസ് അന്വേഷണം നടത്തുന്നതിൽ വലിയ താൽപര്യമില്ലെന്ന് സൂചനയുണ്ട്. ഇത്ര ഗൗരവമായ സാഹചര്യം ഉണ്ടായിട്ടും അതിൽ ചിലർ നിസംഗത പാലിക്കുന്നതാണ് സംശയം ഉയരാൻ കാരണം.

Advertisment