Advertisment

സാധ്യതകളുടെ പുതിയ ലോകവുമായി സംസ്കൃതപഠനം; സംസ്കൃത സർവ്വകലാശാലയിൽ സ്കോളര്‍ഷിപ്പോടെ സംസ്കൃതത്തില്‍ നാല് വര്‍ഷ ബിരുദപഠനം; അവസാന തീയതി ജൂണ്‍ എഴ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
sanscrit  university

കൊച്ചി: സംസ്‌കൃതം ലോകത്തിലെ പ്രമുഖമായ വിജ്ഞാനഭാഷകളിലൊന്നാണ്. ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം, ആരോഗ്യശാസ്ത്രം, നിയമവിജ്ഞാനം, മതം, തത്വചിന്ത, വാസ്തുവിദ്യ എന്നീ വിവിധ വിഷയ മേഖലകളില്‍ എക്കാലത്തേയ്ക്കും ഉപയോഗിക്കാവുന്ന വിജ്ഞാനം ആവിഷ്‌കരിക്കപ്പെട്ട ഭാഷയാണ് സംസ്‌കൃതം. സംസ്‌കൃതം എന്നാല്‍ സംസ്‌കരിച്ചെടുത്തത് എന്നാണര്‍ത്ഥം. ഭാരതത്തിന്റെ സാംസ്‌കാരികമായ അടിത്തറ സംസ്‌കൃതത്തിലാണ് നിലകൊള്ളുന്നത്.

Advertisment

എല്ലാ ഇന്ത്യന്‍ ഭാഷകള്‍ക്കും സംസ്‌കൃതത്തിന്റെ സഹായം ലഭിച്ചിട്ടുണ്ട്, ആവശ്യവുമാണ്. വാക്കുകള്‍ കൊടുക്കുന്നതില്‍ മാത്രമല്ല ഭാഷയുടെ ഘടന നിര്‍ണ്ണയിക്കുന്നതിലും സംസ്‌കൃതം വഹിക്കുന്ന പങ്ക് വളരെ വലുതാണ്.  മലയാളം ശ്രേഷ്ഠഭാഷയും ഭരണ ഭാഷയും ഒന്നാം ഭാഷയുമായി മാറുമ്പോള്‍ ആ മാറ്റത്തിന് മലയാള ഭാഷയെ സഹായിക്കുന്നതും സംസ്‌കൃതമാണ്. നമ്മുടെ വിജ്ഞാന ഉല്പാദന - വിതരണ രംഗങ്ങളിലെല്ലാം സംസ്‌കൃതത്തിന്റെ വ്യാപനം നടക്കുന്നുണ്ടെന്നത് ഒരു സത്യമാണ്.

സംസ്കൃതപഠന സാധ്യതകള്‍

ഭാരതീയ സംസ്കാരത്തിന്‍റെ അടിവേരുകള്‍ അന്വേഷിക്കുന്നതില്‍ മുതല്‍ ആധുനിക സയന്‍സ് വിഷയങ്ങളിലും മാനേജ്മെന്റിലും വരെ പ്രയോഗ സാധ്യതയുള്ള ജ്ഞാന-വിജ്ഞാന ശേഖരത്തിലേയ്ക്ക് വഴി തുറക്കുന്നതാണ് സംസ്കൃത പഠനം. സംസ്കൃത പദങ്ങളും പ്രയോഗങ്ങളും മലയാളമടക്കം ഭാരതീയ ഭാഷകളിലെല്ലാം ധാരാളമായുള്ളതിനാല്‍ ഇവയില്‍ പ്രാവീണ്യം നേടുവാന്‍ സംസ്കൃതം അറിയുന്നത് സഹായകമാണ്. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലെ ഭാഷകളില്‍ സംസ്കൃതവുമുണ്ട്. 

അവസരങ്ങൾ അനേകം

വിവിധ ഭാഷകളിൽ ബിരുദാനന്തര ബിരുദം കഴിഞ്ഞവർക്ക് ഇന്ന് തൊഴിലവസരങ്ങൾ അനേകമാണ്. എന്നാൽ ഭൂരിഭാഗം പേരും അധ്യാപനം മാത്രം ലക്ഷ്യം വയ്ക്കുന്നവരാണ്.  പബ്ലിഷിംഗ്, മാധ്യമ പ്രവര്‍ത്തനം, പരിഭാഷ, കണ്ടന്റ് ഡെവലപ്പിംഗ്, കോപ്പി എഡിറ്റിംഗ്, നിഘണ്ടു നിര്‍മ്മാണം, മെഷീന്‍ ലേണിംഗ്, ലാംഗ്വേജ് കമ്പ്യൂട്ടിംഗ്, വിജ്ഞാനകോശ നിര്‍മ്മാണം, മാനുസ്ക്രിപ്റ്റ് ലൈബ്രറി തുടങ്ങിയ തൊഴിൽ മേഖലകളും യോഗ, വാസ്തു, ആയുര്‍വേദം, ഐ. ടി., ഗണിതമടക്കമുള്ള മേഖലകളിലെ ഗവേഷണം, ഐ ടി മേഖലയിലെ വിവിധ തൊഴിലുകള്‍ എന്നിവയും സംസ്കൃതപഠനം നടത്തിയവർക്ക് തെരഞ്ഞെടുക്കാവുന്ന തൊഴിൽ മേഖലകളാണ്.

ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിംഗ്, നോളജ് പ്രൊസസ് ഔട്ട്സോഴ്സിംഗ്, ടെക്നിക്കൽ റൈറ്റിംഗ് അഥവ സാങ്കേതിക രചന തുടങ്ങി കോർപറേറ്റ് മേഖലയിൽ ഒട്ടേറെ അവസരങ്ങളാണ് സംസ്കൃത ഭാഷയിൽ വൈദഗ്ധ്യം നേടിയവരെ കാത്തിരിക്കുന്നത്.

ഭാഷ കയ്യിലുണ്ടെങ്കിൽ ജോലി നിങ്ങളെ തേടി വരും.  ഏതെങ്കിലുമൊരു തൊഴിലിൽ അല്ലെങ്കിൽ ജോലിയിൽ എത്തിപ്പെടാനുളള ഉപകരണമായി ഭാഷ പലപ്പോഴും മാറാറുണ്ട്.  ഭാഷ കൈകാര്യം ചെയ്യാനും നന്നായി ആശയവിനിമയം നടത്താനുമുളള കഴിവ് ഒരു ജോലിയിലേയ്ക്കുളള ചവിട്ടുപടിയാണ്. ഭാഷ കൈകാര്യം ചെയ്യാൻ അറിയുന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കാനും സഹായിക്കും.

ടെക്നിക്കൽ റൈറ്റിംഗ് അഥവ സാങ്കേതിക രചന

എഴുതുവാനുളള അഭിരുചിയും ഐ. ടി. പശ്ചാത്തലത്തെ സംബന്ധിച്ച് അടിസ്ഥാനബോധവും ഉണ്ടെങ്കിൽ സാങ്കേതിക രചനാ രംഗത്ത് സംസ്കൃതപഠനത്തിൽ പ്രാവീണ്യം നേടിയവർക്ക് തൊഴിൽ നേടാൻ കഴിയും. സംസ്കൃത ഭാഷയിൽ പ്രാവീണ്യം നേടിയവർക്ക്  ഇൻഫർമേഷൻ ടെക്നോളജി, ഡിജിറ്റൽ മേഖലകളിൽ ധാരാളം അവസരങ്ങളുണ്ട്.

മെഡിക്കൽ, എഞ്ചീനിയറിംഗ്, ശാസ്ത്രം, റോബോട്ടിക്സ്, നാനോടെക്നോളജി, ഇലക്ട്രോണിക്സ് തുടങ്ങി എല്ലാ മേഖലകളിലും സാങ്കേതിക രചനാ വിദഗ്ധർക്ക് തൊഴില്‍ സാധ്യതകളുണ്ട്. സാങ്കേതിക വിഷയങ്ങൾ ലളിതമായി അതത് ഭാഷകളിൽ അവതരിപ്പിക്കുന്നതിന് ആശയവിനിമയ മികവും സാങ്കേതിക പരിജ്ഞാനവുമുളളവരെ വിവിധ ഭാഷകളിൽ ടെക്നിക്കൽ കണ്ടന്റ് റൈറ്ററായി ഇന്ത്യൻ / വിദേശ കമ്പനികൾക്ക് ആവശ്യമുണ്ട്.

സംസ്കൃത സർവ്വകലാശാലയിൽ സംസ്കൃതത്തില്‍  നാല് വര്‍ഷ ബിരുദം

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും സംസ്കൃത ഭാഷയുടെ വിവിധ സ്പെഷ്യലൈസേഷനുകളായ സംസ്കൃത സാഹിത്യം, സംസ്കൃതം വേദാന്തം, സംസ്കൃതം വ്യാകരണം, സംസ്കൃതം ന്യായം, സംസ്കൃത ജനറൽ എന്നീ വിഷയങ്ങളിൽ നാല് വര്‍ഷ ബിരുദ പഠനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

സംസ്‍കൃത പഠനത്തിന് പ്രതിമാസം 1000/- രൂപ സ്കോളര്‍ഷിപ്പ്

സംസ്‍കൃത വിഷയങ്ങളില്‍ ബിരുദ പഠനത്തിന് (മേജർ) പ്രവേശനം നേടുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും  ആദ്യ രണ്ട് വര്‍ഷങ്ങളില്‍ പ്രതിമാസം 500/- രൂപ വീതവും മൂന്നും നാലും വര്‍ഷങ്ങളില്‍ പ്രതിമാസം 1000/- രൂപ വീതവും സര്‍വ്വകലാശാല സ്കോളര്‍ഷിപ്പ് നല്‍കുന്നതാണ്.  

കാലടി മുഖ്യ ക്യാമ്പസില്‍ സംസ്‍കൃതം-സാഹിത്യം, സംസ്‍കൃതം-വേദാന്തം, സംസ്‍കൃതം-വ്യാകരണം, സംസ്‍കൃതം-ന്യായം, സംസ്‍കൃതം-ജനറല്‍ എന്നീ  നാല് വര്‍ഷ  ബിരുദ പ്രോഗ്രാമുകളാണുള്ളത്.  തിരുവനന്തപുരം (സംസ്‍കൃതം ന്യായം), പന്മന (സംസ്‍കൃതം വേദാന്തം), കൊയിലാണ്ടി (സംസ്‍കൃതം വേദാന്തം, സംസ്‍കൃതം ജനറല്‍), തിരൂര്‍ (സംസ്‍കൃതം വ്യാകരണം), പയ്യന്നൂര്‍ (സംസ്‍കൃതം സാഹിത്യം) ഏറ്റുമാനൂര്‍ (സംസ്‍കൃതം സാഹിത്യം) എന്നീ പ്രാദേശിക ക്യാമ്പസ്സുകളിലും  നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. 

പ്രവേശനം എങ്ങനെ?

പ്ലസ് ടു/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി അഥവ തത്തുല്യ അംഗീകൃത യോഗ്യതയുളളവര്‍ക്ക് ഈ പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷിക്കാവുന്നതാണ്. നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ക്ക് ലാറ്ററല്‍ എന്‍ട്രി അനുവദനീയമാണ്. ഒരു വിദ്യാർത്ഥിക്ക് ഒന്നിലധികം ബിരുദ പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷിക്കുവാൻ കഴിയും.

മറ്റൊരു യു ജി പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുളളവര്‍ക്കും സർവകലാശാല നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ  നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്ക് സര്‍വകലാശാലയുടെ അംഗീകാരത്തോടെ അപേക്ഷിക്കാവുന്നതാണ്.

അപേക്ഷ ഫീസ് ജനറല്‍ / എസ് ഇ ബി സി വിദ്യാര്‍ത്ഥികള്‍ക്ക്   ഓരോ പ്രോഗ്രാമിനും 50 രൂപയും എസ് സി / എസ് ടി വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ പ്രോഗ്രാമിനും 25 രൂപയുമാണ്. നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ  പ്രവേശനത്തിനുളള ഉയർന്ന  പ്രായപരിധി ജനറല്‍ / എസ് ഇ ബി സി വിദ്യാര്‍ത്ഥികള്‍ക്ക് 2024 ജനുവരി ഒന്നിന് 23  വയസും എസ് സി / എസ് ടി വിദ്യാര്‍ത്ഥികള്‍ക്ക്  25 വയസുമാണ്‌. അവസാന തീയതി ജൂണ്‍ എഴ്.

അപേക്ഷകള്‍ https://ugadmission.ssus.ac.in വഴി ഓൺലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ ഏഴ്. കൂടുതല്‍ വിവരങ്ങള്‍ക്ക്  സന്ദര്‍ശിക്കുക.

റിപ്പോര്‍ട്ട്: ജലീഷ് പീറ്റര്‍

Advertisment