കൊച്ചി: ഇന്ത്യൻ സമുദ്രമത്സ്യ സമ്പത്തിലേക്ക് രണ്ടിനം മീനുകൾ കൂടി. കോലാൻ-മുരൽ വിഭാഗത്തിൽപെട്ട രണ്ട് പുതിയ മീനുകളെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആർഐ) ഗവേഷകരാണ് കണ്ടെത്തിയത്.
മീനുകളെ വിശദമായ ജനിതകപഠനത്തിന് വിധേയമാക്കിയ ശേഷമാണ് ഇന്ത്യയിൽ ഇതുവരെ ശാസ്ത്രീയമായി വേറിട്ട് അടയാളപ്പെടുത്തിയിട്ടില്ലാത്ത മീനുകളാണെന്ന് കണ്ടെത്തിയത്. അബ്ലെന്നെസ് ജോസ്ബർക്മെൻസിസ്, അബ്ലെന്നെസ് ഗ്രേസാലി എന്നിങ്ങനെയാണ് പുതിയ മീനുകൾക്ക് ശാസ്ത്രീയനാമകരണം നൽകിയിരിക്കുന്നത്.
സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ ഇ എം അബ്ദുസ്സമദിന്റെ നേതൃത്വത്തിൽ ഗവേഷണം നടത്തുന്ന ടോജി തോമസാണ് മീനുകളെ കണ്ടെത്തിയത്. തമിഴ്നാട്ടിലെ തൂത്തുകുടിയിൽ നിന്ന് പിടിച്ച മീനുകളിലാണ് പഠനം നടത്തിയത്.
ടോജിയുടെ അമ്മ ഗ്രേസിയുടെയും സുഹൃത്ത് അലീനയുടെയും പേരുകൾ ചേർത്താണ് അബ്ലെന്നെസ് ഗ്രേസാലി എന്ന് ഒരു മീനിന് നാമകരണം നൽകിയത്. മുമ്പ് പഠിച്ച കലാലയത്തിന്റെയും അവിടെയുണ്ടായിരുന്ന അധ്യാപകന്റെയും പേരുകൾ അടിസ്ഥാനമാക്കി നൽകിയതാണ് അബ്ലെന്നെസ് ജോസ്ബർക്മെൻസിസ് എന്ന ശാസ്ത്രനാമം.
ഉയർന്ന അളവിൽ മാംസ്യം അടങ്ങിയ ഈ മീനുകൾ പോഷകസമൃദ്ധവും ഏറെ രുചികരവുമാണ്. അതിനാൽ തന്നെ, വാണിജ്യപ്രാധാന്യം കൂടിയ മീനുകളാണ്. ചൂണ്ടകളിലാണ് ഇവയെ പ്രധാനമായും പിടിക്കുന്നത്. പച്ചനിറത്തിലുള്ള മുള്ളുകളും കൂർത്ത ചുണ്ടുകളുമാണ് ഈ മീനുകൾക്ക്. വിപണിയിൽ കിലോയ്ക്ക് 400 രൂപ വരെ വിലയുണ്ട്.
തമിഴ്നാട് തീരങ്ങളിൽ ഇവയെ ധാരാളമായി പിടിക്കുന്നുണ്ട്. കടലിന്റെ ഉപരിതലത്തിൽ തന്നെ കാണപ്പെടുന്ന മീനുകളാണ് ഇവ. ഈ വർഗത്തിൽ പെടുന്ന മറ്റ് മീനുകൾ കേരളത്തിലും ലഭ്യമാണ്. പുതുതായി കണ്ടെത്തിയ മീനുകളുടെ ലഭ്യത, മത്സ്യബന്ധനരീതികൾ എന്നിവയെ കുറിച്ച് വിശദമായ പഠനങ്ങൾ ആവശ്യമാണ്.
ഏറെ ആവശ്യക്കാരുള്ളതിനാൽ, ഇവയെ ലക്ഷ്യമിട്ടുള്ള മത്സ്യബന്ധനം കേരളത്തിന്റെ മത്സ്യമേഖലയ്ക്ക് ഗുണകരമാകുമെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്.
സിഎംഎഫ്ആർഐയിലെ ഡോ ഷിജിൻ അമേരി, ബദറുൽ സിജാദ്, ഡോ കെ കെ സജികുമാർ എന്നിവരും ഗവേഷണത്തിൽ പങ്കാളികളായിരുന്നു. റീജണൽ സ്റ്റഡീസ് ഇൻ മറൈൻ സയൻസ് എന്ന ജേണലിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.