Advertisment

മോദിയേയും ബിജെപിയേയും പുകഴ്ത്തി ലത്തീൻ അതിരൂപതാ മുഖപത്രത്തിൽ ലേഖനം. മോദിക്ക് വിദേശത്ത് വൻ സ്വീകാര്യതയെന്നും ബിജെപി അഴിമതി ഇല്ലാത്ത പാർട്ടിയെന്നും ലേഖനത്തിൽ സർട്ടിഫിക്കറ്റ് നൽകി ആലപ്പുഴ രൂപതയിലെ വൈദികൻ ഫാ.സേവ്യർ കുടിയാംശേരി. ബിജെപിക്ക് ഹിന്ദുരാഷ്ട്ര അജണ്ടയുണ്ടെങ്കിലും നമ്മളെല്ലാം ചേർന്നാൽ അത് ഉപേക്ഷിക്കേണ്ടി വരുമെന്നും ലേഖനം. ലേഖനത്തെ തളളി കെആർഎൽസിസി. അഭിപ്രായങ്ങൾ വൈദികൻെറ വ്യക്തിപരമായ നിലപാടെന്നും കെആർഎൽസിസി

ബിജെപിയിൽ അഴിമതിയില്ല എന്നുവേണം കരുതാൻ. ബിജെപിക്ക് ഇനിയും അയിത്തം കല്പിക്കേണ്ടതില്ല. ഇത്തവണത്തെ ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൌണ്ട് തുറക്കാൻ സാധ്യതയുണ്ടെന്നും ആലപ്പുഴ രൂപതയിലെ വൈദികനും രൂപതാ വക്താവുമായിരുന്ന ഫാ. സേവ്യർ കുടിയാംശ്ശേരി എഴുതിയ ലേഖനത്തിൽ പറയുന്നുണ്ട്.

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
modi preenanam

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ലത്തീൻ കത്തോലിക്ക വരാപ്പുഴ അതിരൂപത മുഖപത്രത്തിൽ ലേഖനം. നരേന്ദ്ര  മോദിക്ക് വിദേശത്ത് വൻ സ്വീകാര്യതയാണെന്നും ഇന്ത്യയിന്ന് ലോകത്തിൻെറ നേതൃനിരയിൽ ആണെന്നും പറയുന്ന ജീവദീപ്തി മാസികയിലെ ലേഖനത്തിൽ ബിജെപിയേയും പ്രകീർത്തിക്കുന്നുണ്ട്.

Advertisment

ബിജെപിയിൽ അഴിമതിയില്ല എന്നുവേണം കരുതാൻ. ബിജെപിക്ക് ഇനിയും അയിത്തം കല്പിക്കേണ്ടതില്ല. ഇത്തവണത്തെ ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൌണ്ട് തുറക്കാൻ സാധ്യതയുണ്ടെന്നും ആലപ്പുഴ രൂപതയിലെ വൈദികനും രൂപതാ വക്താവുമായിരുന്ന ഫാ. സേവ്യർ കുടിയാംശ്ശേരി എഴുതിയ ലേഖനത്തിൽ പറയുന്നുണ്ട്.


ഇടതുപക്ഷത്തിനെതിരെ രൂക്ഷമായ വിമർശനമുളള ലേഖനത്തിൽ കോൺഗ്രസിൽ പ്രതീക്ഷയില്ലെന്ന അഭിപ്രായവും പങ്കുവെയ്ക്കുന്നുണ്ട്. യുഡിഎഫും എൽഡിഎഫും സെക്കുലർ ആണെന്ന് പറായാനാകുമോ എന്ന് ചോദിക്കുന്ന ലേഖനം രണ്ട് കക്ഷികളും വർഗീയ പ്രീണനമാണ് നടത്തുന്നതെന്നും ആരോപിക്കുന്നു. വർഗീയതയാണ് രണ്ട് മുന്നണികളുടെയും അന്തരാത്മാവ്.


യുഡിഎഫ് മുസ്ളീം ലീഗിന് അടിയറവ് പറഞ്ഞിരിക്കുന്നു എന്ന് ആരോപണമുണ്ട്. ഇടതുപക്ഷവും ഇക്കാര്യത്തിൽ മോശക്കാരല്ല. എങ്ങനെയെങ്കിലും മുസ്ളീം ലീഗിനെ പ്രലോഭിപ്പിച്ച് തങ്ങളുടെ ക്യാമ്പിൽ എത്തിക്കാനുളള തത്രപ്പാടിലാണ് അവരെന്നും ലേഖനം വിമർശിക്കുന്നു.

ആലപ്പുഴ രൂപതയിലെ വൈദികനും രൂപതാ വക്താവുമായിരുന്ന ഫാ. സേവ്യർ കുടിയാംശ്ശേരിയുടെ ജീവദീപ്തിയിലെ ലേഖനത്തിലെ മോദി പ്രശംസ വിവാദമായതോടെ തിരുത്തുമായി കേരള റീജൺ ലാറ്റിൻ കാത്തലിക് ആസോസിയേഷൻ രംഗത്തെത്തി. ലേഖകൻ്റെത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ തങ്ങളാണ്  നിലപാട് പറയേണ്ടതുമെന്നുമാണ് കെആർഎൽസിസിയുടെ വിശദീകരണം.


കെആർഎൽസിസി രാഷ്ട്രീയകാര്യ സമിതി യോഗം ചേർന്ന്  ഇന്ന് വൈകിട്ട് നിലപാട്  കൊച്ചിയിൽ പ്രഖ്യാപിക്കുമെന്നും നേതൃത്വം അറിയിച്ചു. പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള പ്രചരണം സഭയുടെ നിലപാടല്ലന്നും കെആർഎൽസിസി നേതൃത്വം വ്യക്തമാക്കി.


who leads india

ഇന്ത്യയെ ആര് നയിക്കണമെന്ന ചോദ്യത്തോട് പ്രതികരണം എന്ന നിലയിൽ എഴുതിയിരിക്കുന്ന ഫാ.സേവ്യർ കുടിയാംശ്ശേരിയുടെ ലേഖനത്തിലെ ബിജെപി സ്തുതി വലിയ ചർച്ചയായിട്ടുണ്ട്. ലോകസഭാ തിരഞ്ഞെടുപ്പിൽ സഭ ബിജെപിക്ക് ഒപ്പം പോകുകയാണോ എന്ന സന്ദേഹവും ലേഖനത്തിലെ പരാമർശങ്ങൾ ഉയർത്തി വിടുന്നു.

''ബിജെപി കരുത്തോടെ ഇപ്പോൾ ഇന്ത്യ ഭരിക്കുന്നു. അവർ നേതൃത്വം കൊടുക്കുന്ന വികസന പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കാനാവില്ല. വിദേശ നയം ശ്ളാഖനീയമാണ്. മോദിക്ക് വിദേശത്തുളള സ്വീകാര്യത ചെറുതൊന്നുമില്ല. അഴിമതി ഇല്ലെന്ന് വേണം കരുതാൻ. ഹിന്ദു രാഷ്ട്ര നിർമ്മിതി എന്ന ഹിഡൺ അജണ്ട അവർക്കുണ്ട്. നമ്മുളുമൊക്കെ ആ പാർട്ടിയിലുണ്ടെങ്കിൽ അത്തരം മോഹങ്ങൾ പാർട്ടിക്ക് ഉപേക്ഷിക്കേണ്ടി വരില്ലേ.

ബിജെപിയും മാറുന്നുണ്ട് എന്നത് മറക്കാതിരിക്കാം. ബിജെപി കേരളത്തിൽ ഇക്കുറി അക്കൌണ്ട് തുറക്കാനാണ് സാധ്യത. കരുണാകരൻെറ മകൾ പത്മജ, എ.കെ. ആൻറണിയുടെ മകൻ അനിൽ ആൻറണി എന്നിവരെല്ലാം ബിജെപിയിലേക്ക് ചേക്കേറി കഴിഞ്ഞു. ഇനിയും അയിത്തം കൽപ്പിച്ച് പുറത്ത് നിർത്തിയാൽ നാളെ നമ്മെ അവർ പുറത്ത് നിർത്തും. അതിലും നല്ലത് നമുക്ക് അകത്തുകടക്കുകയല്ലേ വേണ്ടത്. മാത്രമല്ല എത്രകാലം നമ്മൾ അധികാര സീമകൾക്ക് പുറത്ത് ജീവിക്കും'' ഇതാണ് ഫാ.സേവ്യർ കുടിയാംശേരിയുടെ ലേഖനത്തിലെ ബിജെപി സ്തുതി.

പ്രധാന മന്ത്രി നരേന്ദ്ര മോദിയേയും പ്രശംസിക്കുക മാത്രമല്ല, അതിലും ഒരുപടി കൂടി കടന്ന് ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കേണ്ടതിൻെറ ആവശ്യകതയിലേക്കും വിരൽ ചൂണ്ടുന്നതാണ് ജീവദീപ്തിയിലെ ലേഖനം. ബിജെപിയെ ഈവിധം പ്രകീർത്തിക്കുമ്പോൾ തന്നെ ഇടതുപക്ഷത്തെയും സഭ എക്കാലവും പിന്തുണച്ച് പോന്നിരുന്ന കോൺഗ്രസിനെയും നിശിതമായി വിമർശിക്കുകയും ചെയ്യുന്നുണ്ട്.

'' രാഷ്ട്രീയ രംഗത്ത് നമ്മളെന്നും കോൺഗ്രസ് പക്ഷത്തായിരുന്നു.സത്യം പറഞ്ഞാൽ നമ്മൾ കോൺഗ്രസ് വോട്ട് ബാങ്കായിരുന്നു. പുതിയ തലമുറ പക്ഷേ മാറിചിന്തിക്കുന്നുണ്ട്. നമ്മൾ ജനിച്ചുവളർന്ന കോൺഗ്രസ് ഇന്നുണ്ടോ എന്ന് പുതിയ തലമുറ ചോദിക്കുന്നു. അങ്ങനെ അട്ടിപ്പേറായി കിടന്ന് കോൺഗ്രസിന് മാത്രം വോട്ട് ചെയ്യാൻ ഈ പാർട്ടി നമുക്കെന്ത് ചെയ്തു. ഇന്ത്യാ മുന്നണി ഒറ്റപാർട്ടിയല്ലല്ലോ. മാത്രമല്ല ദാർശനികമായ അടിത്തറയില്ല, ശരിയായ നേതൃത്വമില്ല.എന്നാലും പ്രതീക്ഷക്ക് വകയില്ലാതില്ല ''.


കോൺഗ്രസിനെ കൈകാര്യം ചെയ്യുന്നത് പോലെ തന്നെ ഇടത് പക്ഷത്തെയും ലേഖനം രൂക്ഷമായി വിമർശിക്കുന്നുണ്ട്. ''ഒരു കാലത്ത് കമ്മ്യൂണിസ്റ്റുകാരെ കണ്ടു കൂടായിരുന്നു നമുക്ക്. ഇപ്പോ ആ അയിത്തമൊക്കെ പോയി. എന്നാൽ രാജ്യരക്ഷയും ജനക്ഷേമവും അവർക്കിന്ന് കൈമോശം വന്നിരിക്കുന്നു. അവരിന്ന് അവരുടെ പാർട്ടിക്കാരെ മാത്രമേ സേവിക്കു എന്നായിരിക്കുന്നു. അതിന് വേണ്ടി ഏത് നിയമവും കാറ്റിൽപറത്തും.


മാത്രമല്ല ദേശിയ തലത്തിൽ വലിയ പ്രതീക്ഷയില്ലാത്ത പാർട്ടിയാണിത്. അതിനേക്കാളുപരി കുറെ ക്രിമിനലുകളുടെ സങ്കേതമായി മാറിക്കഴിഞ്ഞു. പോരാഞ്ഞിട്ട് കമ്മ്യൂണിസം അറിയുന്നവരാരുമില്ല ഇപ്പോൾ ആ പാർട്ടിയിൽ. അതിനാൽ അവരെ വെറുതെ വിടുക'' ഇതാണ് ലേഖനത്തിൽ ഇടതുപക്ഷത്തെപ്പറ്റിയുളള വിമർശനം.

ലേഖനം വിവാദമായെങ്കിലും സഭയ്ക്ക് അകത്ത് നിന്ന് തന്നെ എതിർപ്പുണ്ടായെങ്കിലും ബിജെപി അനുകൂല ചിന്ത സഭനേതൃത്വത്തിൽ പ്രബലമായി വരുന്നു എന്നതിൻെറ ഉത്തമ ദൃഷ്ടാന്തമായി ലേഖനത്തെ കാണാം.

Advertisment