Advertisment

കേരളത്തിന്റെ മത്സ്യമേഖലയിലെ സ്ത്രീശാക്തീകരണമാതൃക അടുത്തറിഞ്ഞ് യുഎസ് വിദ്യാർത്ഥികൾ; ചെറുകിട സംരഭങ്ങളിലെ സ്ത്രീശക്തിക്ക് പ്രശംസ

New Update
cmfri msu

സിഎംഎഫ്ആർഐയുമായുള്ള സഹകരണത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ സന്ദർശനത്തിനെത്തിയ അമേരിക്കയിലെ മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ സംഘം ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണനൊപ്പം

കൊച്ചി: കേരളത്തിലെ മത്സ്യമേഖലയിൽ സ്ത്രീകളുടെ നേതൃത്വത്തിൽ നടന്നുവരുന്ന ചെറുകിടസംരംഭങ്ങൾക്ക് പ്രശംസ ചൊരിഞ്ഞ് അമേരിക്കൻ വിദ്യാർത്ഥികൾ. സംസ്ഥാനത്തിന്റെ മത്സ്യമേഖലയെ കുറിച്ച്  മനസ്സിലാക്കുന്നതിനായി സന്ദർശനത്തിനെത്തിയ അമേരിക്കയിലെ മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ (എംഎസ്‌യു) നിന്നുള്ള 10 വിദ്യാർത്ഥികളും രണ്ട് അധ്യാപകരുമാണ് മത്സ്യമേഖലയിലെ സ്ത്രീശാക്തീകരണ മാതൃക അടുത്തറിഞ്ഞത്.

Advertisment

തീരമൈത്രി യൂണിറ്റുകൾ, സ്വയംസഹായക വനിതാസംഘങ്ങൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ മത്സ്യകൃഷി, കൂടുകൃഷി, കല്ലുമ്മക്കായ കൃഷി, മൂല്യവർധിത ഉൽപാദനം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന വനിതാസംരംഭങ്ങൾ സംഘത്തെ ആകർഷിച്ചു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനവും (സിഎംഎഫ്ആർഐ) മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളുടെ കേരളത്തിലൂടെയുള്ള പഠന-പരിശീലനയാത്ര.

cmfri msu-2

മത്സ്യമേഖലയെ കുറിച്ചും ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരുടെ സാമൂഹിക-സാമ്പത്തിക നിലവാരം മനസ്സിലാക്കാനുമായി 15 ദിവസം കേരളത്തിൽ ചിലവിട്ട ശേഷമാണ് സംഘം മടങ്ങിയത്. ചെറുകിട സംരംഭങ്ങൾക്കിടയിൽ നിലനിൽക്കുന്ന സംഘാടനബോധം, കുടുംബശ്രീകൾ നടത്തുന്ന മത്സ്യമൂല്യവർധിത ഉൽപാദന യൂണിറ്റുകൾ, മത്സ്യവകുപ്പിന് കീഴിലുള്ള മത്സ്യത്തൊഴിലാളി വനിതാ സഹായക സംഘത്തിന്റെ (സാഫ്) പ്രവർത്തനങ്ങൾ തുടങ്ങിയവ വിദ്യാർത്ഥികളുടെ പ്രശംസ പിടിച്ചുപറ്റി.

സിഎംഎഫ്ആർഐയുടെ ഗവേഷണപ്രവർത്തനങ്ങളെക്കുറിച്ചറിയാൻ ഡയറക്ടർ ഡോ. എ ഗോപാലകൃഷ്ണനനുമായും വിവിധ വകുപ്പു മേധാവികളുമായും ആശയവിനിമയം നടത്തി. അധ്യാപകരായ പ്രൊഫ. ലിൻഡ റാസിയോപി, പ്രൊഫ സെജൂറ്റി ദാസ് ഗുപ്ത എന്നിവരുടെ നേതൃത്വത്തിൽ മിഷിഗൺ സർവകലാശാലയുടെ ജെയിംസ് മാഡിസൺ കോളേജിൽ കംപാരിറ്റീവ് കൾച്ചർ ആന്റ് പൊളിറ്റിക്സിൽ ബിരുദപഠനം നടത്തുന്ന വിദ്യാർത്ഥികളാണ് സിഎംഎഫ്ആർഐയുടെ സഹകരണത്തോടെ കേരള സന്ദർശനം നടത്തിയത്.

cmfri msu-3

എറണാകുളം, തിരുവനന്തപുരം, ഇടുക്കി ജില്ലകളിലായി ഹാർബറുകൾ, ചെറുതും വലുതുമായ മത്സ്യവിപണന കേന്ദ്രങ്ങൾ, ചീനവല യൂണിറ്റുകൾ, കൂടുമത്സ്യകൃഷി-കല്ലുമ്മക്കായ കൃഷിയിടങ്ങൾ, സ്ത്രീസംരംഭക യൂണിറ്റുകൾ, മത്സ്യവകുപ്പിന്റെ സ്ഥാപനങ്ങൾ, സ്വയംതൊഴിൽ സംരംഭങ്ങൾ, അടുക്കള കൃഷികൾ എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾ സന്ദർശനം നടത്തി.

ചെല്ലാനത്ത് ടെട്രാപോഡ് കൊണ്ട് പുതുതായി നിർമിച്ച കടൽഭിത്തി വിദേശസംഘത്തെ ഏറെ ആകർഷിച്ചു. സിഎംഎഫ്ആർഐ-എംഎസ്‌യു പരസ്പര സഹകരണത്തിന്റെ ഭാഗമായി ഇത് മൂന്നാം തവണയാണ് എംഎസ്‌യു വിദ്യാർത്ഥികൾ സിഎംഎഫ്ആർഐയിലെത്തുന്നത്.

cmfri msu-4

മത്സ്യമേഖലയ്ക്ക പുറമെ, കേരളത്തിലെ ത്രിതല പഞ്ചായത്ത് ഭരണ സംവിധാനം ഗ്രാമവികസനം എന്നിവയും വിദ്യാർത്ഥികൾ പഠനവിധേയമാക്കി. ഇതിനായി എളങ്കുന്നപ്പുഴ, കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളുടെയും കൊച്ചി നഗരസഭയുടെയും പ്രവർത്തനങ്ങൾ മനസ്സിലാക്കി.  നഗരസഭയുടെ കീഴിൽ സ്ത്രീകളുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന 'സമൃദ്ധി' ഭക്ഷണശാല അവരിൽ കൗതുകമുണർത്തി.

സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ ശ്യാം എസ് സലീമാണ് പഠന-പരിശീലന യാത്രക്ക് മേൽനോട്ടം വഹിച്ചത്. കാലാവസ്ഥാവ്യതിയാനമുൾപ്പെടെയുള്ള വിഷയത്തിൽ സിഎംഎഫ്ആർഐയും മിഷിഗൺ സർവകലാശാലയും സംയുക്ത ഗവേഷണപരിപാടികൾക്കുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Advertisment