ആലപ്പുഴ: കേരള സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവം നവംബർ 15 മുതൽ 18 വരെ ആലപ്പുഴയിൽ നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ കൂടിയായ ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ജില്ല പഞ്ചായത്തിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ നവംബർ 15ന് വൈകിട്ട് നാലുമണിക്ക് സെന്റ് ജോസഫ്‌സ് സ്‌കൂളിൽ ശാസ്‌ത്രോത്സവം ഉദ്ഘാടനം ചെയ്യും.
മന്ത്രിമാരായ വി.ശിവൻകുട്ടി, കെ. എൻ. ബാലഗോപാൽ, സംഘാടക സമിതി ചെയർമാൻ കൂടിയായ മന്ത്രി സജി ചെറിയാൻ, പി. പ്രസാദ് തുടങ്ങിയവർ പങ്കെടുക്കും.
നഗരത്തിലെ അഞ്ച് സ്‌കൂളുകളാണ് പ്രധാന വേദികളാവുക. ലിയോതേർട്ടീന്ത് ഹൈസ്‌കൂൾ, ലജനത്തുൽ മുഹമ്മദീയ ഹയർ സെക്കന്ററി സ്‌കൂൾ, സെന്റ് ജോസഫ് ഹൈസ്‌കൂൾ, എസ്.ഡി.വി.ബോയ്‌സ്, ഗേൾസ് എന്നീ സ്‌കൂളുകളിലെ പ്രത്യേകം സജ്ജമാക്കിയ വേദികളിലായാണ് മേള നടക്കുന്നത്.
ശാസ്‌ത്രോത്സവത്തിന്റെ പ്രധാന വേദിയായ സെന്റ് ജോസഫ് ഹൈസ്‌കൂളിൽ സാമൂഹികശാസ്ത്ര, ഐടി മേളകളും, ലിയോ തേർട്ടീന്ത് സ്‌കൂളിൽ ശാസ്ത്രമേളയും, ലജ്ജനത്തുൽ മുഹമ്മദീയ ഹൈസ്‌കൂളിൽ ഗണിത ശാസ്ത്രമേളയും, പ്രവർത്തി പരിചയമേള എസ്.ഡി.വി.ബോയ്‌സ്,ഗേൾസ് സ്‌കൂളുകളിലും ആണ് നടക്കുന്നത്.
കൂടാതെ കരിയർ സെമിനാർ, കരിയർ എക്‌സിബിഷൻ,നിരവധി കലാപരിപാടികൾ തുടങ്ങിയവും ലിയോ തേർട്ടീന്ത് സ്‌കൂൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ വേദികളിലായി നടക്കും.
ഇത്തവണ സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് സംഘാടക സമിതിയുടെ നാമഥേയത്തിൽ എഡ്യുക്കേഷൻ മിനിസ്‌റ്റേഴ്‌സ് ട്രോഫി ഏർപ്പെടുത്തിയിട്ടുണ്ട്.
5,000 ത്തോളം വിദ്യാർത്ഥികൾ 180 ഓളം ഇനങ്ങളിലായാണ് സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയിൽ പങ്കെടുക്കുന്നത്. സബ്ജില്ലകളിൽ നിന്ന് ഒന്നാം സ്ഥാനം നേടി റവന്യൂ ജില്ലകളിൽ പങ്കെടുത്ത് അവിടുന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കി എത്തുന്ന വിദ്യാർത്ഥികൾ ആണ് സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിൽ പ്രതിഭകളായി പങ്കെടുക്കുന്നത്.
പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു രാവിലെ ഒമ്പതു മണിക്ക് പതാക ഉയർത്തുന്നതോടെ സ്‌കൂൾ ശാസ്‌ത്രോത്സവത്തിന്റെ രജിസ്‌ട്രേഷൻ നവംബർ-15 ന് പ്രധാന വേദിയായ സെന്റ് ജോസഫ്‌സ് സ്‌കൂളിൽ ആരംഭിക്കും.
നവംബർ 15-ന് വൈകിട്ട് നാല് മണിക്ക് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രിപിണറായി വിജയൻ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും.
ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രിയും സംഘാടക സമിതി ചെയർമാനുമായ സജി ചെറിയാൻ, കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് എന്നിവർ വിശിഷ്ടാതിഥികളാകും.
ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, വിവിധ ജനപ്രതിനിധികൾ, ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർ പങ്കെടുക്കും.
പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ് സ്വാഗതവും പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു നന്ദിയും രേഖപ്പെടുത്തും. മേളയോടനുബന്ധിച്ച് എല്ലാ ദിവസവും വൈകുന്നേരം വിവിധ കലാപരിപാടികൾ അരങേറും.
നവംബർ 15 ന് വൈകിട്ട് അഞ്ച് മണിക്ക് ഇപ്റ്റ നാട്ടരങ്ങും നവംബർ 16-ന് ശനിയാഴ്ച രണ്ടുമണി മുതൽ സ്പീഡ് കാർട്ടൂണിസ്റ്റ് ഡോ.ജിതേഷ്.ജിയുടെ ശാസ്ത്രദർശൻ വരയരങ്ങും നടക്കും. അന്നേ ദിവസം 7.30 മുതൽ കേരള കലാമണ്ഡലം അവതരിപ്പിയ്ക്കുന്ന രംഗ്മാല സെന്റ് ജോസഫ്‌സ് എച്ച്.എസിൽ നടക്കും.
നവംബർ 17, അഞ്ച് മണിക്ക് പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ടും നടക്കും.
സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയോട് അനുബന്ധിച്ച് പബ്ലിസിറ്റി കമ്മറ്റിയുടെ നേതൃത്വത്തിൽ നവംബർ 11 തിങ്കളാഴ്ച ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും പതാകദിനം, സ്‌പെഷ്യൽ അസംബ്ലി, ശാസ്‌ത്രോത്സവ പതാക ഉയർത്തൽ എന്നിവ സംഘടിപ്പിക്കും.
നവംബർ 14-ാം തീയതി രാവിലെ ഒമ്പത് മണിക്ക് കേരളത്തിലെ സസ്യ സമ്പത്തിനെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ 'ഹോർത്തൂസ് മലബാറിക്കസ്' എന്ന ഗ്രന്ഥത്തിന്റെ നിർമ്മാണത്തിൽ മുഖ്യ പങ്കുവഹിച്ച പ്രഗത്ഭ നാട്ടുവൈദ്യൻ ആയിരുന്ന ഇട്ടി അച്യുതൻ വൈദ്യരുടെ ചേർത്തല കടക്കരപ്പള്ളിയിലെ സ്മൃതി കുടീരത്തിൽ നിന്നും ആരംഭിക്കുന്ന പതാകജാഥ ചേർത്തല, അരൂർ മണ്ഡലങ്ങളിലെ സ്‌കൂളുകളിൽ നിന്നുള്ള സ്വീകരണങ്ങൾ ഏറ്റുവാങ്ങി ആലപ്പുഴ മുനിസിപ്പൽ ശതാബ്ദി മന്ദിരത്തിൽ സംഗമിക്കും.
അതോടൊപ്പം ഹരിത വിപ്ലവത്തിന്റെ നായകനായിരുന്ന കൃഷി ശാസ്ത്രഞ്ജൻ എം.എസ്.സ്വാമിനാഥന്റെ മങ്കൊമ്പ് തറവാട് വീട്ടിൽ നിന്നും ആരംഭിച്ച് കുട്ടനാട്, ഹരിപ്പാട്, അമ്പലപ്പുഴ മണ്ഡലങ്ങളിലെ സ്‌കൂളുകളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ദീപശിഖറാലിയും ഒരുമിച്ച് ആലപ്പുഴ മുനിസിപ്പൽ ശതാബ്ദി മന്ദിരത്തിൽ സംഗമിക്കും.
ഇതിനോടൊപ്പം സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് സംഘാടക സമിതിയുടെ നാമഥേയത്തിൽ ഏർപ്പെടുത്തിയ എഡ്യുക്കേഷൻ മിനിസ്‌റ്റേഴ്‌സ് ട്രോഫി ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം മണ്ഡലങ്ങളിലൂടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ശതാബ്ദി മന്ദിരത്തിൽ സംഗമിക്കും.
തുടർന്ന് ശതാബ്ദി മന്ദിരത്തിൽ നിന്നും ഉച്ചകഴിഞ്ഞ് 3.00 മണിക്ക് സംഘാടക സമിതി ചെയർമാനും ഫിഷറീസ് സാംസ്‌ക്കാരിക വകുപ്പ് മന്ത്രിയുമായ.സജി ചെറിയാൻ ഫ്‌ളാഗ് ഓഫ് ചെയ്ത് ആരംഭിയ്ക്കുന്ന ശാസ്‌ത്രോത്സവത്തിന്റെ വിളംബര ഘോഷയാത്ര പ്രധാന വേദിയായ സെന്റ് ജോസഫ്‌സ് സ്‌കൂളിൽ സമാപിക്കും. സ്‌കൂൾ അങ്കണത്തിൽ പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി മേളയ്ക്ക് തിരി തെളിക്കും.
ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായി വി.എച്ച്.എസ് ഇ എക്‌സ്‌പോയും നടക്കും, നവംബർ 16-ന് രാവിലെ 10 ന് ശാസ്ത്ര സംവാദത്തിൽ ഐ എസ് ആർ ഒ ചെയർമാൻ ഡോ.എസ്. സോമനാഥ്, മൂന്ന് മണിക്ക് ഇന്ത്യാ മിസൈൽ വുമൺ ഡോ.ടെസ്സി തോമസ് തുടങ്ങിയവർ ക്ഷണിക്കപ്പെട്ട വിദ്യാർത്ഥികളുമായി ശാസ്ത്രസംവാദം നടത്തും.
നവംബർ 17-ന് 10 മണിക്ക് ഗഗൻയാൻ പ്രോജക്ട് ഡയറക്ടർ ഡോ.എം.മോഹനൻ, ഉച്ചക്ക് രണ്ടു മണിക്ക് ടെക്ജെന്‍ഷ്യ സി.ഇ.ഒ. ജോയി സെബാസ്റ്റ്യൻ എന്നിവർ സെന്റ് ജോസഫ്‌സ് എച്ച്.എസിൽ വിദ്യാർത്ഥികളോട് സംവദിക്കും.
നവംബർ 16 ഉച്ചയ്ക്ക് 12 മണിക്ക് ചരിത്രകാരൻ ഡോ.കാർത്തികേയൻ നായർ 'കേരളീയ നവോത്ഥാനവും സാമൂഹ്യ മുന്നേറ്റവും' എന്ന വിഷയത്തിൽ ക്ലാസ് എടുക്കും. നവംബർ 17 ഉച്ചയ്ക്ക് 12 മണിയ്ക്ക് കുസാറ്റ് സീനിയർ സയന്റിസ്റ്റ് ഡോ.അഭിലാഷ് 'കാലാവസ്ഥ വ്യതിയാനവും അതിജീവനവും' എന്ന വിഷയത്തിൽ ക്ലാസ് നയിക്കും.
വിവിധ ജില്ലകളിൽ നിന്നും ശാസ്‌ത്രോത്സവത്തിൽ പങ്കെടുക്കുവാൻ എത്തുന്ന വിദ്യാർത്ഥികളെയും അധ്യാപകരെയും സ്വീകരിക്കുന്നതിന് ട്രാൻസ്‌പോർട്ട് കമ്മറ്റിയുടെ കീഴിൽ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ പ്രത്യേകം സഹായകേന്ദ്രങ്ങൾ പ്രവർത്തിക്കും.
പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും അനുഗമിക്കുന്ന അധ്യാപകർക്കും എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സൗകര്യം ചെയ്തുതന്ന കണിച്ചുകുളങ്ങര ക്ഷേത്രം വക ചിക്കര കേന്ദ്രത്തിലും, ആലപ്പുഴ നഗരത്തിലെ ഹൈസ്‌കൂൾ, ഹയർ സെക്കന്ററി സ്‌കൂൾ എന്നിവിടങ്ങളിലുമായി താമസ സൗകര്യം ഒരുക്കും.
താമസ സ്ഥലത്ത് നിന്ന് വേദികളിൽ എത്തിപ്പെടാൻ റൂട്ട് മാപ്പ് തയ്യാറാക്കി സ്‌കാൻ ചെയ്ത് പ്രത്യേകം നൽകും. ഒരു ദിവസം ശരാശരി 1500 വിദ്യാർത്ഥികൾക്കും അനുഗമർക്കും താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
താമസ സ്ഥലത്തു നിന്ന് വേദികളിൽ എത്താൻ പ്രത്യേകം വാഹനം സജ്ജമാക്കിയിട്ടുണ്ട്. ശാസ്ത്രമേളയിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് ഫുഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സുഭിക്ഷമായ ഭക്ഷണം സംഘാടക സമിതി ഒരുക്കിയിട്ടുണ്ട്.
ലജനത്തുൽ മുഹമ്മദീയ സ്‌കൂളിലെ പാചകപ്പുരയിൽ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പാചകശാല നാല് ദിനവും പ്രവർത്തിക്കുന്നത്.
ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ നൈപുണ്യ വികസനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഉൽപ്പാദന സേവന കേന്ദ്രങ്ങളിലൂടെ വിദ്യാർത്ഥികൾ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെയും സേവന പ്രവർത്തനങ്ങളുടെയും പ്രദർശനമാണ് വൊക്കേഷണൽ എക്‌സ്‌പോ. റീജിയണൽ തലത്തിൽ നടന്ന മത്സരങ്ങളിലെ വിജയികളാണ് പങ്കെടുക്കുന്നത്.
ഒരു റീജിയണിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 12 ടീം വീതം ഏഴ് റീജിയണുകളിലായി 84 ടീമുകളാണ് മത്സരത്തിന് ഹയർ സെക്കന്ററി വിഭാഗത്തിൽ എത്തുന്നത്. കരിക്കുലവുമായി ബന്ധപ്പെട്ട പ്രോഫിറ്റബിൾ, മാർക്കറ്റബിൾ, ഇന്നവേറ്റീവ് എന്നീ വിഭാഗങ്ങളിലായാണ് മത്സരം നടക്കുക.
അഗ്രികൾച്ചർ, എഞ്ചിനീയറിംഗ്, കൊമേഴ്‌സ്, പാരാ മെഡിക്കൽ, ഫിഷറീസ്, മൃഗസംരക്ഷണം തുടങ്ങിയ വിവിധ മേഖലകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് ഹയർ സെക്കന്ററി വിഭാഗത്തിലെ മത്സരാർത്ഥികൾ. പ്രദർശനത്തോടൊപ്പം ഉൽപ്പന്നങ്ങളുടെ വിൽപ്പനയും ഉണ്ടാകും.
മത്സരങ്ങളുടെ മൂല്യനിർണ്ണയശേഷം വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും പൊതുജനത്തിനും പ്രദർശനം കാണാൻ അവസരമുണ്ടാകും.
മേളകൾ നടക്കുന്ന എല്ലാ വേദികളിലും പ്രഥമ ശുശ്രൂഷയ്ക്ക് ഡോക്ടർമാരും നേഴ്‌സിംഗ് വിഭാഗവും അടക്കമുള്ള ഓരോ ടീം ജില്ലാ മെഡിക്കൽ ഓഫീസർ വഴി പ്രത്യേകം നിയോഗിച്ചിട്ടുണ്ട്.
പോലീസിന്റെയും അഗ്നി സുരക്ഷാസേനയുടെയും സേവനം എല്ലാ വേദികളിലും നിയോഗിക്കും.
വേദികളിലെല്ലാം ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ച് കുടിവെള്ളം സജ്ജീകരിക്കും. ഗ്രീൻ പ്രോട്ടോകോൾ സേവനത്തിന് ഗവ. ടി.ടി.ഐ.യിലെ അധ്യാപക വിദ്യാർത്ഥികളെ ഉപയോഗപ്പെടുത്തും.
നാല് ദിനം നീണ്ടു നിൽക്കുന്ന ശാസ്‌ത്രോത്സവം ഏറ്റവും നന്നായി റിപ്പോർട്ട് ചെയ്യുന്ന പത്രത്തിനും ന്യൂസ് ചാനലിനും മീഡിയ കമ്മറ്റി പ്രത്യേക മെമന്റോ നൽകും. പ്രധാന വേദിയായ സെന്റ് ജോസഫ് സ്‌കൂളിൽ മാധ്യമ പ്രവർത്തകർക്ക് മീഡിയ പോയിന്റും, ഫോട്ടോ ഷൂട്ടിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
നവംബർ 18 തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് സമാപന സമ്മേളനം നടക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
മന്ത്രിമാരായ സജി ചെറിയാൻ, .പി.പ്രസാദ്, എം.എൽ.എ.മാരായ .പി.പി.ചിത്തരഞ്ജൻ, .എച്ച്.സലാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് .കെ.ജി.രാജേശ്വരി, മുനിസിപ്പൽ ചെയർപേഴ്‌സൺ കെ.കെ.ജയമ്മ, ജില്ലാ കളക്ടർ അലക്‌സ് വർഗ്ഗീസ് എന്നിവർ സംസാരിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ആർ റിയാസ്, ടി എസ് താഹ, വിദ്യാഭ്യാസ ഉപഡയറക്ടർ ഇ ശ്രീലത, വി എച്ച് എസ് ഇ ചെങ്ങന്നൂർ മേഖല അസി. ഡയറക്ടർ പി ഷാലി ജോൺ , ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ എസ് സുമേഷ്, ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ ജെ ബിന്ദു, മീഡിയ കമ്മറ്റി കൺവീനർ ടി മുഹമ്മദ് ഫൈസൽ , ഫുഡ് കമ്മറ്റി കൺവീനർ പി ബിജു , പബ്ലിസിറ്റി കമ്മറ്റി കൺവീനർ അനസ് എം അഷ്റഫ്, വി എച്ച് എസ് ഇ എക്സ്പോ കൺവീനർ എൻ അനൂഷ്, ട്രാൻസ്പോർട്ട് കമ്മറ്റി കൺവീനർ ഹുസൈൻ, മീഡിയ കമ്മറ്റി ചെയർമാൻ നസീർ പുന്നയ്ക്കൽ, റിസപ്ഷൻ കമ്മറ്റി കൺവീനർ എസ് അനിത, മീഡിയ കമ്മറ്റി അംഗങ്ങളായ സി എസ് ഷിഹാബ്ദ്ദീൻ, പി.എ ശമീർ, ലൈറ്റ് ആൻ്റ് സൗണ്ട് കമ്മറ്റി കൺവീനർ എസ് ശ്രീകുമാർ,സംഘാടക സമിതി ഓഫീസ് സെക്രട്ടറി ബി എ സജീർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.