Advertisment

ഭൂമി തരംമാറ്റം; താലൂക്ക് തല അദാലത്ത് ആലപ്പുഴ ജില്ലയില്‍ ഒക്ടോബര്‍ 29 മുതല്‍ - ജില്ലാ കളക്ടര്‍

author-image
ഇ.എം റഷീദ്
New Update
ADALATH.jpg

 

Advertisment

ആലപ്പുഴ: ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി സംസ്ഥാനവ്യാപകമായി താലൂക്ക് തലത്തില്‍ നടത്തുന്ന അദാലത്തുകള്‍ ജില്ലയില്‍ ഒക്ടോബര്‍ 29 ന് ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് അറിയിച്ചു. 

ജില്ലയിലെ ആദ്യ അദാലത്ത് ഒക്ടോബര്‍ 29 ന് ചൊവ്വാഴ്ച അമ്പലപ്പുഴ താലൂക്കില്‍ നടക്കും. അമ്പലപ്പുഴ താലൂക്ക് കോണ്‍ഫറന്‍സ് ഹാളിലാണ് അദാലത്ത്. കുട്ടനാട് താലൂക്കിലേത് ഒക്ടോബര്‍ 30 ന് ചമ്പക്കുളം ബ്ലോക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളിലും മാവേലിക്കര താലൂക്കിലേത് നവംബര്‍ 5 ന് താലൂക്ക് ഓഫീസിലും ചെങ്ങന്നൂരിലേത് നവംബര്‍ 7 ന് ചെങ്ങന്നൂര്‍ ഐഎച്ച് ആര്‍ഡി കോളേജിലും കാര്‍ത്തികപ്പള്ളി താലൂക്കിലേത് നവംബര്‍ 12 ന് കാര്‍ത്തികപ്പള്ളി താലൂക്ക് കോണ്‍ഫറന്‍സ് ഹാളിലും ചേര്‍ത്തല താലൂക്കിലേത് നവംബര്‍ 14 ന് ചേര്‍ത്തല താലൂക്ക് ഓഫീസിലും നടക്കും.

റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്റെ പ്രത്യേക നിര്‍ദേശപ്രകാരം സംഘടിപ്പിക്കുന്ന അദാലത്ത് ജില്ലാ കളക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് നടക്കുക. നിലവിലുള്ള അപേക്ഷകളില്‍ ഉദ്യോഗസ്ഥ തലത്തില്‍ തീര്‍പ്പാക്കലാണ് അദാലത്തുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഡെപ്യൂട്ടി കളക്ടര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, കൃഷി ഓഫീസര്‍, മറ്റു റവന്യു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുക്കും.  

25 സെന്റില്‍ താഴെയുള്ള സൗജന്യമായി തരം മാറ്റത്തിന് അര്‍ഹതയുള്ള, ഫോം 5, ഫോം 6  എന്നിവയില്‍ നല്‍കിയ അപേക്ഷകളാണ് അദാലത്തില്‍ പരിഗണിക്കുന്നത്. ജില്ലയിലെ ആറ് താലൂക്കുകളിലായ ഒക്ടോബര്‍ 20 വരെ 35,475 തരംമാറ്റ അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍ 5876 അപേക്ഷകളാണ് തീര്‍പ്പാക്കിയത്. അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് ത്വരിതഗതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടന്നുവരുന്നത്.    

തരംമാറ്റ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനായി 2023 ല്‍ നടത്തിയ ഒന്നാം ഘട്ട അദാലത്തുകള്‍ ആര്‍ഡിഒ ഓഫീസുകള്‍ കേന്ദ്രീകരിച്ചായിരുന്നു. അതില്‍ വലിയ തോതില്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ കഴിഞ്ഞിരുന്നു.

2024 സെപ്തംബറോടെ സംസ്ഥാനത്തെ 27 ആര്‍ഡിഒ മാര്‍ക്കൊപ്പം ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്കു കൂടി തരംമാറ്റ അപേക്ഷകള്‍ പരിഗണിക്കാനുള്ള അധികാരം നല്‍കി നിയമസഭ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്തിരുന്നു.

താലൂക്ക് അടിസ്ഥാനത്തില്‍ ആര്‍ഡിഒ മാരും ഡെപ്യൂട്ടി കളക്ടര്‍മാരുമാണ് ഇപ്പോള്‍ തരം മാറ്റ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് രണ്ടാം ഘട്ട അദാലത്ത് താലൂക്ക് അടിസ്ഥാനത്തില്‍ നടത്താന്‍ തീരുമാനിച്ചത്. 

താലൂക്ക് തല അദാലത്തിനോടനുബന്ധിച്ച് തരംമാറ്റ അപേക്ഷകളുടെ അതിവേഗ തീര്‍പ്പാക്കല്‍ സംബന്ധിച്ച് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം കളക്‌ട്രേറ്റില്‍ യോഗം ചേര്‍ന്നിരുന്നു.

ഓരോ താലൂക്കിലെയും തീര്‍പ്പാക്കാനുള്ള അപേക്ഷകള്‍ വിലയിരുത്തിയ യോഗത്തില്‍ അദാലത്ത് വിജയകരമാക്കുന്നതിന് ജില്ലാ കളക്ടര്‍ വില്ലേജ് ഓഫീസര്‍മാര്‍ക്കും കൃഷി ഓഫീസര്‍മാര്‍ക്കും മറ്റു ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി.

തീര്‍പ്പാക്കാനുള്ള അപേക്ഷകളില്‍ വലിയൊരു ശതമാനം താലൂക്ക് തല അദാലത്തിലൂടെ തീര്‍പ്പാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. 

Advertisment