Advertisment

മാമ്മൂടൻ വള്ളം നീരണിയൽ റൂബി ജൂബിലി വാർഷിക ആഘോഷം; ഒരുക്കങ്ങൾ പൂർത്തിയായി

New Update
mamoodan vallam

എടത്വ: ഇരുട്ടുക്കുത്തി വിഭാഗത്തിലുള്ള മാമ്മൂടൻ കളി വള്ളം നീരണിയൽ 40-ാം വാർഷിക ആഘോഷം ഞായറാഴ്ച 11.30ന് വള്ളപ്പുരയിൽ നടക്കും. മാമ്മൂട്ടിൽ അഡ്വ ഉമ്മൻ എം.മാത്യു അധ്യക്ഷത വഹിക്കും. മുട്ടാർ ഗ്രാമപഞ്ചായത്ത് അംഗം ജോസ് മാമ്മൂടൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്യും.

Advertisment

തലവടി ചുണ്ടൻ വള്ളം സമിതി പഞ്ചായത്ത് കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ ഡോ. ജോൺസൺ വി ഇടിക്കുള മുഖ്യ പ്രഭാഷണം നടത്തും.നെഹ്‌റു  ട്രോഫി മത്സരത്തിൽ കൈനകരി സെന്റ് മേരീസ് ബോട്ട് ക്ലബ് ഇത്തവണ തുഴയെറിയും. 

ടീം അംഗങ്ങൾക്ക്  പങ്കായം,ഒന്നാം തുഴ എന്നിവ മാമ്മൂട്ടിൽ കുടുംബയോഗം പ്രസിഡന്റ്‌ കുര്യൻ ജോർജ്ജ് നൽകും. കളിവള്ളം ശില്പി സാബു നാരായണൻ ആചാരിയുടെ നേതൃത്വത്തിൽ നീരണിയൽ ചടങ്ങ് നടക്കും.കളിവള്ളം ശില്പി സാബു നാരായണൻ ആചാരിയെ ആദരിക്കും.

mammoodan vallan inauguration before 40 years

മാമ്മൂടൻ വള്ളം നീരണിയൽ ചടങ്ങ് 40 വർഷം മുൻപ്  അന്ന് മന്ത്രി പി. ജെ ജോസഫ് ഉദ് ഘാടനം ചെയ്യുന്നു.

നാല് പതിറ്റാണ്ടുകളായി മത്സര രംഗത്ത് ഉള്ള  മാമ്മൂടൻ പുതുക്കി പണിയുന്നതിന്  ഉളികുത്തിയത്  2018 മാർച്ച്‌ 12ന്  ആണ്. 2019 ആഗസ്റ്റ് 19ന് ആണ് നീരണിഞ്ഞത്. മുപ്പത്തി ഒന്നേകാൽ കോല്‍ നീളവും, 46 അംഗുലം വീതിയും ഉള്ള മാമ്മൂടനില്‍ 51 തുഴക്കാരും 3 അമരക്കാരും 3 നിലയാളുകളും ഉണ്ട്.

കോവിൽമുക്ക് സാബു നാരായണന്‍ ആചാരിയാണ്‌ മുഖ്യ ശില്പി. വൈക്കം വാസു ആചാരി പണിയിറക്കിയ മാമൂടൻ വള്ളം ഉമാമഹേശ്വരനും പിന്നീട്  2018ൽ സാബു നാരായണൻ ആചാരിയും പുതുക്കി പണിതു. മാമ്മൂടൻ വള്ളം ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ആണ് വാർഷികാഘോഷം ഒരുക്കിയിരിക്കുന്നത്.

Advertisment