കട്ടപ്പന: കട്ടപ്പന താലൂക്ക് ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഡയാലിസിസ് യൂണിറ്റിൽ ഒരു ഷിഫ്റ്റ് കൂടി തുടങ്ങുന്നതിന് പ്രഥമ പരിഗണന നൽകുമെന്നും മന്ത്രി അറിയിച്ചു.
ജീവനക്കാരുമായും രോഗികളുമായും ജനപ്രതിനിധകളുമായും നേരിട്ട് ആശയവിനിമയം നടത്താനും ആശുപത്രികളിലെ വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ടു വിലയിരുത്താനും പോരായ്മകള്‍ പരിഹരിക്കാൻ സമയബന്ധിതമായി നടപടി സ്വീകരിക്കാനും സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളും മന്ത്രി വീണാ ജോർജ് നേരിട്ടു സന്ദര്‍ശിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഇന്നലെ രാവിലെ മന്ത്രി കട്ടപ്പന താലൂക്ക് ആശുപത്രിയിലും സന്ദർശനം നടത്തി.
ആരോഗ്യവകുപ്പ് ഡയറക്ടർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
ഡയാലിസിസ് യൂണിറ്റ്, കാഷ്വാലിറ്റി, വാർഡുകൾ എന്നിവിടങ്ങളിൽ മന്ത്രി പരിശോധന നടത്തി. സ്ഥലപരിമിതിക്കുള്ളിൽ നിന്നുകൊണ്ടുള്ള അടിസ്ഥാന സൗകര്യ വികസനം കട്ടപ്പന താലൂക്ക് ആശുപത്രിയിൽ സാധ്യമാക്കുമെന്നു മന്ത്രി പറഞ്ഞു.
ഡയാലിസിസ് യൂണിറ്റിൽ മറ്റൊരു ഷിഫ്റ്റ് തുടങ്ങുന്നതിന് ഇപ്പോഴുള്ള സാങ്കേതിക തടസങ്ങൾ മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.
താലൂക്ക് ആശുപത്രിയായി ഉയർത്തിയെങ്കിലും സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ സ്റ്റാഫ് പാറ്റേൺ തുടരുന്നത് പ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്ന് ജനപ്രതിനിധികൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രോഗികളോട് രോഗവിവരമടക്കം ചോദിച്ചറിഞ്ഞാണ് മന്ത്രി മടങ്ങിയത്. കട്ടപ്പന നഗരസഭാധ്യക്ഷ ഷൈനി സണ്ണി ചെറിയാൻ മന്ത്രിയെ സ്വീകരിച്ചു. വൈസ് ചെയർമാൻ, കൗൺസിലർമാർ, മുൻ കൗൺസിലർമാർ, എച്ച്എംസി അംഗങ്ങൾ തുടങ്ങിയവർ മന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി ആശുപത്രിയിൽ എത്തിയിരുന്നു.
ഡി ലെവൽ ആംബുലൻസിൽ നഴ്സിനെ നിയമിക്കാൻ നിർദേശം
കട്ടപ്പന: താലൂക്ക് ആശുപത്രിയിലെ ഡി ലെവൽ ആംബുലൻസിൽ നഴ്സിനെ നിയമിക്കാൻ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിക്കു നിർദേശം നൽകിയെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഹ്യൂമൻ റിസോഴ്സ് വിഭാഗത്തിലുണ്ടായ സങ്കേതിക പ്രശ്നമാണ് നിയമനം വൈകാൻ ഇടയാക്കിയതെന്നും മന്ത്രി പറഞ്ഞു.
മന്ത്രി റോഷി അഗസ്റ്റിന്റെ പ്രാദേശിക വികസനഫണ്ടിൽനിന്നു 25 ലക്ഷം രൂപ മുടക്കി വാങ്ങിയ അത്യാധുനിക സൗകര്യമുള്ള ആംബുലൻസ് നഴ്സില്ലെന്ന കാരണത്താൽ കഴിഞ്ഞ എട്ടു മാസമായി ഓടാതെ നിർത്തിയിട്ടിരിക്കുകയാണ്. ഈ വിവരം ജനപ്രതിനിധികൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് നിർദേശമുണ്ടായത്.
കട്ടപ്പന താലൂക്ക് ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കും: മന്ത്രി വീണാ ജോർജ്
ജീവനക്കാരുമായും രോഗികളുമായും ജനപ്രതിനിധകളുമായും നേരിട്ട് ആശയവിനിമയം നടത്താനും ആശുപത്രികളിലെ വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ടു വിലയിരുത്താനും പോരായ്മകള്‍ പരിഹരിക്കാൻ സമയബന്ധിതമായി നടപടി സ്വീകരിക്കാനും സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളും മന്ത്രി വീണാ ജോർജ് നേരിട്ടു സന്ദര്‍ശിക്കുന്നുണ്ട്
New Update
Advertisment