ഇടുക്കി: ഭാര്യയുടെ ക്വട്ടേഷൻ സംഘം വള്ളക്കടവിൽ യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച കേസിലെ മുഴുവൻ പ്രതികളും വണ്ടിപ്പെരിയാർ പോലീസിന്റെ പിടിയിലായി. കേസിലെ മൂന്നു പ്രതികളെക്കൂടി അറസ്റ്റ് ചെയ്തതായി വണ്ടിപ്പെരിയാർ എസ്എച്ച്ഒ ഹേമന്ത് കുമാർ അറിയിച്ചു. കേസിൽ ആകെ ഏഴു പ്രതികൾ അറസ്റ്റിലായി.
വണ്ടിപ്പെരിയാർ വള്ളക്കടവ് കരിങ്കുന്നം വീട്ടിൽ അബ്ബാസിനെ രാത്രിയിൽ വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. എറണാകുളം ഫോർട്ട് കൊച്ചി സ്വദേശി ഷെമീർ (31), പെരുമ്പടപ്പ് സ്വദേശി ശിവപ്രസാദ് (25), പള്ളുരുത്തി സ്വദേശി ഷാഹുൽ ഹമീദ് (37) എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.
ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ മുംബൈ, ബംഗളുരു, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്നാണ് പിടികൂടിയത്. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങൾകൂടി കണ്ടെടുത്ത് അന്വേഷണം പൂർത്തിയാക്കുമെന്നു ഹേമന്ത്കുമാർ പറഞ്ഞു.
കഴിഞ്ഞ മാസം 16നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അബ്ബാസിനെ ആക്രമിക്കുന്നതിനായി ഭാര്യ ഷാഹിറയും മകനും ഷെമീർ എന്നയാൾക്ക് ക്വട്ടേഷൻ നൽകുകയായിരുന്നു. വണ്ടിപ്പെരിയാർ പോലീസ് നടത്തിയ അന്വേഷണത്തിൽ ഭാര്യയും മകനും പിടിയിലായതോടെയാണ് പ്രതികൾ പിടിയിലായത്.
വണ്ടിപ്പെരിയാർ എസ്എച്ച്ഒ ഹേമന്ത്കുമാർ, സ്പെഷൽ സ്ക്വാഡ് ഓഫീസർമാരായ സുബൈർ, അനിൽ, ബിനുകുമാർ, സനിൽ രാജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.