തൊടുപുഴ: കോടികള്‍ ചെലവഴിച്ചെങ്കിലും നോക്കുകുത്തിയായി നില്ക്കുന്ന മലങ്കര ടൂറിസം കേന്ദ്രത്തിലെ എന്‍ട്രന്‍സ് പ്ലാസയുടെ അപാകതകള്‍ പരിഹരിക്കുന്നതിനു നടപടി തുടങ്ങി.
ടൂറിസം വകുപ്പിന്റെ കോടികള്‍ ചെലവഴിച്ച് ഹാബിറ്റാറ്റ് നടത്തിയ നിര്‍മാണ പ്രവര്‍ത്തനത്തില്‍ അടിമുടി വീഴ്ച സംഭവിച്ചതോടെയാണ് എന്‍ട്രന്‍സ് പ്ലാസ ഒരു പ്രയോജനവും ഇല്ലാതെ നിലനില്‍ക്കുന്നത്. ഇവിടെയെത്തുന്ന സന്ദര്‍ശകരാകട്ടെ അടിസ്ഥാന സൗകര്യമില്ലാതെ വലയുകയാണ്. എന്‍ട്രന്‍സ് പ്ലാസയ്ക്കുള്ളില്‍ ടോയ്ലറ്റും കുടിവെള്ള സൗകര്യവും ഉണ്ടെങ്കിലും ഇത് ഇവിടെയെത്തുന്ന നൂറുകണക്കിന് സന്ദര്‍ശകര്‍ക്ക് പ്രയോജനപ്പെടാത്ത അവസ്ഥയിലാണ്.
എന്‍ട്രന്‍സ് പ്ലാസയ്ക്കായി നിര്‍മിച്ച കെട്ടിടം പൂര്‍ണമായും ചോര്‍ന്നൊലിക്കുന്ന നിലയിലാണ്. ഈ സാഹചര്യത്തില്‍ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി സംബന്ധിച്ച് എസ്റ്റിമേറ്റ് തയാറാക്കാന്‍ ജില്ലാകളക്ടര്‍ ജലവിഭവവകുപ്പിനു നിര്‍ദേശം നല്കി. ടൂറിസം വകുപ്പില്‍ നിന്നുള്ള ഫണ്ടു ചെലവഴിച്ച് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി പ്ലാസ സഞ്ചാരികള്‍ക്കായി തുറന്നു നല്‍കാനാണ് തീരുമാനം.
200 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, സ്റ്റാളുകള്‍ക്കായുള്ള മുറികൾ, ടോയ്ലറ്റുകള് എന്നിവ ഉള്‍പ്പെടെയാണ് എന്‍ട്രന്‍സ് പ്ലാസയിലുള്ളത്. നിലവില്‍ ടോയ്ലറ്റ് മാത്രമാണ് സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കിയിരിക്കുന്നത്. ഇതോടനുബന്ധിച്ച് കുടിവെള്ള സൗകര്യവുമുണ്ട്. എന്നാല്‍ ഇതു സൂചിപ്പിക്കുന്ന ഒരു ബോര്‍ഡുപോലും ഇവിടെയില്ല. നേരത്തെ സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ മോഷണം പോയതായാണ് അധികൃതര്‍ പറയുന്നത്. മലങ്കരയില്‍ എത്തുന്ന സന്ദര്‍ശകര്‍ക്കായി ഇവിടെ ഭക്ഷണ സ്റ്റാളോ മറ്റ് സൗകര്യങ്ങളോ നിലവിലില്ല.
ഇവിടെയെത്തുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഭക്ഷണം പോലും ലഭിക്കാതെ കഷ്ടത്തിലാകുന്ന സ്ഥിതിയാണ്. എന്‍ട്രന്‍സ് പ്ലാസയില്‍ ഭക്ഷണശാല പ്രവര്‍ത്തിപ്പിക്കാന്‍ സൗകര്യമുണ്ട്. മില്‍മ, ഭക്ഷ്യ വകുപ്പ്, മറ്റ് സര്‍ക്കാര്‍ ഏജന്‍സികൾ, പ്രദേശവാസികള്‍ എന്നിങ്ങനെയുള്ളവര്‍ ഭക്ഷണശാല നടത്തിപ്പിനായി അധികൃതരെ സമീപിച്ചെങ്കിലും അനുമതി ലഭിച്ചിട്ടില്ല. ഡാമിന്റെ സുരക്ഷ മുന്‍നിര്‍ത്തിയാണ് പുറമെ നിന്നുള്ളവര്‍ക്ക് മലങ്കരയില്‍ കച്ചവട സ്ഥാപനങ്ങള്‍ നല്കാന് അനുമതി നല്‍കാത്തത്. ഇവിടെയെത്തുന്നവര്‍ക്ക് ഇത്തരം ആവശ്യങ്ങള്‍ക്കായി മുട്ടം ടൗണിലെത്തണം.
എന്‍ട്രന്‍സ് പ്ലാസയുടെ അപാകതകള്‍ പരിഹരിച്ച് ഇവിടം സന്ദര്‍ശകര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാണ് കളക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഹാബിറ്റാറ്റിനെ മാറ്റിനിര്‍ത്തി ഇറിഗേഷന്‍ വകുപ്പു തന്നെ നിര്‍മാണ പ്രവര്‍ത്തനം നടത്താനാണ് തീരുമാനം. ആവശ്യമായ ഫണ്ട് ടൂറിസം വകുപ്പില്‍നിന്നു ലഭ്യമാക്കും.
കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുന്നതോടെ ഇതിനുള്ളിലെ കടമുറികളും ഓഡിറ്റോറിയവും വാടകയ്ക്കു നല്കാന് കഴിയും. നിലവില്‍ നൂറുകണക്കിന് സഞ്ചാരികളാണ് മലങ്കരയുടെ ദൃശ്യഭംഗി ആസ്വദിക്കാനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടെയെത്തുന്നത്.
അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുന്നതോടെ കൂടുതല്‍ പേരെ മലങ്കരയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍.
ഇതിനിടെ ടൂറിസം സെന്ററിലെ കുട്ടികളുടെ പാര്‍ക്കിലെ തകരാറിലായ കളിയുപകരണങ്ങള്‍ അടുത്തനാളില്‍ മാറ്റി സ്ഥാപിച്ചിരുന്നു. ഇരിപ്പിടങ്ങളും നടപ്പാതകളും നവീകരിക്കുകയും മ്യൂസിക് സിസ്റ്റം സ്ഥാപിക്കുകയും ചെയ്തിരുന്നു.