ഇടുക്കി: നാട് വിറങ്ങലിച്ച പ്രകൃതിദുരന്തം നടന്നിട്ട് രണ്ടുകൊല്ലം പിന്നിടുന്നു. എട്ടുപേരുടെ ജീവനാണ് കൊക്കയാർ ദുരന്തത്തിൽ പൊലിഞ്ഞത്. 2021 ഒക്ടോബർ 16-ന് കലിതുള്ളിപെയ്ത മഴയിൽ കൊക്കയാർ മാക്കൊച്ചിയിലുണ്ടായ ഉരുൾപൊട്ടലിൽ ആറുപേർ മരിച്ചു. രണ്ടുപേർ ഒഴുക്കിൽപ്പെട്ടാണ് മരിച്ചത്.
മുറിവുണങ്ങാത്ത മനസ്സുമായാണ് നാട്ടുകാർ ഇന്നും ആ ദിവസം ഓർത്തെടുക്കുന്നത്. 16-ന് വൈകീട്ട് ഏഴരയോടെയാണ് ശക്തമായ മഴ തുടങ്ങിയത്. പതിനൊന്നു മണിയോടെ മഴ ശമിച്ചപ്പോൾ കൊക്കയാർ പഞ്ചായത്തിൽ നിരവധി ഇടങ്ങളിൽ ഉരുൾപൊട്ടി. പുല്ലകയാർ കരകവിഞ്ഞൊഴുകിയതോടെ തീരത്തെ വീടുകളിലെല്ലാം മലവെള്ളംകയറി. റോഡുകളിൽ വെള്ളംകയറുകയും പാലങ്ങൾ തകരുകയും ചെയ്തതോടെ ജനജീവിതം സ്തംഭിച്ചു.
ഇതിനിടെയാണ് മാക്കൊച്ചിയിൽ ഉരുൾപൊട്ടിയെന്ന വാർത്തയെത്തുന്നത്. സമീപവാസികൾ പാഞ്ഞെത്തി രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും വെളിച്ചമില്ലായ്മയും കുത്തിയൊലിച്ചെത്തുന്ന മലവെള്ളവും ചെളിയും തടസ്സമായി. രാത്രി അഗ്‌നിരക്ഷാസേനയും പോലീസും നാട്ടുകാരും സ്ഥലത്തെത്തിയെങ്കിലും ഉരുൾപൊട്ടി ഒലിച്ചുപോയ മാക്കൊച്ചിയിൽ പിറ്റേന്ന് രാവിലെ മാത്രമാണ് ഇവർക്ക് എത്താനായത്. മണ്ണുമാന്തിയന്ത്രങ്ങൾ എത്തിച്ച് മണ്ണിനടിയിൽപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമമാണ് നടത്തിയത്. പതിനൊന്നു മണിയോടെ ആദ്യത്തെ മൃതദേഹം കണ്ടെത്തി. തുടർന്ന് നാല് മൃതദേഹങ്ങൾകൂടി കിട്ടി.
കല്ലുപുരയ്ക്കൽ വീട്ടിൽ ഫൗസിയ സിയാദ് (28), മക്കൾ അമീൻ സിയാദ് (10), അംന സിയാദ് (7), കല്ലുപുരയ്ക്കൽ ഫൈസലിന്റെ മക്കൾ അഫ്സാര ഫൈസൽ (8), അഫിയാൻ ഫൈസൽ (4) എന്നിവരുടെ മൃതദേഹങ്ങളാണ് കിട്ടിയത്. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കാഞ്ഞിരപ്പള്ളിയിലെ ഭർത്തൃവീട്ടിൽനിന്നു കൊക്കയാറിലെ വീട്ടിലെത്തിയതായിരുന്നു ഫൗസിയയും മക്കളും. ഇവരുടെ വീടിനു മുകളിലുള്ള വീട്ടിൽ താമസിച്ചിരുന്ന ഷാഹുലിന്റെ മകൻ ഏഴുവയസ്സുകാരൻ സച്ചുവിനെ രണ്ടാമത്തെ ദിവസമാണ് കണ്ടെത്തിയത്.പുല്ലകയാറ്റിലൂടെ ഒഴുകിപ്പോയ ചിറയിൽ വീട്ടിൽ ഷാജി (55), ചേലപ്പാക്കൽ ആൻസി എന്നിവരുടെ മൃതദേഹം കിലോമീറ്ററുകൾ അകലെ മണിമലയാറ്റിൽനിന്നാണ് കണ്ടെത്തിയത്.
ഉരുൾപൊട്ടലിലും പ്രളയത്തിലും 774-വീടുകൾ തകർന്നെന്നാണ് റവന്യൂ വകുപ്പിന്റെ കണക്ക്. ഇതിൽ 74-പേർക്ക് വീടും സ്ഥലവും 41-പേർക്ക് വീടും നഷ്ടപ്പെട്ടു. കാലം മായ്ക്കാത്ത പ്രകൃതിദുരന്തം നേരിട്ട് കണ്ടതിന്റെയും പ്രിയപ്പെട്ടവരുടെ വിയോഗത്തിന്റെയും വിങ്ങൽ മാറാതെ ഇന്നും തുടരുകയാണ് പ്രദേശവാസികളുടെ ജീവിതം.