പാകിസ്ഥാനിൽ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പതിനാല് പേർ മരിച്ചു. വടക്കൻ പാകിസ്ഥാനിൽ ഇൻഡസ് നദിയിലേക്കാണ് ബസ് മറിഞ്ഞത്. ബസിലുണ്ടായിരുന്ന നിരവധി പേരെ കാണാനില്ലെന്നാണ് വിവരം.
പഞ്ചാബ് പ്രവിശ്യയിലെ നഗരമായ ചക്വാളിലേക്ക് പോവുകയായിരുന്നു ബസ് ആണ് അപകടത്തിൽപ്പെട്ടത്. വിവാഹ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗതതയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം. അപകടം നടക്കുമ്പോൾ ഇരുപത്തിയഞ്ചിലധികം പേർ ബസിൽ ഉണ്ടായിരുന്നതായാണ് വിവരം.
നദിയിൽ നിന്നാണ് പതിനാല് മൃതദേഹങ്ങൾ കണ്ടെത്തിയത്. പന്ത്രണ്ടോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ പ്രദേശത്ത് കനത്ത തണുപ്പ് തുടരുന്ന സാഹചര്യത്തിൽ നദിയിൽ കാണാതായവരെ ജീവനോടെ കണ്ടെത്താനുള്ള സാധ്യത വളരെ കുറവായിരിക്കുമെന്നാണ് പാകിസ്ഥാൻ വാർത്താ ഏജൻസിയായ ഡോൺ റിപ്പോർട്ട് ചെയ്യുന്നത്.