മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ഇന്ത്യയിലേക്ക്. റഷ്യന്‍ സര്‍ക്കാര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സന്ദര്‍ശന തീയതി സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് ക്രെംലിന്‍ പ്രസ് സെക്രട്ടറി ദിമിത്രി പെസ്‌കോവ് പറഞ്ഞു. പ്രസിഡന്റിന്റെ ഇന്ത്യന്‍ പര്യടനത്തിനുള്ള തയ്യാറെടുപ്പുകള്‍ റഷ്യ ഉടന്‍ ആരംഭിക്കും എന്നും ദിമിത്രി പെസ്‌കോവ് കൂട്ടിച്ചേര്‍ത്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായിരിക്കും പുടിന്റെ സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം റഷ്യ-ഉക്രൈന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് പുടിന്‍ ഇന്ത്യയിലേക്ക് എത്തുന്നത്. ഉക്രൈന്‍ യുദ്ധത്തിനിടയിലും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നിലധികം തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
വ്യാപാര - സാമ്പത്തിക ബന്ധങ്ങള്‍, ഊര്‍ജം, കണക്റ്റിവിറ്റി തുടങ്ങി വിവിധ മേഖലകളില്‍ ഇന്ത്യ-റഷ്യ സഹകരണം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് റഷ്യയുടെ ഉപപ്രധാനമന്ത്രി ഡെനിസ് മാന്റുറോവ് മോദിയുമായി കഴിഞ്ഞ ആഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.
കഴിഞ്ഞ മാസം കസാനില്‍ ബ്രിക്സ് ഉച്ചകോടി നടക്കുന്നതിനിടെ പുടിനുമായി മോദി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഉക്രൈന്‍ സംഘര്‍ഷം സമാധാനപരമായും വേഗത്തിലും പരിഹരിക്കപ്പെടണമെന്ന് മോദി ഈ വേളയില്‍ അഭിപ്രായപ്പെട്ടിരുന്നു.