ഇടുക്കി: കേരളത്തെ ലോകത്തിലെ ഏറ്റവും സുരക്ഷിതവും മികച്ചതുമായ വനിതാ സൗഹൃദ ടൂറിസം ഡെസ്റ്റിനേഷനാക്കുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇടുക്കി ജില്ലയിലെ മാങ്കുളത്ത് ആരംഭിച്ച ത്രിദിന ആഗോള ലിംഗസമത്വ-ഉത്തരവാദിത്ത ടൂറിസം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ടൂറിസം വകുപ്പ്, ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി, യുഎന്‍വിമെന്‍ എന്നിവ സംയുക്തമായാണ് ആഗോള സമ്മേളനം സംഘടിപ്പിച്ചത്. അന്താരാഷ്ട്രതലത്തില്‍ തന്നെ ഇതാദ്യമായാണ് ലിംഗസമത്വ-ഉത്തരവാദിത്ത ടൂറിസം സമ്മേളനം സംഘടിപ്പിക്കുന്നത്.
ടൂറിസം മേഖലയെ പൂര്‍ണമായും വനിതാ സൗഹൃദമാക്കുന്നതിനായി പ്രത്യേക നയം തന്നെ സര്‍ക്കാര്‍ കൊണ്ടു വരുമെന്ന് സമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. അതിനായി സംസ്ഥാനത്തെ ടൂറിസം മേഖലയിലെ നിലവിലുള്ള വനിതാസൗഹൃദ അന്തരീക്ഷത്തെക്കുറിച്ച് നടത്തിയ ഓഡിറ്റ് റിപ്പോര്‍ട്ട് ഈ സമ്മേളനത്തിന് മുമ്പാകെ അവതരിപ്പിച്ചിട്ടുണ്ട്. ഈ രംഗത്തെ അന്താരാഷ്ട്ര വിദഗ്ധര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇവിടെ നടക്കുന്ന സുപ്രധാന ചര്‍ച്ചകളുടെ കൂടി അടിസ്ഥാനത്തില്‍ തുടര്‍നടപടികളില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രാദേശിക സമൂഹത്തെ വിശ്വാസത്തിലെടുത്ത് കേരള ടൂറിസം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മറ്റ് പ്രദേശങ്ങള്‍ക്ക് കൂടി മാതൃകയാണെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന ദേവികുളം എംഎല്‍എ എ രാജ പറഞ്ഞു.
മാങ്കുളം പോലുള്ള സ്ഥലത്ത് ആഗോള സമ്മേളനം സംഘടിപ്പിക്കാനുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റിയുടെ തീരുമാനം പ്രശംസനീയമാണെന്ന് ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ടൂറിസം മേഖലയില്‍ രാജ്യാന്തര തലത്തില്‍ തന്നെ പ്രശസ്തമായ ഇടുക്കിയില്‍ നിന്നു തന്നെ ലിംഗനീതിയുമായി ബന്ധപ്പെട്ട സുപ്രധാന ആഗോള സമ്മേളനം നടക്കുന്നത് അഭിമാനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
ടൂറിസം മേഖലയെ വനിതാസൗഹൃദമാക്കുന്നതിനുള്ള നയപ്രഖ്യാപനത്തിന് മുമ്പ് ലിംഗസമത്വ ഓഡിറ്റ് അവതരിപ്പിക്കാനുള്ള ധൈര്യം ലോകത്ത് കേരളത്തിന് മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസം ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ഹാരോള്‍ഡ് ഗുഡ് വിന്‍ പറഞ്ഞു. ഇന്ന് ഉത്തരവാദിത്ത ടൂറിസത്തില്‍ ലോകത്ത് ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്നത് കേരളമാണെന്ന് നിസ്സംശയം പറയാം. കേരളത്തിന്റെ ജനാധിപത്യത്തോടുള്ള പ്രതിബദ്ധതയാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
പൂര്‍ണമായും സുരക്ഷിതമായ ടൂറിസം അന്തരീക്ഷം വനിതകള്‍ക്കായി സൃഷ്ടിക്കുന്നതിനു പുറമെ ലിംഗനീതി അതിന്റെ എല്ലാ അര്‍ത്ഥത്തിലും നടപ്പാക്കാനാണ് കേരള ടൂറിസത്തിന്റെ ശ്രമമെന്ന് കേരള ടൂറിസം സെക്രട്ടറി കെ ബിജു പറഞ്ഞു. ഈ രംഗത്തെ അന്താരാഷ്ട്ര വിദഗ്ധര്‍ക്കൊപ്പം രാജ്യത്തിനകത്തെ പ്രമുഖ നയകര്‍ത്താക്കള്‍ കൂടി ചേരുന്നതോടെ ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന നയരൂപീകരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
യുഎന്‍വിമനും ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റിയും ചേര്‍ന്ന് ടൂറിസം ഡെസ്റ്റിനേഷനുകളില്‍ നടത്തിയ ലിംഗസമത്വ ഓഡിറ്റ് റിപ്പോര്‍ട്ട് കേരള ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ അവതരിപ്പിച്ചു. ഇത്തരത്തില്‍ ലോകത്തെ തന്നെ ആദ്യ ഓഡിറ്റാണിതെന്ന് അവര്‍ പറഞ്ഞു. വരും വര്‍ഷങ്ങളിലും നിശ്ചിത ഇടവേളകളില്‍ ഇത്തരം ഓഡിറ്റ് നടത്തും. വനിതാ ടൂറിസ്റ്റുകളുടെ പ്രതികരണം അറിയുകയും അതുവഴി വനിതാസൗഹൃദ പ്രവര്‍ത്തനങ്ങള്‍ കാലാനുസൃതമായി മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും അവര്‍ പറഞ്ഞു.
വനിതകള്‍ക്ക് നൂറ് ശതമാനം ലിംഗനീതിയും സുരക്ഷിതമായ സഞ്ചാരവും ഉറപ്പ് വരുത്താനുള്ള ശ്രമങ്ങളില്‍ സുപ്രധാന നാഴികക്കല്ലാണ് ഈ സമ്മേളനമെന്ന് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി സിഇഒ കെ രൂപേഷ് കുമാര്‍ പറഞ്ഞു. ലോക ടൂറിസം മേഖലയിലെ ഏറ്റവും പ്രമുഖ വ്യക്തിത്വങ്ങളാണ് ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഇവരിലൂടെ കേരളത്തിന്റെ സാമൂഹ്യപ്രതിബദ്ധതയാണ് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നിലെത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാന ആസൂത്രണ ബോര്‍ഡംഗം മിനി സുകുമാര്‍, കേരള ട്രാവല്‍ മാര്‍ട്ട് സെക്രട്ടറി എസ് സ്വാമിനാഥന്‍, യുഎന്‍ വിമന്‍ കേരള കോ-ഓര്‍ഡിനേറ്റര്‍ ഡോ. പ്രീജ രാജന്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.