ആറ്റുനോറ്റു കാത്തിരുന്ന കണ്‍മണി അല്‍പം നേരത്തെ പിറവിയെടുത്താല്‍ മാതാപിതാക്കള്‍ക്ക് സന്തോഷത്തോടൊപ്പം ആശങ്കയും നിറയും. മാസം തികയാതെ പിറക്കുന്ന കുരുന്നുകള്‍ ജന്മനാ തന്നെ പോരാളികളാണ്. അമ്മയുടെ ഗര്‍ഭപാത്രത്തിലെ സുരക്ഷിതത്വത്തില്‍ നിന്ന് നേരത്തെ പുറത്തിറങ്ങുന്നതു കൊണ്ടുതന്നെ പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ ചെറിയ വെല്ലുവിളികളല്ല അവര്‍ നേരിടേണ്ടത്. 37 മുതല്‍ 40 ആഴ്ച വരെയുള്ളതാണ് സാധാരണ ഗര്‍ഭകാലം.
37 ആഴ്ചയ്ക്ക് മുമ്പ് പിറക്കുന്നവരാണ് പ്രീടേം (പ്രീമെച്വര്‍) ബേബീസ് അഥവാ മാസം തികയാതെ പിറന്ന കുഞ്ഞുങ്ങള്‍ എന്ന് അറിയപ്പെടുന്നത്. നേരത്തെ എത്തുന്നതുകൊണ്ടു തന്നെ ഇവര്‍ക്ക് വലിപ്പവും ശരീരഭാരവും കുറവായിരിക്കാം. ശരീരോഷ്മാവ് നിയന്ത്രിക്കുന്നത് മുതല്‍ കാഴ്ച, കേള്‍വി, പാല്‍ കുടിക്കല്‍, അങ്ങനെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്ക് പലതരം വെല്ലുവിളികള്‍ ഈ ഇളംപൈതലുകള്‍ നേരിടേണ്ടി വരും.
പ്രീമെച്വര്‍ കുഞ്ഞുങ്ങള്‍ പലവിധം
ഗര്‍ഭാവസ്ഥയുടെ പ്രായമനുസരിച്ച് നേരത്തെയുള്ള പ്രസവത്തെയും കുഞ്ഞുങ്ങളെും നാലായി തരംതിരിച്ചിട്ടുണ്ട്. ഓരോ വിഭാഗത്തിലെയും കുഞ്ഞുങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്കനുസരിച്ചുള്ള സംരക്ഷണവും കരുതലും അവര്‍ക്കാവശ്യമാണ്
34 മുതല്‍ 36 വരെയുള്ള ആഴ്ച - പ്രീമെച്വര്‍ കുഞ്ഞുങ്ങളില്‍ ഏറെയും ഈ കാറ്റഗറിയില്‍പ്പെടുന്നവരാണ്. ഇവര്‍ക്ക് പ്രായമെത്തിയ കുഞ്ഞുങ്ങളുടെ അതേ വലിപ്പം തന്നെയുണ്ടാകുമെങ്കിലും പാല്‍ വലിച്ചു കുടിക്കുന്നതിലും ശരീരോഷ്മാവ് നിയന്ത്രിക്കുന്നതിലും ബുദ്ധിമുട്ട് നേരിടാം. കൂടാതെ, ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളുണ്ടാകാനും സാദ്ധ്യത കൂടുതലാണ്. മറ്റു പ്രീമെച്വര്‍ കുഞ്ഞുങ്ങളേക്കാള്‍ ആരോഗ്യവാന്മാരാണെങ്കിലും ഇവര്‍ക്കും വളരെ അടുത്ത നിരീക്ഷണവും പ്രത്യേക കരുതലും ആവശ്യമാണ്.
32 മുതല്‍ 34 വരെയുള്ള ആഴ്ച - ആരോഗ്യപരമായ സങ്കീര്‍ണതകള്‍ക്ക് സാദ്ധ്യത കൂടിയ കൂട്ടത്തിലാണ് ഈ വിഭാഗത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍. ശ്വാസമെടുക്കുക, ശരീരോഷ്മാവ് നിയന്ത്രിക്കുക, പാല്‍ കുടിക്കുക എന്നീ കാര്യങ്ങള്‍ക്കൊക്കെ ഇവര്‍ക്ക് സഹായം ആവശ്യം വരും. ഈ വിഭാഗത്തിലെ മിക്ക കുഞ്ഞുങ്ങളും ശരിയായ സംരക്ഷണത്തിലൂടെ സാധാരണ ജീവിതം നയിക്കാറുണ്ട്. എങ്കിലും ജീവിതത്തിന്റെ പ്രാരംഭകാലത്ത് ആരോഗ്യപരമായും വളര്‍ച്ചാപരമായും പല വെല്ലുവിളികളും ഇവര്‍ നേരിടാറുണ്ട്.
32 ആഴ്ചയ്ക്ക് മുമ്പ് ജനിച്ചവര്‍ - നിശ്ചയിച്ചതിലും വളരെ നേരത്തെ ജനിക്കുന്നവരാണ് ഈ കുഞ്ഞുങ്ങള്‍. വളര്‍ച്ചയെത്തായ്മയുടെ പല പ്രശ്‌നങ്ങളും ഇവര്‍ അനുഭവിക്കേണ്ടി വരും. അവരുടെ ശ്വാസകോശങ്ങള്‍, മസ്തിഷ്‌കം (ബ്രെയിന്‍), ദഹന വ്യവസ്ഥ തുടങ്ങിയവയില്‍ ഒട്ടനവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഇവര്‍ നേരിടാറുണ്ട്. ഈ വിഭാഗത്തിന് തീവ്രപരിചരണം ആവശ്യമാണ്.
25 ആഴ്ചയ്ക്ക് മുമ്പ് ജനിച്ചവര്‍ - ഈ വിഭാഗത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ ഗൗരവതരമായ സങ്കീര്‍ണതകള്‍ നേരിടേണ്ടി വരാറുണ്ട്. ശരീരത്തിലെ ജീവധാരണമായ പല അവയവങ്ങളും മുഴുവനായി രൂപീകരിക്കപ്പെടുന്നതിനും മുമ്പ് ജനിക്കുന്നവരാണ് ഇക്കൂട്ടര്‍. ആധുനിക ചികിത്സാശാസ്ത്രത്തിന്റെ വളര്‍ച്ച കൊണ്ട് അതിജീവന നിരക്ക് വളരെ കൂടിയിട്ടുണ്ടെങ്കിലും ഈ വിഭാഗത്തില്‍ പെട്ട കുഞ്ഞുങ്ങള്‍ വളരെ കാലത്തേക്ക് ആരോഗ്യപരമായും വളര്‍ച്ചാപരമായുമുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരാറുണ്ട്.
പ്രീമെച്വര്‍ പ്രസവത്തിലേക്ക് അമ്മയെ നയിക്കുന്ന ഘടകങ്ങള്‍
രണ്ടോ മൂന്നോ അധിലധികമോ കുഞ്ഞുങ്ങളെ പ്രതീക്ഷിക്കുന്നവര്‍
17 വയസിന് താഴെയോ 35 വയസിന് മേലെയോ പ്രായമുള്ളവര്‍
പ്രീടേം പ്രസവം നേരത്തെ നടന്നവരോ അത്തരം പ്രസവം നടന്ന കുടുംബ പാരമ്പര്യമോ ഉള്ളവര്‍
ഗര്‍ഭിണി ആയിരിക്കെ പുകവലി, മദ്യപാനം, മറ്റു ലഹരികളുടെ ഉപയോഗം
വളര്‍ച്ചാ പാറ്റേണും ട്രാക്കിംഗും
ഈ കുഞ്ഞുങ്ങള്‍ മറ്റുള്ള കുഞ്ഞുങ്ങള്‍ക്കൊപ്പം എപ്പോഴെത്തുമെന്ന ആശങ്ക പലപ്പോഴും മാതാപിതാക്കള്‍ക്കുണ്ടാകും. വളര്‍ച്ചയിലും ബുദ്ധിവികാസത്തിലും ഓരോ കുഞ്ഞും വ്യത്യസ്തരാണ്. പൂര്‍ണ്ണാവസ്ഥയില്‍ ജനിച്ചാലും നേരത്തെ പിറന്നാലും ഓരോ കുഞ്ഞുങ്ങളും അവരുടേതായ സമയമെടുത്താണ് വളര്‍ച്ചാഘട്ടം പൂര്‍ത്തീകരിക്കുക. എങ്കിലും ഗര്‍ഭകാലഘട്ടം പ്രത്യേകരീതിയില്‍ കണക്കാക്കി ഇത്തരം കുഞ്ഞുങ്ങളുടെ വളര്‍ച്ചാ നാഴികക്കല്ലുകള്‍ ഈ രംഗത്തെ വിദഗ്ദ്ധര്‍ പിന്തുടരാറുണ്ട്.
കുഞ്ഞുങ്ങള്‍ക്ക് പരിലാളനയുടെയും പിന്തുണയുടെയും അന്തരീക്ഷം സൃഷ്ടിച്ചും അവരെ സൗമ്യമായി വികസന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തിയും അവരുടെ ആരോഗ്യപരിപാലനത്തിന് ഡോക്ടര്‍മാരുടെ അപ്പോയിന്റ്‌മെന്റുകളില്‍ വിട്ടുവീഴ്ച ചെയ്യാതെയും ജാഗ്രത പാലിച്ച് മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുഞ്ഞിനെ ആരോഗ്യവാന്മാരായി വളര്‍ത്തിയെടുക്കാം. നിയോനാറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ മാത്രമല്ല, വീട്ടിലെ ആദ്യകാല വളര്‍ച്ചാസമയത്തും മാസം തികയാത്ത കുഞ്ഞുങ്ങളെയും അവരുടെ കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതില്‍ ഒക്യുപേഷണല്‍ തെറാപ്പി നിര്‍ണായക പങ്ക് വഹിക്കുന്നു.
ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ് ചെയ്യുന്നത് -
കുഞ്ഞിനെ പിടിക്കുന്നതും കൈകാര്യം ചെയ്യുന്നതും: കുഞ്ഞുങ്ങളുടെ ജോയിന്റ് അലൈന്‍മെന്റിനെ പിന്തുണയ്ക്കാനും വൈകല്യങ്ങള്‍ ഉണ്ടാകാതെ തടയാനും ശ്വസനം മെച്ചപ്പെടുത്താനും കുഞ്ഞിനെ ശരിയായ രീതിയില്‍ പിടിക്കാന്‍ ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ് സഹായിക്കുന്നു. ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ് പറഞ്ഞു തരുന്ന, മൃദുവായി കൈകാര്യം ചെയ്യുന്ന രീതികള്‍ കുഞ്ഞുങ്ങളില്‍ സ്വയം സാന്ത്വനിപ്പിക്കല്‍ സ്വഭാവങ്ങള്‍ വളര്‍ത്താനും തങ്ങളുടെ ശരീരത്തെക്കുറിച്ച് അവബോധമുണ്ടാക്കാനും സഹായിക്കും.
മുലയൂട്ടുന്നതിനുള്ള പിന്തുണ : ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ് അമ്മയുടെയും കുഞ്ഞിന്റെ ഓറല്‍ മോട്ടോര്‍ കഴിവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. പാല്‍ വലിച്ചെടുക്കാനും മാത്രം കരുത്തില്ലാതെയോ അത് വിഴുങ്ങാതെയോ പാല്‍ കുടിക്കുമ്പോള്‍ ശ്വസനക്രിയ ഏകോപിപ്പിക്കാനറിയാതെയോ ബുദ്ധിമുട്ടുന്ന ഇത്തരം കുഞ്ഞുങ്ങളെ ഇത് സഹായിക്കും. അതുപോലെതന്നെ അമ്മയുടെയും കുഞ്ഞിന്റെയും ഫീഡിംഗ് പൊസിഷന്‍ നേരെയാക്കാനും സഹായിക്കുന്നു.
സെന്‍സറി റെഗുലേഷന്‍ : പലപ്പോഴും പൂര്‍ണ വളര്‍ച്ചയെത്താതെ ജനിച്ച കുഞ്ഞുങ്ങളുടെ സെന്‍സറി സിസ്റ്റവും പൂര്‍ണമായി വികസിച്ചിട്ടുണ്ടാവില്ല. ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകള്‍ തെളിച്ചമുള്ള ലൈറ്റുകളും ഉച്ചത്തിലുള്ള ശബ്ദങ്ങളും പോലുള്ളവ കുറച്ച് എന്‍ഐസിയു പരിതസ്ഥിതിയുമായി സാമ്യമുള്ള ശാന്തതയും ഗര്‍ഭപാത്രത്തിന് സമാനമായ ക്രമീകരണവും സൃഷ്ടിച്ച് കുഞ്ഞുങ്ങളുടെ സെന്‍സറി റെഗുലേഷനെ സഹായിക്കുന്നു. എന്‍.ഐ.സി.യുവിലും വീട്ടിലും കുഞ്ഞിന് സുഖകരവും ഇന്ദ്രിയ വികാസം പ്രോത്സാഹിപ്പിക്കുന്നതുമായ മൃദുസ്പര്‍ശനം, സ്വാഡ്‌ലിംഗ്, ഉചിതമായ സ്റ്റിമുലേഷന്‍ എന്നിവ നല്‍കാന്‍ സഹായിക്കുന്നു.
മോട്ടോര്‍ വികസനം: മാസം തികയാത്ത ശിശുക്കള്‍ക്ക് മോട്ടോര്‍ കഴിവുകള്‍ വൈകാനുള്ള സാധ്യത കൂടുതലാണ്. ചലനം, എത്തിവലിയുക, പിടിക്കുക, തുടങ്ങി കുഞ്ഞിന്റെ മോട്ടോര്‍ കഴിവുകള്‍ ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ് വിലയിരുത്തുകയും പ്രായത്തിന് അനുയോജ്യമായ പ്രവര്‍ത്തനങ്ങളാല്‍ അവയെ പ്രോത്സാഹിപ്പിച്ച് വളര്‍ത്തിയെടുക്കുകയും ചെയ്യുന്നു.
രക്ഷിതാക്കളെ ബോധവത്കരിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്നു : കുഞ്ഞുങ്ങളെ പിടിക്കുക, സൂക്ഷിച്ച് കൈകാര്യം ചെയ്യുക, അവരുടെ വളര്‍ച്ചയ്ക്കും വികസനത്തിനുമുള്ള പ്രവര്‍ത്തനങ്ങള്‍ പരിശീലിപ്പിക്കുക എന്നിവയിലൂടെ മാതാപിതാക്കളെ ബോധവത്ക്കുന്നതിനൊപ്പം കുട്ടിയുടെ വളര്‍ച്ചയുടെ ഓരോ നാഴികകല്ലുകളും അവ ട്രാക്ക് ചെയ്യേണ്ടതിന്റെ പ്രാധാന്യം, കുഞ്ഞുങ്ങളുമായി ബന്ധം വളര്‍ത്തിയെടുക്കേണ്ടതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നിവയും ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ് നിര്‍വഹിക്കുന്നു. മാതാപിതാക്കളുടെ ആത്മവിശ്വാസം വളര്‍ത്തുന്നതിലൂടെ കുഞ്ഞുങ്ങളുടെ വളര്‍ച്ച ഫലപ്രദമാക്കുന്നതില്‍ ഒക്യുപേഷണല്‍ തെറാപ്പിസ്റ്റിന്റെ പങ്ക് വളരെ വലുതാണ്.
തയ്യാറാക്കിയത് : ബിയോണ റേച്ചല്‍, ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്, പ്രയത്‌ന- കൊച്ചി